---
title: "ഗ്രാമീണതയുടെ മനോഹാരിത ഒപ്പിയെടുത്ത് വരുന്നു നെല്ല്യാടി ടൂറിസം "
english_title: "Nellyadi tourism captures the beauty of the countryside"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103618/nellyadi-tourism-captures-the-beauty-of-the-countryside"
published_at: "2023-03-17T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64147d70b2be1_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഗ്രാമീണതയുടെ മനോഹാരിത ഒപ്പിയെടുത്ത് വരുന്നു നെല്ല്യാടി ടൂറിസം 

> **Lead Summary:** ** കൊയിലാണ്ടി:** ഗ്രാമീണ ഉത്തരവാദിത്ത ടൂറിസം സാദ്ധ്യതകള്‍ കേരളമെമ്പാടും വികസിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നെല്യാടിപ്പുഴയും അതിന്റെ ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്‌കാരവും സഞ്ചാരികള്‍ക്കു അനുഭവവേദ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ടൂറിസം പദ്ധതിയാണ് കൊയിലാണ്ടി നഗരസഭയിലെ നെല്യാടി കേന്ദ്രമാക്കി നടത്തുവാന്‍ പോകുന്ന കോഴിക്കോട് ലെഷര്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്.

## Article Content

** കൊയിലാണ്ടി:** ഗ്രാമീണ ഉത്തരവാദിത്ത ടൂറിസം സാദ്ധ്യതകള്‍ കേരളമെമ്പാടും വികസിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നെല്യാടിപ്പുഴയും അതിന്റെ ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്‌കാരവും സഞ്ചാരികള്‍ക്കു അനുഭവവേദ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ടൂറിസം പദ്ധതിയാണ് കൊയിലാണ്ടി നഗരസഭയിലെ നെല്യാടി കേന്ദ്രമാക്കി നടത്തുവാന്‍ പോകുന്ന കോഴിക്കോട് ലെഷര്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്.

മാര്‍ച്ച് 19 ഞായറാഴ്ച രാവിലെ 9.30നു കാനത്തില്‍ ജമീല എംഎല്‍എ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു നാടിനു സമര്‍പ്പിക്കും. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയും മുന്‍ എംഎല്‍എ കെ ദാസന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും പ്രദേശവാസികളും പങ്കെടുക്കുന്ന പരിപാടി ഒരു ഗ്രാമത്തിന്റെ ഉത്സവമാകാന്‍ പോകുകയാണ്. വിവിധ ജലവിനോദ പരിപാടികള്‍ ഈ കേന്ദ്രത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.

ഇവിടെ പ്രധാനമായും നെല്യാടിപ്പുഴയിലൂടെ ഷിക്കാര വഞ്ചിയിലൂടെ നടത്തുന്ന ഉല്ലാസ യാത്രയും, പുഴയുടെ ഇരുകരകളിലുമുള്ള ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകളും ദേശാടനപ്പക്ഷികളുടെയും നീര്‍നായകളുടെയും ആവാസ കേന്ദ്രങ്ങളും കൂടാതെ, ഒരു നിശ്ചല ദര്‍ശിക്കാന്‍ കഴിയുന്നതും അനുഭൂതിദായകമാണ്.

ജലാശയം എന്ന് തോന്നുമാറ് പരന്നുകിടക്കുന്ന അകലാപ്പുഴയിലൂടെ സ്പീഡ് ബോട്ടിലൂടെയുള്ള സാഹസിക യാത്ര (അഡ്വഞ്ചര്‍ ടൂറിസം) യുവാക്കള്‍ക്ക് ഹരം പകരുന്ന ജലവിനോദ പരിപാടിയാണ്.

ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പെഡല്‍ ബോട്ടിങ്, അതിനും പുറമെ, സെയിലിംഗ്, കയാക്കിങ്, കയാക്കിങ് പരിശീലനം, ആംഫി തിയേറ്റര്‍, മാജിക് ഷോ, കളരിപ്പയറ്റ്, പുഴയോര റെസ്റ്റോറന്റ്, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, ജൈവവൈവിധ്യ വനങ്ങള്‍ സന്ദര്‍ശിക്കല്‍, പരമ്പരാഗത കൈത്തൊഴിലുകളായ മണ്‍പാത്ര നിര്‍മാണം, പായനെയ്ത്തു, ഓലമെടയല്‍, കള്ളുചെത്തു.

