---
title: "സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരം വിവാദത്തില്‍; പൊലീസ് കേസെടുത്തു "
english_title: "Controversy over visual appearance of welcome song at State School Arts Festival; Police registered a case at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106584/controversy-over-visual-appearance-of-welcome-song-at-state-school-arts-festival-police-registered-a-case-at-kozhikkode"
published_at: "2023-04-01T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64281dbee8c68_1_matha.JPG"
keywords: []
---

# സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരം വിവാദത്തില്‍; പൊലീസ് കേസെടുത്തു 

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു.

## Article Content

**കോഴിക്കോട്: **സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു.

മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ വി.ആര്‍. അനൂപ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും കലോത്സവ സംഘാടക സമിതിക്കുമെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് അന്വേഷണം വേണമെന്ന ആവശ്യം മന്ത്രി മുഹമ്മദ് റിയാസും ഉന്നയിച്ചു.

സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും വിമര്‍ശനവുമായി രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന നേതൃത്വവും ഇതിനെ പിന്തുണച്ചിരുന്നു.

പിന്നാലെ സ്വാഗത ഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു വിവാദമായി കെട്ടടങ്ങിയ സംഭവം വീണ്ടും കേസ് വന്നിട്ടുണ്ടെന്ന വിവരം അറിയുകയും വര്‍ഗീയത ഉണ്ടാക്കുക അല്ലെങ്കില്‍ മതേതരത്വത്തിന് ചോദ്യം ചെയ്യുന്ന പ്രവര്‍ത്തി മാതാ പേരാമ്പ്ര നടത്തിയിട്ടില്ലെന്നും ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു വരുന്ന സ്ഥാപനത്തെ തകര്‍ക്കന്‍ വേണ്ടിയായിരിക്കാം ഇത്തരമൊരു നീക്കമെന്ന് മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106584/controversy-over-visual-appearance-of-welcome-song-at-state-school-arts-festival-police-registered-a-case-at-kozhikkode)