---
title: "പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 23ന് തുടക്കമാകും "
english_title: "Peruvannamoozhi Tourism Fest will start on 23rd"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107118/peruvannamoozhi-tourism-fest-will-start-on-23rd"
published_at: "2023-04-04T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c33e4f1f77_OBIT_CARD_JPG.JPG"
keywords: []
---

# പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 23ന് തുടക്കമാകും 

> **Lead Summary:** **പേരാമ്പ്ര: **പെരുവണ്ണാമൂഴി ഡാം പരിസരത്ത് നടക്കുന്ന ടൂറിസം ഫെസ്റ്റിനെ വരവേല്‍ക്കാന്‍ പെരുവണ്ണാമൂഴി ഒരുങ്ങുന്നു.

## Article Content

**പേരാമ്പ്ര: **പെരുവണ്ണാമൂഴി ഡാം പരിസരത്ത് നടക്കുന്ന ടൂറിസം ഫെസ്റ്റിനെ വരവേല്‍ക്കാന്‍ പെരുവണ്ണാമൂഴി ഒരുങ്ങുന്നു.

ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെയാണ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

23-ന് വൈകീട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നടി നവ്യ നായരുടെ നൃത്ത പരിപാടിയാണ് ആദ്യദിനത്തിലെ പ്രധാന ആകര്‍ഷകം.

24-ന് വൈകീട്ട് ഏഴിന് കളരി പ്രദര്‍ശനവും കെ.പി.എ.സി.യുടെ അപരാജിതന്‍ നാടകവും അരങ്ങേറും. 25-ന് പഞ്ചായത്തിലെ കലാകാരന്‍മാരുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി ഗ്രാമോത്സവം നടക്കും.

26-ന് ഗസല്‍ രാവില്‍ അലോഷി പാടും. 27-ന് സുധീര്‍ പറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ, 28-ന് തീപന്തങ്ങള്‍ ഓഡിയോ വിഷ്വല്‍ പ്രസന്റേഷന്‍, ഇശല്‍ നിലാവ്, 29-ന് ചിലമ്പൊലി ജില്ലാതല സംഘനൃത്ത മത്സരം എന്നിവയുണ്ടാകും.

30-ന് സിത്താര കൃഷ്ണകുമാറിന്റെ ഗാനമേള അരങ്ങേറും. കാര്‍ണിവല്‍, എക്സ്പോ, ജലോത്സവം, ഫ്ളവര്‍ഷോ, ബോട്ടിംഗ്, ഇക്കോടൂറിസം പവലിയന്‍, കമ്പവലി, കളരി ഗ്രാമം പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, പുസ്തകോത്സവം, വനയാത്ര, പ്രകൃതി ചിത്രരചന എന്നിവയെല്ലാം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും പരിപാടികളില്‍ അതിഥികളായെത്തും. കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുളള പെരുവണ്ണാമൂഴി ഡാമില്‍ ടൂറിസം വികസനവും ബോട്ടിഗും നടപ്പാക്കിയതിന് ശേഷം കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, കണ്‍വീനര്‍ പി.പി.രഘുനാഥ്, കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.രഞ്ജിത്ത്, ഇ.എം.ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107118/peruvannamoozhi-tourism-fest-will-start-on-23rd)