---
title: "നിര്‍ധന കുടുംബത്തിന്റെ വീടുപണി പാതിവഴിയില്‍; ധനസമാഹരണം നടത്തിയിട്ട് വീടുപണി പൂര്‍ത്തിയാക്കിയില്ലെന്ന് പരാതി"
english_title: "Homework of a poor family is halfway done; Complaint that house work was not completed after fundraising"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103090/homework-of-a-poor-family-is-halfway-done-complaint-that-house-work-was-not-completed-after-fundraising"
published_at: "2023-03-14T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410b03d243f8_1_veed.jpg"
keywords: []
---

# നിര്‍ധന കുടുംബത്തിന്റെ വീടുപണി പാതിവഴിയില്‍; ധനസമാഹരണം നടത്തിയിട്ട് വീടുപണി പൂര്‍ത്തിയാക്കിയില്ലെന്ന് പരാതി

> **Lead Summary:** **പേരാമ്പ്ര :** നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തിയിട്ട് വീടുപണി പൂര്‍ത്തിയാക്കിയില്ലെന്ന് പരാതി.

## Article Content

**പേരാമ്പ്ര :** നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തിയിട്ട് വീടുപണി പൂര്‍ത്തിയാക്കിയില്ലെന്ന് പരാതി.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ തുണ്ടി കറ്റയാട്ട് കെ.എം. ശ്രീജയും ഭര്‍ത്താവ് ഇ.കെ. സന്തോഷുമാണ് തങ്ങളുടെ ദുരവസ്ഥ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

നിത്യ രോഗിയായ സന്തോഷും ഭാര്യയും ഏകമകളുമടങ്ങുന്ന കുടുംബം വീടില്ലാതെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ കൂരക്കുള്ളില്‍ കഴിയുന്ന വാര്‍ത്ത 2020 ല്‍ ഏഷ്യാനെറ്റാണ് പുറത്ത് കൊണ്ടു വന്നത്. ആമാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2009 മുതല്‍ സന്തോഷ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 ശസ്ത്രക്രിയ്യക്ക് വിധേയനാക്കാൻ പോലും കഴിയാത്ത അവസ്ഥയിലുളള സന്തോഷിന് ജോലിക്ക് പോവാന്‍ പോലും കഴിയില്ല. ഭാര്യ തൊഴിലുറപ്പിനും മറ്റ് വീടുകളില്‍ ജോലിക്കും പോയാണ് നിത്യവൃത്തി കഴിക്കുന്നത്.

ഇവരുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞതോടെ സന്നദ്ധസംഘടനകള്‍ സഹായ ഹസ്തവുമായി മുന്നോട്ട് വന്നിരുന്നു. ഇതിനിടയില്‍ പ്രദേശത്തെ ഒരു ജനകീയ കമ്മിറ്റി വീടു നിര്‍മ്മിച്ച് നല്‍കാമെന്ന് ഏല്ക്കുകയും വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്തംഗം അര്‍ജ്ജുന്‍ കറ്റയാട്ടിന്റെ നേതൃത്വത്തില്‍ റിയാസ് അഹമ്മദ് ചെയര്‍മാനും ചിത്രരാജന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്തത്. 2021 ല്‍ ആരംഭിച്ച വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയായില്ലെന്നും ജനങ്ങളില്‍ നിന്നും മകള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്നും നിര്‍മ്മാണ കമ്മിറ്റി ഭീമമായ തുക പരിച്ചെടുത്തതായും ഇവര്‍ ആരോപിച്ചു.

വീടിന്റെ മെയിന്‍ വാര്‍പ്പിന് പലകയടിച്ച് കമ്പികെട്ടിയിട്ടിട്ട് 3 മാസമായെന്നും കുത്തും പലകയും കമ്പിയും നശിച്ചതായും ഇവര്‍ ആരോപിച്ചു. ആദ്യകാലത്ത് പണിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന റിയാസ് ഇതില്‍ നിന്ന് പിന്നീട് വിട്ടുനിന്നതായും പിന്നീട് അര്‍ജ്ജുന്‍ കറ്റയാട്ടും ചിത്രരാജനും ചേര്‍ന്നാണ് പണിയുടെ തുടര്‍ കാര്യങ്ങള്‍ നോക്കിയത്.

ഇതിനിടയില്‍ ഈ കുടുംബം താമസിക്കുന്ന ഷെഡ് കത്തി നശിക്കുകയും ചെയ്തു. ഇവരെ തല്‍ക്കാലത്തേക്ക് ഒരു വാടക വീട്ടിലേക്ക് മാറ്റി.

കത്തിയ വീടിന് പകരം പ്രദേശത്തെ സിപിഐ (എം) പ്രവര്‍ത്തകര്‍ ഇവിടെ മറ്റൊരു ഷെഡ് നിര്‍മ്മിച്ച് നല്‍കി. സിപിഐ (എം) പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് താമസിക്കാന്‍ ഷെഡ് നിര്‍മ്മിച്ച് നല്‍കിയതിനാലാണ് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കമ്മിറ്റി നിര്‍ത്തിവെച്ചതെന്ന് ഇവര്‍ ആരോപിച്ചു.

ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് വാങ്ങിയ കമ്പിയും സിമന്റും മെറ്റലും പറമ്പില്‍ കിടന്ന് നശിക്കുകയാണെന്നും, പിരിവെടുത്തതിന്റെ യാതൊരു വിധ കണക്കോ തങ്ങളെ അറിയച്ചിട്ടില്ലെന്നും എത്രയും പെട്ടന്ന് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പത്താം ക്ലാസില്‍ പഠിക്കുന്ന മകളെയും കൊണ്ട് ഷെഡില്‍ കഴിയുക പ്രയാസമാണെന്നും നിര്‍മ്മാണ കമ്മിറ്റി പണി പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ മറ്റാരെയെങ്കിലും പ്രവര്‍ത്തി ഏല്പിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സന്തോഷിന്റെ അച്ഛന്‍ രവീന്ദ്രനും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103090/homework-of-a-poor-family-is-halfway-done-complaint-that-house-work-was-not-completed-after-fundraising)