---
title: "ചെറുവണ്ണൂരില്‍ പാടത്ത് ഡ്രോണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചു "
english_title: "A drone exhibition was organized in the field at Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103562/a-drone-exhibition-was-organized-in-the-field-at-cheruvannur"
published_at: "2023-03-17T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414349213297_1_dronn.jpg"
keywords: []
---

# ചെറുവണ്ണൂരില്‍ പാടത്ത് ഡ്രോണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍**: ചെറുവണ്ണൂരില്‍ പാടത്ത് ഡ്രോണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.

## Article Content

** ചെറുവണ്ണൂര്‍**: ചെറുവണ്ണൂരില്‍ പാടത്ത് ഡ്രോണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.

പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കുന്നതിന്റെ പ്രദര്‍ശനം മുയിപ്പോത്ത് കരുവോട് ചിറയില്‍പ്പെട്ട മണ്ണാറത്ത് താഴത്ത് പാടശേഖരത്തില്‍ നടത്തി.

പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി  ഷിജിത്ത് നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ കെ.എ ഷബീര്‍ അമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി.

സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. പ്രകാശ് മാത്യു ഡ്രോണ്‍ സാധ്യതകള്‍ വിവരിച്ചു. ഡോ. മുഹമ്മദ് അസറുദ്ദീന്‍ ഫാം സൂപ്രണ്ട് സുജീഷ്, ഡോ. പവന്‍, ഗരുഡാ എയ്‌റോസ്‌പേസിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍, കൃഷി അസിസ്റ്റന്റ് പ്രിയങ്ക രാജിവ്, സമിതി ഭാരവാഹികള്‍ നെല്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ പല സ്ഥലത്തും ഇത്തരം പരീക്ഷണം വിജയമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ചെറുവണ്ണൂരും ഡ്രോണ്‍ ഉപയോഗിക്കാന്‍ കൃഷി വിജ്ഞാന കേന്ദ്രം തീരുമാനിക്കുന്നത്.

കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.എ.യു സമ്പൂര്‍ണ്ണ മള്‍ട്ടിമിക്സ് എന്ന സൂക്ഷ്മ വളക്കൂട്ട് ആയ പോഷകമിശ്രിതമാണ് ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചത്. സൂഷ്മ മൂലകങ്ങള്‍ ഇലയില്‍ കൂടി നല്‍കുന്ന രീതിയാണ് വളപ്രയോഗം.

ഒരു തൊഴിലാളി ഒരു ഏക്കറില്‍ വളം ഇടാന്‍ മണിക്കൂറുകള്‍ എടുക്കും. എന്നാല്‍ ഡ്രോണ്‍ ഉപയോഗിച്ച് ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് വളപ്രയോഗം സാധിക്കും. കൃത്യമായി എല്ലാ ഇലകളിലും വീഴുകയും ചെയ്യും.

സാധാരണ തൊഴിലാളി അഞ്ചുദിവസം കൊണ്ടുചെയ്യുന്ന ജോലി ഡ്രോണ്‍ ഉപയോഗിച്ച് ഒറ്റദിവസം കൊണ്ട് തീരും. ഒരേ നിരപ്പിന് ഇട്ടുപോകുന്നതിനാല്‍ ഇലകളില്‍ കൃത്യമായി വളം വീഴുകയും ചെയ്യും.

സുരക്ഷിതമായും, ആയാസരഹിതമായും ഫലപ്രദമായും വളപ്രയോഗം നടത്താന്‍ ഇതിലൂടെ കഴിയും. ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയാല്‍ കൃത്യമായി എല്ലാ നെല്‍ചെടികള്‍ക്കും വളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കും.

നെല്‍ച്ചെടികള്‍ക്കിടയിലൂടെ കര്‍ഷകര്‍ നടക്കാതെ ഏറെ അകലെ നിന്ന് ഒരേ അളവില്‍ എല്ലായിടത്തും മരുന്ന് തളിക്കാം. ഇതോടൊപ്പം തൊഴില്‍ ദിനങ്ങളും സമയവും സാമ്പത്തിക ലാഭവും ഈ രീതിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103562/a-drone-exhibition-was-organized-in-the-field-at-cheruvannur)