---
title: "വയലറിവുകള്‍ തേടി ബാലവേദിയുടെ വയല്‍യാത്ര "
english_title: "Balavedi's field trip in search of vayal yathra at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107078/balavedis-field-trip-in-search-of-vayal-yathra-at-avala"
published_at: "2023-04-04T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bf37b97975_1_path.JPG"
keywords: []
---

# വയലറിവുകള്‍ തേടി ബാലവേദിയുടെ വയല്‍യാത്ര 

> **Lead Summary:** **ആവള:** കാര്‍ഷിക സംസ്‌കാരത്തിന്റെ ഗതകാല സ്മരണയില്‍ പുത്തനറിവുകള്‍ തേടി ആവള ടി. ഗ്രന്ഥാലയം മഠത്തില്‍ മുക്ക് ബാലവേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് വയല്‍ യാത്രയ്ക്കിറങ്ങിയത്.

## Article Content

**ആവള:** കാര്‍ഷിക സംസ്‌കാരത്തിന്റെ ഗതകാല സ്മരണയില്‍ പുത്തനറിവുകള്‍ തേടി ആവള ടി. ഗ്രന്ഥാലയം മഠത്തില്‍ മുക്ക് ബാലവേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് വയല്‍ യാത്രയ്ക്കിറങ്ങിയത്.

സംയോജിത കൃഷിയില്‍ ജില്ലാ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി കാര്‍ഷിക അവാര്‍ഡുകള്‍ നേടിയ കെ.ടി. പത്മനാഭനെ യാത്രയുടെ ഭാഗമായി കുട്ടികള്‍ പൊന്നാടയും പൂച്ചെണ്ടും നല്‍കി ആദരിച്ചു.

നാല് ഏക്കറോളം സ്ഥലത്തുള്ള നെല്‍കൃഷിക്ക് പുറമേ 15 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്തും നെല്‍കൃഷി ചെയ്തുവരുന്നു. കൂടാതെ വിവിധയിനം പച്ചക്കറി കൃഷിയും മാതൃകാ കര്‍ഷകന്‍ എന്ന നിലയില്‍ പത്മനാഭനും കുടുംബവും വീടിനോട് ചേര്‍ന്ന് കൃഷി ചെയ്ത് വരുന്നുണ്ട്. ഇവയൊക്കെ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ യാത്രയിലൂടെ വിദ്യാര്‍ത്ഥിക്കു കഴിഞ്ഞു.

കൊയ്ത്ത് മെഷീനിന്റെ പ്രവര്‍ത്തന രീതികള്‍ ആദ്യമായി കാണുന്ന വിദ്യാര്‍ത്ഥികളായിരുന്നു യാത്രയില്‍ ഏറെയും. അന്യസംസ്ഥാനങ്ങളില്‍ മാത്രം വ്യാപകമായി കൃഷി ചെയ്തുവരുന്ന വലിയുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, കാപ്‌സിക്കോ, ചോളം, കൊത്തമര തുടങ്ങിയവയ്ക്ക് പുറമേ ; വെള്ളരി, പടവലം, പയര്‍, തക്കാളി, വഴുതിന, വെണ്ട, ചീര, മുളക്, അമര തുടങ്ങി 50 ല്‍ അധികം പച്ചക്കറി ഇനങ്ങള്‍ ഈ മാതൃകാ തോട്ടത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടാന്‍ കഴിഞ്ഞു.

മണ്ണൊരുക്കലിന്റേയും, ജൈവ കീടനാശിനി പ്രയോഗത്തിന്റേയും ജലസേചനത്തിന്റേയും പുതിയ മാര്‍ഗങ്ങള്‍ കുട്ടികള്‍ ചോദിച്ചറിഞ്ഞു. കുഞ്ഞുകൈകളില്‍ അരിവാളേന്തി തൊഴിലാളി വേഷത്തില്‍ വിദ്യാര്‍ത്ഥികള്‍ നെല്ല് കൊയ്‌തെടുത്തപ്പോള്‍ 'നമ്മള് കൊയ്യും വയലലെല്ലാം - നമ്മുടെ താകും പൈങ്കിളിയേ ' എന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള വയല്‍പ്പാട്ട് കൊയ്ത്തിനാവേശമേകാന്‍ കുട്ടികള്‍ ഒരുമിച്ചു പാടി. ഏറ്റു പാടാന്‍ രക്ഷിതാക്കളും ഒപ്പം ചേര്‍ന്നത് ഏറെ ആഹ്‌ളാദകരമായി.

വയല്‍യാത്രയ്ക്കും ആദരിക്കല്‍ ചടങ്ങിനും ഇബ്രാഹിം കൊയിലോത്ത്, എ.എം രാജന്‍, നാരായണന്‍ പരക്കോട്ട് സത്യന്‍ചോല, കെ.കെ. ചന്ദ്രന്‍ , സി.ബി സജിത്, വി.കെ. നൗഷാദ്, പി.എം ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആദരവിന് കെ.ടി. പത്മനാഭന്‍ ബാലവേദി വിദ്യാര്‍ത്ഥികളോട് നന്ദിയറിയിച്ചു. സി.കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.എം സിന്ധു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107078/balavedis-field-trip-in-search-of-vayal-yathra-at-avala)