---
title: "വൈഷ്ണവം 2023; വിഷുകൈനീട്ടവുമായി സരസ്വതി വിദ്യാമന്ദിര്‍ "
english_title: "Vaishnavism 2023; Saraswati Vidyamandir with Vishukainitta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108992/vaishnavism-2023-saraswati-vidyamandir-with-vishukainitta"
published_at: "2023-04-14T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64395fed28611_OBIT_CARD_JPG.JPG"
keywords: []
---

# വൈഷ്ണവം 2023; വിഷുകൈനീട്ടവുമായി സരസ്വതി വിദ്യാമന്ദിര്‍ 

> **Lead Summary:** **കൊയിലാണ്ടി: **വിദ്യാലയ ചരിത്രത്തിലാദ്യമായി നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും വിഷുകൈനീട്ടം നല്‍കി.

## Article Content

**കൊയിലാണ്ടി: **വിദ്യാലയ ചരിത്രത്തിലാദ്യമായി നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും വിഷുകൈനീട്ടം നല്‍കി.

കാര്‍ഷിക സമൃദ്ധിയുടെയും ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് വിഷുക്കണിയിലൂടെയും കൈനീട്ടത്തിലൂടെയും നല്‍കുന്നതെന്ന് വൈഷ്ണവം - 2023 ഉദ്ഘാടനം ചെയ്തു കൊണ്ട് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി.ഗോപാലന്‍കുട്ടി പറഞ്ഞു.

ചടങ്ങില്‍ ചെണ്ട വാദ്യകലാകാരന്‍ പൊന്നരംതെരു സി. ചന്ദ്രനെ വിദ്യാലയ സമിതി രക്ഷാധികാരി ഡോ.പി.വി.ചന്ദ്രശേഖരന്‍ പൊന്നാട അണിയിച്ചു. മിസ്റ്റര്‍ കേരള വിന്നര്‍ വി.ഇ.ബിജുവിനെ പി.ഗോപാലന്‍കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.

സൗത്ത് ഇന്ത്യ മിസ്റ്റര്‍ മത്സരത്തിന് പങ്കെടുക്കാന്‍ പോകുന്ന ബിജുവിന് സംസ്‌കൃതി രക്ഷാസമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക സാമ്പത്തിക ഉപഹാരം ഏഴാം ക്ലാസില്‍ പഠിക്കുന്ന ബോക്‌സിംഗ് ജില്ലാചാമ്പ്യന്‍ മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണ കൈമാറി.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന 9 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വോളിബാള്‍ ക്യാമ്പ് സായി കോച്ച് പ്രേമന്‍ ഉദ്ഘാടനം ചെയ്തു. കൊന്നപ്പൂക്കളാലും മഞ്ഞപ്പട്ടിനാലും ദിപാലങ്കാരത്താലും ശോഭിതമായ വിഷുക്കണിയുടെ മുന്നില്‍ വെച്ച് വിഷു കൈനീട്ടം ലഭിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.

നമണ്ട ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ സീമ തട്ടഞ്ചേരി കൈനീട്ടവിതരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാലയ സമിതി അംഗങ്ങളും അദ്ധ്യാപകരും എല്ലാവര്‍ക്കും കൈനീട്ടം നല്‍കി.

വിദ്യാലയ സമിതി രക്ഷാധികാരി ഡോ.പി.വി. ചന്ദ്രശേഖരന്‍, വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി കെ.കെ.ഗോപിനാഥന്‍, ശിശു വാടിക പ്രമുഖ് കൃഷ്ണദാസ്, വിദ്യാലയ സെക്രട്ടറി ഡോ.എസ് വിക്രമന്‍, ബാലുശ്ശേരി എച്ച്.എസ്.എസ്. റിട്ട കായികാദ്ധ്യാപകന്‍ പ്രശാന്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രിന്‍സിപ്പല്‍ പി.വിശ്വനാഥന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പി.പ്രേമ നന്ദിയും രേഖപ്പെടുത്തി. പാല്‍പ്പായസവിതരണത്തോടും കരിമരുന്ന് പ്രയോഗത്തോടും കൂടിയുള്ള 'വൈഷ്ണവം - 2023' സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108992/vaishnavism-2023-saraswati-vidyamandir-with-vishukainitta)