---
title: "ചെറുവണ്ണൂരില്‍ വൈസ് പ്രസിഡന്റ്  സ്ഥാനമൊഴിഞ്ഞേക്കും"
english_title: "Vice President may step down in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101712/vice-president-may-step-down-in-cheruvannur"
published_at: "2023-03-07T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406c4ec27be2_1_c_p.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ വൈസ് പ്രസിഡന്റ്  സ്ഥാനമൊഴിഞ്ഞേക്കും

> **Lead Summary:** ** ചെറുവണ്ണൂര്‍ **: ഉപതെരഞ്ഞെടുപ്പ് നടന്ന് യുഡിഎഫ് അധികാരം നിലനിര്‍ത്തിയ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് രാജിവെച്ചേക്കും.

## Article Content

** ചെറുവണ്ണൂര്‍ **: ഉപതെരഞ്ഞെടുപ്പ് നടന്ന് യുഡിഎഫ് അധികാരം നിലനിര്‍ത്തിയ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് രാജിവെച്ചേക്കും.

വളരെ വാശിയേറിയ മത്സരത്തിലാണ് എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുന്നത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചതായിരുന്നു.

ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ 8 സീറ്റുകളില്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണം തുടര്‍ന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.ടി. രാധയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പിന് മുമ്പായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും 7 വോട്ടുകള്‍ ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധി എന്‍.ടി. ഷിജിത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി 28 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പി. മുംതാസ് വിജയിച്ചതോടെ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായി. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫില്‍ നിന്നും തിരിച്ച് പിടിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫില്‍ ശക്തമായി.

വൈസ് പ്രസിഡന്റായ സിപിഎമ്മിലെ പി.വി. പ്രവിത രാജിവെക്കാത്ത സാഹചര്യത്തില്‍ അവിശ്വാസം കൊണ്ടു വരാനുള്ള നീക്കത്തിലായിരുന്നു യുഡിഎഫ്.

ഇതിനിടെ രാജിവെക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ എല്‍ഡിഎഫ് എത്തുകയായിരുന്നു. ഇന്നോ നാളയോ വൈസ് പ്രസിഡന്റ് രാജി നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101712/vice-president-may-step-down-in-cheruvannur)