---
title: "റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നിവേദനവുമായി വ്യാപാരികള്‍ "
english_title: "Traders petitioned to make the road passable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103791/traders-petitioned-to-make-the-road-passable"
published_at: "2023-03-18T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415c78a083ef_OBIT_CARD_JPG.JPG"
keywords: []
---

# റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നിവേദനവുമായി വ്യാപാരികള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോവുന്ന റോഡില്‍ മഴക്കാലമായാല്‍ മലിനജലമൊഴുക്കും വേനല്‍ തുടങ്ങിയാല്‍ പൊടിശല്യവുമാണ്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോവുന്ന റോഡില്‍ മഴക്കാലമായാല്‍ മലിനജലമൊഴുക്കും വേനല്‍ തുടങ്ങിയാല്‍ പൊടിശല്യവുമാണ്.

വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ടാറിങ്ങും ഇളകി നശിച്ചു. ഇതോടെ സമീപത്തെ വ്യാപാരികള്‍ ദുരിതത്തിലുമായി. കൂടാതെ പുറമെ നിന്നുമെത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോയിട്ട് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നതായി വ്യാപാരികള്‍ പരാതിപ്പെടുന്നു.

കോടതി, പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത്, ബിആര്‍സി, സ്‌കൂള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് റോഡരികിലാണെന്നും അതിനാല്‍ റോഡിന് നടുവിലൂടെ ഡ്രൈനേജ് നിര്‍മ്മിച്ച് മലിനജലത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് ടാര്‍ ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേതനം നല്‍കി.

എന്നാല്‍ റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചതായും വ്യാപാരികളുടെ പരാതി അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദും പറഞ്ഞു.

നിലവില്‍ മെയിന്‍ റോഡിലെ പ്രവേശന സ്ഥലത്തെ കെട്ടിടവും പോലീസ് സ്റ്റേഷന്റെ സ്ഥലവും വിട്ടുകിട്ടാത്തതാണ് നവീകരണത്തിന് തടസമാവുന്നത് എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103791/traders-petitioned-to-make-the-road-passable)