ചൂണ്ടയിടല്‍, കയര്‍പിരിത്തം, തുണിനെയ്ത്തു കൊയിലാണ്ടിയെ ലോകപ്രശസ്തമാക്കിയ നിര്‍മാണം, തുടങ്ങിയവ പരിചയപ്പെടുത്തല്‍, വിവാഹപൂര്‍വ വിവാഹാനന്തര ഫോട്ടോ ഷൂട്ട്, ജന്മദിന പര്‍ട്ടികള്‍, കുടുംബസംഗമ പാര്‍ട്ടികള്‍ തുടങ്ങി ആസ്വാദ്യകരമായ ഒത്തുചേരലുകള്‍ക്കും സൗകര്യം.

രുചികരമായ നാടന്‍ വിഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനുള്ള അവസരം ഒക്കെ ഈ കേന്ദ്രത്തിന്റെ ആകര്‍ഷണങ്ങളാണ്. സാമൂഹിക ജീവിതത്തില്‍ സാമൂഹിക കോവിഡാനന്തര ഒത്തുചേരലുകള്‍ക്കും വിനോദ ഉല്ലാസ കൂട്ടായ്മകള്‍ക്കും അടുത്തകാലത്ത് മുന്‍തൂക്കം കണ്ടുവരുന്നു.

ചെറുസംഘങ്ങള്‍ എല്ലാ ജീവിതവ്യഥകളും മറന്നു പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനും ഉദ്യാനങ്ങളും പുഴയോരങ്ങളും തെരഞ്ഞെടുക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒരു ഉദ്യാനമാണ് കോഴിക്കോട് ലെഷര്‍ ടൂറിസം കൊടക്കാട്ടുമുറി-നെല്യാടിയില്‍ ഒരുക്കിയിരിക്കുന്നത്.

സന്ദര്‍ശകര്‍ക്കായി പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദവും നാടിന്റെ ഗ്രാമീണതക്കു അനുയോജ്യവുമായ ടൂറിസം പദ്ധതിയാണ് ഈ കേന്ദ്രം വിഭാവനം ചെയ്യുന്നത്.

കേന്ദ്രത്തില്‍ ഉണ്ടാവുന്ന മാലിന്യങ്ങള്‍ തരം തിരിച്ചു സംസ്‌കരിക്കാനുള്ള കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ള നെല്യാടി ഉത്തരവാദിത്ത ടൂറിസം സൊസൈറ്റിയില്‍ അംഗത്വമുള്ള ഒരു യൂണിറ്റും കൂടിയാണ് ഇത്.

കൊയിലാണ്ടി നഗരസഭക്ക് ഒരു തിലകച്ചാര്‍ത്താവുകയാണ് നെല്യാടി ടൂറിസം. നിരവധി സാധാരണ ഗ്രാമീണ ജനങ്ങള്‍ക്ക് സ്വയം തൊഴിലും അനുബന്ധ തൊഴിലും വരുമാനവും കൈവരിക്കാന്‍ സാധിക്കുന്ന ഒരു പദ്ധതിയാണ് ഇത്.

അതുവഴി ജനങ്ങളില്‍ സ്വാശ്രയത്വവും സ്വാഭിമാനവും സാംസ്‌കാരിക ഉന്നതിയും സന്തോഷവും പ്രദാനം ചെയ്യുന്ന വിവിധോദ്ദേശ്യ പദ്ധതിയായി സമീപ ഭാവിയില്‍ ഈ ഗ്രാമത്തിനു മുതല്‍ക്കൂട്ടായി മാറും.

അതോടൊപ്പം ഈ സംരംഭം മൂലം പ്രദേശത്തിനുണ്ടാകുന്ന സന്തോഷ സൂചിക (Happiness Index) കൂടാനിടയാകും എന്നതാണ് വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103618/nellyadi-tourism-captures-the-beauty-of-the-countryside)