---
title: "വനസൗഹൃദ സദസ്സ് ഇന്ന് പേരാമ്പ്രയില്‍ "
english_title: "Forest friendly audience today at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107359/forest-friendly-audience-today-at-perampra"
published_at: "2023-04-06T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e1d591ecdc_OBIT_CARD_JPG.JPG"
keywords: []
---

# വനസൗഹൃദ സദസ്സ് ഇന്ന് പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര:** ജനങ്ങളും വനംവകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനുമായി വനസൗഹൃദ സദസ്സ് ഇന്ന് പേരാമ്പ്രയില്‍ നടക്കും.

## Article Content

**പേരാമ്പ്ര:** ജനങ്ങളും വനംവകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനുമായി വനസൗഹൃദ സദസ്സ് ഇന്ന് പേരാമ്പ്രയില്‍ നടക്കും.

വി.വി. ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ഓഫീസുകളില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കുക, മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിദഗ്ധരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും സ്വീകരിക്കുക, വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കുക എന്നിവയാണ് വനസൗഹൃദസദസ്സിലൂടെ ലക്ഷ്യമിടുന്നത്.

വന്യജീവികളുടെ ആക്രമണംമൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം, പരിക്കേറ്റവര്‍ക്കുള്ള ആനുകൂല്യം, കൃഷിനാശവും കെട്ടിട നാശവും സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം, വനമേഖല പ്രദേശങ്ങളിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നം, വിവിധതരം നിരാക്ഷേപ പത്രങ്ങള്‍ ലഭ്യമാക്കല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരങ്ങള്‍ മുറിച്ചുമാറ്റല്‍, സംയുക്ത സര്‍വേ നടത്തി പരിഹരിക്കേണ്ട കാര്യങ്ങള്‍, വസ്തുവില്‍പ്പന നടത്തുന്നതിന് എന്‍ഒസി(നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ലഭിക്കാത്ത പ്രശ്‌നം എന്നിവ വന സൗഹൃദ സദസ്സില്‍ പരിഗണനക്കെത്തും.

പുതിയ പരാതികളും അപേക്ഷകളും സംസ്ഥാന സര്‍ക്കാരിന്റെ താലൂക്ക്തല അദാലത്തിലൂടെ പരിശോധിക്കും. ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും പ്രശ്‌നപരിഹാരത്തിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ വന സൗഹൃദ സദസ്സില്‍ സമര്‍പ്പിക്കാം.

സംസ്ഥാന സര്‍ക്കാരിന്റെ 2-ാം വാര്‍ഷികത്തോടനുബന്ധിച്ച് വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും, അവരുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഒരു കര്‍മ്മ പരിപാടിയാണ് വനസൗഹൃദ സദസ്സ്.

കോഴിക്കോട് ജില്ലയിലെ വനസൗഹ സദസ്സ് പേരാമ്പ്ര, മുക്കം എന്നീ രണ്ട് വേദികളിലായാണ് നടത്തപ്പെടുന്നത്. പേരാമ്പ്രയില്‍ നടക്കുന്ന വനസൗഹൃദ സദസ്സിന്റെ പൊതുയോഗം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് വനസൗഹൃദ സദസ്സില്‍ പൊതു യോഗത്തിന് മുന്നോടിയായി ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പഞ്ചായത്ത് തലത്തിലുള്ള വനംവകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

വനം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുക. തുടര്‍ന്ന് പൊതുജനങ്ങളെയും ത്രിതലപഞ്ചായത്ത് പ്രതിനിധികളെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പൊതുയോഗം നടക്കും.

പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകുഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107359/forest-friendly-audience-today-at-perampra)