---
title: "അരിക്കുളത്ത് സത്യാഗ്രഹവേദിയിലേക്ക് വന്‍ പോലീസ് സംഘം ഇരച്ചുകയറി അറസ്റ്റ് "
english_title: "A large police team stormed the Satyagraha Vedi in Arikulam and made an arrest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102404/a-large-police-team-stormed-the-satyagraha-vedi-in-arikulam-and-made-an-arrest"
published_at: "2023-03-10T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b49def0f38_OBIT_CARD_JPG.JPG"
keywords: []
---

# അരിക്കുളത്ത് സത്യാഗ്രഹവേദിയിലേക്ക് വന്‍ പോലീസ് സംഘം ഇരച്ചുകയറി അറസ്റ്റ് 

> **Lead Summary:** **കൊയിലാണ്ടി: **നാല് വര്‍ഷമായി അരിക്കുളത്ത് നടന്നുവരുന്ന പൊതു ഇട സംരക്ഷണ സത്യാഗ്രഹവേദിയിലേക്ക് വന്‍ പോലീസ് സംഘം ഇരച്ചുകയറി.

## Article Content

**കൊയിലാണ്ടി: **നാല് വര്‍ഷമായി അരിക്കുളത്ത് നടന്നുവരുന്ന പൊതു ഇട സംരക്ഷണ സത്യാഗ്രഹവേദിയിലേക്ക് വന്‍ പോലീസ് സംഘം ഇരച്ചുകയറി.

സത്യാഗ്രഹികളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലെത്തിച്ചു. 200 ലധികം പേരാണ് അപ്പോള്‍ സമരത്തിലുണ്ടായിരുന്നത്. സമര വളണ്ടിയര്‍മാരില്‍ 80 വയസ്സിലധികം പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു.

എല്ലാവരേയും പോലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുബാഷ്ബാബു, പ്രിന്‍സിപ്പല്‍ എസ് ഐ അനീഷ്, അഡീഷണല്‍ എസ്‌ഐ ശൈലേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാരുള്‍പ്പെടെയുള്ള സംഘമാണ് അതിരാവിലെ തന്നെ സമര കേന്ദ്രം വളഞ്ഞ് സത്യാഗ്രഹികളെ അറസ്റ്റ് ചെയ്തത്.

തഹസില്‍ദാര്‍ മണിയുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യേഗസ്ഥ സംഘവും പഞ്ചായത്ത് സെക്രട്ടറി സുനില കുമാരിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

സത്യാഗ്രഹികളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് അവിടെ മാലിന്യ സംസ്‌കരണ കേന്ദ്രനിര്‍മ്മാണം ആരംഭിക്കാന്‍ ജെസിബിയുമായി പഞ്ചായത് അധികൃതരും കരാറുകാരും എത്തി.

നാല്‍പ്പതോളം പേര്‍ ജെസിബിക്ക് മുമ്പില്‍ വീണ്ടും കുത്തിയിരിപ്പ് സമരം നടത്തിയെങ്കിലും അവരേയും പോലീസ് അറസ്റ്റു ചെയ്ത് മാറ്റി പ്രവൃത്തി ആരംഭിച്ചു. എസ് സതീദേവി, വി ബീന, എ.ടി ബിജിന, സി രാഘവന്‍, സി രാമചന്ദ്രന്‍, പി.കെ അന്‍സാരി, ടി.എം പ്രതാപചന്ദ്രന്‍, എം സുകുമാരന്‍, പ്രസാദ് ഇടപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ സത്യാഗ്രഹം.

ഇവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.അരിക്കുളത്തുകാര്‍ വര്‍ഷങ്ങളായി കലാകായിക സാംസ്‌കാരിക പരിപാടികള്‍ക്കും കൂടിച്ചേരലുകള്‍ക്കും ഉപയോഗിക്കുന്ന പൊതു ഇടം മാലിന്യസംഭരണ കേന്ദ്രമാക്കുന്നതിനെതിരെയുള്ള സമരം നാല് വര്‍ഷം പിന്നിട്ടിരിക്കുന്നു.

ജനനിബിഡമായ, പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുള്ള കനാല്‍ പുറമ്പോക്കിലെ ഈ ഭൂമി മാലിന്യസംഭരണ കേന്ദ്രമാക്കുന്നതിനെ ജനങ്ങള്‍ ശക്തമായി എതിര്‍ത്തുവരികയാണ്.

ഗ്രാമസഭ വിളിച്ചു ചേര്‍ത്തപ്പോള്‍ പങ്കെടുത്ത 118 പേരില്‍ 117 പേരും പൊതു ഇടം ഇല്ലാതാക്കി പദ്ധതി വരുന്നതിനെ എതിര്‍ത്തിരുന്നു. അരിക്കുളം പഞ്ചായത്തില്‍ സ്ഥിരം മാലിന്യസംഭരണ കേന്ദ്രമുണ്ട് എന്ന് കോഴിക്കോട് പഞ്ചായത്ത് ഡയരക്ടറാഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ പ്രകാരം വ്യക്തമാകുന്നുണ്ടെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

ജലസേചന വകുപ്പ് അഞ്ച് സെന്റ് സ്ഥലം, ചോദിക്കുമ്പോള്‍ തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പഞ്ചായത്തിന് താല്‍ക്കാലികമായി വിട്ടുകൊടുത്തതാണ്.

ഇവിടെയാണ് ഇപ്പോള്‍ പുതിയ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിക്കുന്നത്. കളിക്കളം നഷ്ടപ്പെടുത്തി മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിന് പകരം അനുയോജ്യമായ സ്ഥലത്ത് കേന്ദ്രം സ്ഥാപിക്കുന്നതിനായി പത്ത് സെന്റ് സ്ഥലം കര്‍മ സമിതി വിലയ്ക്കു വാങ്ങി പഞ്ചായത്തിന് കൈമാറാമെന്ന് ആര്‍ഡിഒ മുമ്പാകെ നിര്‍ദ്ദേശം വെച്ചെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് തന്റെ ദുര്‍വാശി നിമിത്തം അത് തള്ളിക്കളയുകയാണുണ്ടായതെന്നും, ഒരു നാട് കക്ഷി രാഷ്ട്രീയ ഭേദമന്യേ സമര രംഗത്ത് ഉറച്ച് നിന്നപ്പോള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ നടപടി അപലനീയമാണെന്നും ജനകീയ കര്‍മ സമിതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102404/a-large-police-team-stormed-the-satyagraha-vedi-in-arikulam-and-made-an-arrest)