---
title: "പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം"
english_title: "Poilkao Durga Devi Temple Thalapoli Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102303/poilkao-durga-devi-temple-thalapoli-mahotsavam"
published_at: "2023-03-10T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640acc0953c0e_1_tpm.jpg"
keywords: []
---

# പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം

> **Lead Summary:** ** കൊയിലാണ്ടി:** പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം മാര്‍ച്ച് 14ന് കൊടിയേറി 19 ന് സമാപിക്കും.

## Article Content

** കൊയിലാണ്ടി:** പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം മാര്‍ച്ച് 14ന് കൊടിയേറി 19 ന് സമാപിക്കും.

20-ന് വൈകീട്ട് നടക്കുന്ന ഗുരുതിയോടെ അനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണമാകും. ആചാരനുഷ്ഠാനങ്ങള്‍ക്ക് പുറമേ വിശേഷാല്‍ കലാ- സാംസ്‌കാരിക പരിപാടികള്‍ കൂടി ഇത്തവണത്തെ താലപ്പൊലി മഹോത്സവത്തിന്റെ സവിശേഷതയാണന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് 14ന് കൊടിയേറുന്ന താലപ്പൊലി മഹോത്സവത്തിന്റെ ആദ്യദിന വിശേഷാല്‍ പരിപാടി കഥകളിയാണ്. ചേലിയ കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന സീതാസ്വയംവരം കഥയില്‍ പരശുരാമനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ വേഷമിടും.

മാര്‍ച്ച് 15ന് സാംസ് കാരിക സമ്മേളനം പ്രസിദ്ധ സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 60 ഓളം പ്രാദേശിക കലാകാരികള്‍ ഗര്‍ബ നൃത്തം അവതരിപ്പിക്കും.

തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം എന്ന സാമൂഹ്യ നാടകവും രാത്രി അവതരിപ്പിക്കുന്നു. മാര്‍ച്ച് 16ന് സിംഫണി ഓര്‍ക്കസ്ട്ര കൊച്ചിന്‍ ഒരുക്കുന്ന നൃത്ത സംഗീത നിശ.

മാര്‍ച്ച് 17ന് ചെറിയ വിളക്ക് ദിവസം പ്രശസ്ത ചിത്രകാരന്‍മാര്‍ മഹോത്സവം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന വര്‍ണ്ണാച്ചന എന്ന ചിത്രരചന ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യും. രാത്രി വടക്കന്‍സ് കണ്ണൂര്‍ അവതരിപ്പിക്കുന്ന മാമാങ്കം നാടന്‍പാട്ടുപുര.

മാര്‍ച്ച് 18 ന് വലിയ വിളക്ക് ദിവസം രാവിലെ 10 മണി മുതല്‍ 'കാവ്‌സംരക്ഷണവും പരിസ്ഥിതിയും ' സെമിനാര്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ കാനത്തില്‍ ജമീല അധ്യക്ഷയായിരിക്കും. ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും ഈ പരിപാടിയില്‍ പങ്കെടുക്കും.

മാര്‍ച്ച് 19ന് താലപ്പൊലി. രാവിലെ സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, വനമധ്യത്തില്‍ പാണ്ടിമേളം, വൈകിട്ടുള്ള ആഘോഷ വരവുകള്‍, ആലിന്‍ കീഴ്‌മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ , വെടിക്കെട്ടുകള്‍ പുലര്‍ച്ചെ നടക്കുന്ന രുധിര കോലം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഗജവീരന്‍ ചിറക്കല്‍ കാളിദാസന് സ്വീകരണം, ആനച്ചമയ പ്രദര്‍ശനം, ആനയൂട്ട് , കുടമാറ്റം എന്നിവയും ഉത്സവത്തോടനുബന്ധിച്ച് നടക്കും.

വിവിധ ദിവസങ്ങളിലായി കലാമണ്ഡലം ഹരിഘോഷ്, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, അനുഗ്രഹ് സുധാകര്‍ ,വൈശാഖ് സുധാകര്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ തായമ്പക അവതരിപ്പിക്കുന്നു.

ഈ വര്‍ഷത്തെ മേളത്തിന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, തൃക്കുറ്റിശ്ശേരി ശിവശങ്കരന്മാര്‍, കലാമണലം ശിവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പത്രസമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഡ്വ. രഞ്ജിത്ത് ശ്രീധര്‍, സി.വി ബാലകൃഷ്ണന്‍, ഡോ. ഒ. വാസവന്‍, ദേവാനന്ദ്, ശശി കോതേരി, യു.വി. മനോജ്, ടി.ഒ. ശശിധരന്‍, വി.പി. ശിവദാസന്‍, സി.വി. അഖില്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102303/poilkao-durga-devi-temple-thalapoli-mahotsavam)