---
title: "ചെറുവണ്ണൂര്‍ നാളെ പോളിങ്ങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ഇരുമുന്നണികളും "
english_title: "Cheruvannur to the polling booth tomorrow; Hopefully both fronts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100119/cheruvannur-to-the-polling-booth-tomorrow-hopefully-both-fronts"
published_at: "2023-02-27T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcd549bcf0e_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂര്‍ നാളെ പോളിങ്ങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ഇരുമുന്നണികളും 

> **Lead Summary:** **ചെറുവണ്ണൂര്‍: **വീറും വാശിയുമേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് നാളെ പോളിംഗ് ബൂത്തിലേക്ക്. കക്കറമുക്ക് വാര്‍ഡിലെ വിജയത്തെ ആശ്രയിച്ചാണ് പഞ്ചായത്ത് ഭരണം.

## Article Content

**ചെറുവണ്ണൂര്‍: **വീറും വാശിയുമേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് നാളെ പോളിംഗ് ബൂത്തിലേക്ക്. കക്കറമുക്ക് വാര്‍ഡിലെ വിജയത്തെ ആശ്രയിച്ചാണ് പഞ്ചായത്ത് ഭരണം.

പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും ഭരണം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും അരയും തലയും മുറുക്കി പരിശ്രമിക്കുകയാണ്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.സി ആസ്യയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി മുംതാസും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എം.കെ ശാലിനയും ഉള്‍പ്പെടെ ഏഴോളം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

2020 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയിരുന്നു. 15 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എട്ടും യുഡിഎഫ് ഏഴും വാര്‍ഡുകളിലാണ് വിജയിച്ചത്.

15-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിപിഐ പ്രതിനിധിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ.ടി. രാധയുടെ മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

രാധയുടെ മരണശേഷം ഇരു മുന്നണികള്‍ക്കും തുല്യ അംഗബലം ഉണ്ടാവുകയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്യുകയായിരുന്നു.

പിന്നീട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ യുഡിഎഫും തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫും കിണഞ്ഞുപരിശ്രമത്തിലാണ്.

യുഡിഎഫും എല്‍ഡിഎഫും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വാശിയേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

ഓരോ വോട്ടും വിലപ്പെട്ടതായതിനാല്‍ എല്ലാ മുന്നണികളും ദിവസങ്ങളായി നടത്തിയ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചതോടെയാണ് നാളെ പോളിങ്ങ് ബൂത്തിലേക്ക് കടക്കുന്നത്.

മുന്നണികളുടെ സമുന്നത നേതാക്കളെല്ലാം വാര്‍ഡില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100119/cheruvannur-to-the-polling-booth-tomorrow-hopefully-both-fronts)