---
title: "ഇന്നിന്റെ ആകുലതകള്‍ പങ്ക് വെച്ച് സജീവന്റെ 'കുട്ട്യാട്ടന്‍' "
english_title: "Sharing today's worries, Sajeev's 'Kutyatan'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108099/sharing-todays-worries-sajeevs-kutyatan"
published_at: "2023-04-09T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432cbc86ce1e_OBIT_CARD_JPG.JPG"
keywords: []
---

# ഇന്നിന്റെ ആകുലതകള്‍ പങ്ക് വെച്ച് സജീവന്റെ 'കുട്ട്യാട്ടന്‍' 

> **Lead Summary:** **പേരാമ്പ്ര:** നാടക പ്രവര്‍ത്തകന്‍ കെ.പി സജീവന്റെ നാലാമത് ഒറ്റയാള്‍ നാടകമാണ് കളി മുറ്റം നാടക തിയേറ്റര്‍ അവതരിപ്പിക്കുന്ന കുട്ട്യാട്ടന്‍. രചനയുടെയും, അഭിനയത്തിന്റെയും വ്യത്യസ്ത ഫോര്‍മുലകളിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട അനുഭവ തലം പകര്‍ന്ന്‌കൊടുക്കുകയാണ് കുട്ട്യാട്ടന്‍ എന്ന തന്റെ ഒറ്റയാള്‍ നാടകത്തിലൂടെ കെ.പി.സജീവന്‍.

## Article Content

**പേരാമ്പ്ര:** നാടക പ്രവര്‍ത്തകന്‍ കെ.പി സജീവന്റെ നാലാമത് ഒറ്റയാള്‍ നാടകമാണ് കളി മുറ്റം നാടക തിയേറ്റര്‍ അവതരിപ്പിക്കുന്ന കുട്ട്യാട്ടന്‍. രചനയുടെയും, അഭിനയത്തിന്റെയും വ്യത്യസ്ത ഫോര്‍മുലകളിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട അനുഭവ തലം പകര്‍ന്ന്‌കൊടുക്കുകയാണ് കുട്ട്യാട്ടന്‍ എന്ന തന്റെ ഒറ്റയാള്‍ നാടകത്തിലൂടെ കെ.പി.സജീവന്‍.

ദാസപ്പന്‍ എന്ന തട്ടുക്കാരന്റെ ജീവിത പ്രശ്്‌നങ്ങളിലൂടെയാണ് നാടകത്തിന്റെ കഥ ഇതള്‍ വിരിയുന്നത്. മകനെപ്പോലെ സ്‌നേഹിച്ച് വളര്‍ത്തിയ തന്റെ അനുജനെ പഠിപ്പിച്ച് ഉന്നതങ്ങളിലെത്തിക്കണമെന്ന ഒരേ ഒരു ലക്ഷ്യമെ ദാസപ്പനുണ്ടായിരുന്നുള്ളൂ.

അതിനു വേണ്ടി മാത്രമാണ് തന്റെ ജീവിതമെന്നും, തന്റെ ഭാര്യക്കും മക്കള്‍ക്കു പോലും ദാസപ്പന്റെ മനസ്സില്‍ രണ്ടാം സ്ഥാനമെ ഉണ്ടായിരുന്നുള്ളൂ.

തട്ടുകടയിലെ സഹായി സുന്ദരനും, തന്റെ ഭാര്യ ബിന്ദുവും നിങ്ങളെ ജീവനു തുല്യം സ് നേഹിക്കുന്ന അനുജന്‍ നിങ്ങളെ തള്ളിപ്പറയുമെന്ന് പറഞ്ഞിട്ടും ദാസപ്പന്‍ അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു.

നാടകം അതിന്റെ ക്ലൈമാക്‌സില്‍ എത്തുമ്പോഴാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടു പുതിയ വഴിത്തിരുവ് നാടകത്തില്‍ ഉണ്ടാവുന്നത്. ആ ട്വിസ്റ്റ് എന്താണന്നറിയാന്‍ നിങ്ങള്‍ നാടകം കാണുകതന്നെ ചെയ്യണം.

പുതിയ മാറ്റത്തിലൂടെ പുത്തന്‍ ആവിഷ്‌ക്കാര രീതിയില്‍ പ്രേക്ഷകര്‍ക്ക് രസാനുഭൂതിയുടെ രസതന്ത്ര പാഠം സമ്മാനിച്ചു കൊണ്ടാണ് കുട്ട്യാട്ടന്‍ എന്ന ഒറ്റയാള്‍ നാടകം അവസാനിക്കുന്നത്.

ഇതിനകം തന്നെ ജനപ്രിയ നാടകമായ് മാറിയ കുട്ട്യാട്ടന്‍ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കളി മുറ്റം നാടക ക്യാമ്പ് സജീവന് നിരവധി ദേശീയ-അന്താരാഷ്ട്ര - സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടികൊടുത്തിട്ടുണ്ട്. സുമേഷ് മാലിനിയാണ് കുട്ടേട്ടൻ അണിയിച്ചൊരുക്കിയത്.

സ്‌കൂളില്‍ നിന്ന് സ്‌കൂളുകളിലേക്കുള്ള കളി മുറ്റം നാടക ക്യാമ്പ്, സ്‌പെഷ്യല്‍ സ്‌കൂളില്‍ അവതരിപ്പിക്കുന്ന നാടകതെറാപ്പി, നാടകയോഗ, വീട്ടുമുറ്റം നാടകങ്ങള്‍, എന്നിവയും സജീവന്റെ നാടക പ്രവര്‍ത്തനങ്ങളാണ്.

പ്രകാശന്റെ പ്രശ്‌നങ്ങള്‍ അഥവാ നാഴിയരിയും വെള്ളരിയും, ഒറ്റമുറിയിലെ മനുഷ്യന്‍, സഖാവ് പുഷ്പന്‍, എന്നീ നാടകങ്ങള്‍ക്ക് ശേഷമാണ് കുട്ട്യാട്ടന്‍ എന്ന ഒറ്റയാള്‍ നാടകം രംഗത്ത് അവതരിപ്പിക്കുന്നത്.

സഖാവ് പുഷ്പന്‍ ഇപ്പോഴും രംഗത്ത് അവതരിപ്പിക്കുന്നു. കോഴിക്കോട്-പേരാമ്പ്ര സ്വദേശിയായ കെ.പി സജീവന്റെ ജീവതമാര്‍ഗ്ഗം നാടകം തന്നെയാണ്. നാടക മ വതരിപ്പിക്കാന്‍ സജീവനെ വിളിക്കേണ്ട നമ്പര്‍: 984616345.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108099/sharing-todays-worries-sajeevs-kutyatan)