---
title: "താത്കാലിക അധ്യാപികക്ക് ദിവസവേതനം ഒരു മാസത്തിനുള്ളില്‍ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍ "
english_title: "Allowance of daily wage to temporary teacher within one month: Human Rights Commission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102245/allowance-of-daily-wage-to-temporary-teacher-within-one-month-human-rights-commission"
published_at: "2023-03-09T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a020232e65_OBIT_CARD_JPG.JPG"
keywords: []
---

# താത്കാലിക അധ്യാപികക്ക് ദിവസവേതനം ഒരു മാസത്തിനുള്ളില്‍ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍ 

> **Lead Summary:**  പേരാമ്പ്ര: കൂത്താളി എ.യു.പി. സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതയായ അധ്യാപികക്ക് നല്‍കാനുള്ള കുടിശ്ശിക ശമ്പളം ഒരു മാസത്തിനുള്ളില്‍ അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

## Article Content

 പേരാമ്പ്ര: കൂത്താളി എ.യു.പി. സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതയായ അധ്യാപികക്ക് നല്‍കാനുള്ള കുടിശ്ശിക ശമ്പളം ഒരു മാസത്തിനുള്ളില്‍ അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

നടപടി സ്വീകരിച്ച ശേഷം ഹെഡ്മിസ്ട്രസും സ്‌കൂള്‍ മാനേജരും കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കാരണമാണ് പരാതിക്കാരിക്ക് യഥാസമയം വേതനം ലഭിക്കാതെ പോയതിന് കാരണമെന്നും ഉത്തരവില്‍ പറഞ്ഞു. വടകര കുരിക്കിലാട് വലിയ നാഗപ്പള്ളി വീട്ടില്‍ എസ്. അനുപ്രിയ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കികൊണ്ടാണ് ഉത്തരവ്.

കെ.പി. കൃഷ്ണകല എന്ന അധ്യാപിക അവധിയില്‍ പ്രവേശിച്ചപ്പോഴാണ് പരാതിക്കാരിയെ നിയമിച്ചത്. 2017 നവംബര്‍ 14 മുതല്‍ 2018 മാര്‍ച്ച് 27 വരെയാണ് ഇവര്‍ ജോലി ചെയ്തത്. 134 ദിവസം ജോലി ചെയ്‌തെങ്കിലും 37 ദിവസത്തെ ദിവസ വേതനം മാത്രമാണ് ലഭിച്ചത്.

120 ദിവസത്തെ ശൂന്യവേതനാവധി മാത്രമേ പ്രധാനാധ്യാപകന് അനുവദിക്കാന്‍ കഴിയുകയുള്ളുവെന്ന് പേരാമ്പ്ര വിദ്യാഭ്യാസ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ഇക്കാരണത്താലാണ് പരാതിക്കാരിയുടെ നിയമനം നിരസിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമനാധികാരിയായ സ്‌കൂള്‍ മാനേജര്‍ നിയമനാംഗീകാര പ്രൊപ്പോസല്‍ സമര്‍പ്പിക്കാതെ പരാതിക്കാരിയുടെ നിയമനാംഗീകാരം പരിഗണിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102245/allowance-of-daily-wage-to-temporary-teacher-within-one-month-human-rights-commission)