---
title: "71 വയസ്സുകാരിയുടെ കരള്‍ ദാനം ചെയ്തു; കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ അപൂര്‍വ്വ നേട്ടം "
english_title: "71-year-old woman's liver donated; A rare achievement in the history of organ donation in Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103625/71-year-old-womans-liver-donated-a-rare-achievement-in-the-history-of-organ-donation-in-kerala"
published_at: "2023-03-17T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64148b4b3f68d_OBIT_CARD_JPG.JPG"
keywords: []
---

# 71 വയസ്സുകാരിയുടെ കരള്‍ ദാനം ചെയ്തു; കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ അപൂര്‍വ്വ നേട്ടം 

> **Lead Summary:** **കോഴിക്കോട് : **മസ്തിഷ്‌ക മരണം സംഭവിച്ച 71 വയസ്സുകാരിയുടെ കരള്‍ ദാനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് 71 വയസ്സുകാരിയും കോഴിക്കോട് ചെലവൂര്‍ സ്വദേശിനുയമായ സമീന്ദ്രദേവിക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

## Article Content

**കോഴിക്കോട് : **മസ്തിഷ്‌ക മരണം സംഭവിച്ച 71 വയസ്സുകാരിയുടെ കരള്‍ ദാനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് 71 വയസ്സുകാരിയും കോഴിക്കോട് ചെലവൂര്‍ സ്വദേശിനുയമായ സമീന്ദ്രദേവിക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അവയവ ദാനത്തിന്റെ സാധ്യതയെ കുറിച്ച് ബന്ധുക്കളുമായി സംസാരിക്കുകയും അവര്‍ സമ്മതം അറിയിക്കുകയുമായിരുന്നു.

കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ് കരള്‍ മാറ്റിവെച്ചത്. കണ്ണുകള്‍ മെഡിക്കല്‍ കോളേജിലെ രോഗിക്ക് തന്നെ നല്‍കി.

പ്രഭാത നടത്തത്തിനിറങ്ങിയ സരീന്ദ്രദേവി ഇലക്ട്രിക് ലൈനില്‍ തീ കണ്ട് പെട്ടെന്ന് പുറകിലേക്ക് മാറിയതായിരുന്നു എന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. പുറകിലേക്ക് മാറിയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുകയും തലയുടെ പുറക് വശമടിച്ച് നിലത്ത് വീഴുകയുമായിരുന്നു.

നേരത്തെ ഹൃദയ ശസ്ത്രക്രിയ ചെയ്തതിനാല്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നു. ഇത് മൂലം തലച്ചോറില്‍ അനിന്ത്രിതമായ രക്തപ്രവാഹം സംഭവിക്കുകയും മസ്തിഷ്‌ക മരണത്തിലേക്ക് നയിക്കുകയും ചെയ്തതാണെന്ന് മകന്‍ സിജിത്ത് പറഞ്ഞു.

ശരത്ത് (ഖത്തര്‍), സിജിത്ത് (ആപ്കോ ഹ്യുണ്ടായ്), സംജിത്ത് (ക്ലബ്ബ് എഫ് എം) എന്നിവര്‍ മക്കളാണ്. മസ്തിഷ്‌ക മരണം സംഭവിച്ച പ്രായമായവരുടെ അവയവങ്ങളും സ്വീകരിക്കാന്‍ സാധിക്കും എന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു.

മരണാനന്തര അവയവദാനത്തില്‍ പൊതുവെ കുറവ് സംഭവിക്കുന്ന സാഹചര്യത്തില്‍ ഈ ഉദ്യമം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് ആസ്റ്റര്‍ മിംസ് റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ് എം, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, ഡോ. കിഷോര്‍, തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ട്രാന്‍സ്പ്ലാന്റ് മാനേജര്‍ ആന്‍ഫി മിജോ കോഡിനേഷന്‍ നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103625/71-year-old-womans-liver-donated-a-rare-achievement-in-the-history-of-organ-donation-in-kerala)