---
title: "ചെറുവണ്ണൂരില്‍ വൈസ് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും രാജിവെച്ചു "
english_title: "In Cheruvannur, the Vice President and Standing Committee Chairmen resigned"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101893/in-cheruvannur-the-vice-president-and-standing-committee-chairmen-resigned"
published_at: "2023-03-07T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640772e18d106_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ വൈസ് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും രാജിവെച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂരില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും രാജിവെച്ചു. ഉപതെരഞ്ഞടുപ്പോടെ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജി വെച്ചത്.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂരില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും രാജിവെച്ചു. ഉപതെരഞ്ഞടുപ്പോടെ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജി വെച്ചത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി. പ്രവിത, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ബിജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മോനിഷ എന്നിവരാണ് ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി എം. രാമചന്ദ്രന് രാജി സമര്‍പ്പിച്ചത്.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മൂവരും ഈ സ്ഥാനങ്ങളില്‍ എത്തിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇ.ടി. രാധയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തതോടെയാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫിന് മുന്‍തൂക്കം ലഭിക്കുന്നത്.

ഫെബ്രുവരി 28 നാണ് 15-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 1 ന് ഫലം പുറത്ത് വരുകയും 3 ന് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. മുംതാസ് ഗ്രാമ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

വൈസ് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്നു യുഡിഎഫ്. അതിനിടെയാണ് ഇന്ന് വൈസ് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും സ്വമേധയാ സ്ഥാനമൊഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101893/in-cheruvannur-the-vice-president-and-standing-committee-chairmen-resigned)