---
title: "അപകടങ്ങള്‍ പതിവാകുന്നു, സുരക്ഷ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ റോഡ് തുറക്കരുത്; യൂത്ത് ലീഗ് "
english_title: "Accidents are common before opening of Perambra Bypass, road should not be opened without safety measures in place; Youth League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108448/accidents-are-common-before-opening-of-perambra-bypass-road-should-not-be-opened-without-safety-measures-in-place-youth-league"
published_at: "2023-04-11T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435359c9497c_1_car.JPG"
keywords: []
---

# അപകടങ്ങള്‍ പതിവാകുന്നു, സുരക്ഷ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ റോഡ് തുറക്കരുത്; യൂത്ത് ലീഗ് 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസ് തുറക്കുന്നതിന് മുന്നേ അപകടങ്ങള്‍ പതിവാകുകയാണ്. സുരക്ഷ സംവിദാനങ്ങള്‍ ഒരുക്കാതെ റോഡ് തുറക്കരുതെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസ് തുറക്കുന്നതിന് മുന്നേ അപകടങ്ങള്‍ പതിവാകുകയാണ്. സുരക്ഷ സംവിദാനങ്ങള്‍ ഒരുക്കാതെ റോഡ് തുറക്കരുതെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പൈതോത്ത് റോഡ് ജങ്ഷനില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തില്‍ പിഡബ്ല്യുഡി, ആര്‍ബിഡിസി അധികൃതരുമായി സംസാരിക്കുകയും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി മാത്രമേ റോഡ് തുറക്കാവൂ എന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

വേണ്ടത്ര സിഗ്‌നല്‍ ബോര്‍ഡുകളോ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ നിലവില്‍ ഒരുക്കിയിട്ടില്ല. താല്‍ക്കാലികമായിട്ടാണ് നിലവില്‍ റോഡ് തുറന്നു കൊടുത്തിട്ടുള്ളത്. റോഡ് പരിചയമില്ലാത്ത കുറ്റ്യാടി കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അതിവേഗതിയിലാണ് റൂട്ടിലൂടെ കടന്നു പോകുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നു.

സൂചന ബോര്‍ഡുകളോ സിഗ്‌നലോ സ്ഥാപിക്കാത്ത ചെമ്പ്ര റോഡ് ജംഗ്ഷന്‍, പൈതോത് റോഡ് ജംഗ്ഷന്‍, ജബലന്നൂര്‍ റോഡ് ജംഗ്ഷന്‍ അടക്കമുള്ള സ്ഥലങ്ങളിലാണ് അപകടങ്ങള്‍ പതിവാകുന്നത്.

30 ന് ഉദ്ഘാടനം നിര്‍വഹിക്കപ്പെടുന്ന ബൈപ്പാസ് റോഡില്‍ നിലവില്‍ സിഗ്‌നല്‍ സ്ഥാപിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് അപകടങ്ങള്‍ വര്‍ധിപ്പിക്കും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പേരാമ്പ്രക്ക് ബൈപ്പാസ് ലഭിച്ചിരിക്കുന്നത്. ഈ സന്തോഷം ആശങ്കയിലേക്ക് മാറിയിരിക്കുകയാണ്.

റോഡിലെ അശാസ്ത്രീയ നിര്‍മ്മാണവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ മാസം കക്കാട് നടന്ന ആക്‌സിഡന്റില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇത് റോഡിന്റെ നിര്‍മ്മാണത്തിലെ അപാകത മൂലമാണ് സംഭവിച്ചത്.

ബൈപ്പാസിന്റെ ഡിവൈഡര്‍ മെയിന്‍ റോഡിലേക്ക് തള്ളി നിന്നതാണ് ഈ അപകടത്തിന് കാരണമായത്. അതിനുശേഷവും അധികൃതരുടെ കണ്ണ് തുറക്കാനോ ഈ അപാകത പരിഹരിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. ഇതുപോലെ പൈതോത്ത് റോഡ് ജംഗ്ഷനിലും, ചെമ്പ്ര റോഡ് ജംഗ്ഷനിലും റോഡില്‍ ഡിവൈഡര്‍ നിര്‍മ്മിച്ചതില്‍ അപാകതയുണ്ട്.

ഇവിടെ വശങ്ങളിലേക്ക് പോകേണ്ട റോഡിനേക്കാള്‍ വീതി കുറവാണ് മെയിന്‍ റോഡിന്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

റോഡ് ഉദ്ഘാടനത്തിന് മുന്നേ ബൈപ്പാസ് റോഡില്‍ വേണ്ട സൂചന ബോര്‍ഡുകളും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിക്കുകയും ഡിവൈഡര്‍ നിര്‍മാണത്തില്‍ ഉണ്ടായിട്ടുള്ള അപാകത പരിഹരിക്കുകയും ചെയ്യാത്ത പക്ഷം അതിശക്തമായ സമരങ്ങള്‍ക്ക് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വം നല്‍കും.

ആര്‍.കെ. മുഹമ്മദ്, സി.കെ. ഹാഫിസ്, ആര്‍.എം. നിഷാദ്, സഈദ് അയനിക്കല്‍, ഷംസുദ്ദീന്‍ മരുതേരി, ഷക്കീര്‍ എരത്മുക്ക്, ഷബീര്‍ ചാലില്‍, നജീബ് അരീക്കല്‍, യാസര്‍ കക്കാട് തുടങ്ങി നേതാക്കള്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108448/accidents-are-common-before-opening-of-perambra-bypass-road-should-not-be-opened-without-safety-measures-in-place-youth-league)