---
title: "പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം വന്‍വിജയമാക്കാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു "
english_title: "An elaborate welcoming party was formed to make the inauguration of Perampra Bypass a grand success"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109449/an-elaborate-welcoming-party-was-formed-to-make-the-inauguration-of-perampra-bypass-a-grand-success"
published_at: "2023-04-17T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d5ce77dae3_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം വന്‍വിജയമാക്കാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്രക്കാരുടെ ചിരകാല ആവശ്യമായിരുന്ന പേരാമ്പ്ര ബൈപ്പാസ് റോഡ് ഏപ്രില്‍ 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമ്പോള്‍ ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കിമാറ്റാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്രക്കാരുടെ ചിരകാല ആവശ്യമായിരുന്ന പേരാമ്പ്ര ബൈപ്പാസ് റോഡ് ഏപ്രില്‍ 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമ്പോള്‍ ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കിമാറ്റാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

പേരാമ്പ്രയിലെ ജനങ്ങളുടെയും വ്യാപാരികളുടെയും പേരാമ്പ്ര വഴി കടന്ന് പോവുന്ന ആയിരക്കണക്കിന് യാത്രക്കാരുടെയും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായാണ് റോഡ് പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്.

വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവക്കെല്ലാം കുറുകെയാണ് പാത കടന്നുപോകുന്നത്. 47.29 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം.

ബൈപ്പാസിനായി 13 വര്‍ഷത്തോളമായുള്ള പേരാമ്പ്രക്കാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്റെ നിരന്തര ഇടപെടലുകളാണ് ബൈപ്പാസ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്്.

കൃഷി, പി. ഡബ്ല്യു.ഡി റോഡ്സ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍, റവന്യു, ഇറിഗേഷന്‍ തുടങ്ങിയ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലെത്തിച്ചത്.

ബൈപ്പാസ് നിര്‍മ്മാണം പേരാ്രമ്പയുടെ വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവുകയാണ്. പേരാമ്പ്ര കല്ലോട് ചേനായി റോഡ് ജഗ്ഷന് സമീപത്ത് നിന്ന് തുടങ്ങി കക്കാട് വരെ 12 മീറ്റര്‍ വീതയില്‍ 2.768 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ് നിര്‍മിച്ചത്.

ബി.എം, ബി.സി. നിലവാരത്തില്‍ ഏഴ് മീറ്റര്‍ വീതിയിലാണ് റോഡ് ടാറിംഗ് നടത്തിയിരിക്കുന്നത്. ഏപ്രില്‍ 30 ഞായറാഴ്ച വൈകിട്ട് 3.30 ന് ചെമ്പ്ര റോഡിനോട് ചേര്‍ന്ന മൈതാനത്താണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തുക.

സ്വാഗതസംഘം യോഗം ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബൈപ്പാസ് റോഡ് പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന കക്കാട് കല്ലോട് ഭാഗങ്ങളിലെ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുന്നതിനും ബൈപ്പാസിനെ ബസ് സ്റ്റാന്റുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിക്കുന്നതിനുമായി 16.71 കോടി രൂപയുടെ അനുമതിക്കായി ആര്‍ബിഡിസി കിഫ്ബിക്ക് സമര്‍പ്പിച്ച അപേക്ഷ നിറവേറ്റുമെന്ന് കിഫ്ബി അധികൃതര്‍ അറിയിച്ചതായി എംഎല്‍എ യോഗത്തെ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. പേരാരമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡനറ് വി.കെ. പ്രമോദ് സ്വാഗതം പറഞ്ഞ യോഗത്തില്‍ രാജന്‍ മരുതേരി, എ.കെ. ചന്ദ്രന്‍, രാഗേഷ് തറമ്മല്‍, മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ്, കെ. സജീവന്‍, ഒ. രാജന്‍, സിപിഎ അസീസ്, ബേബി കാപ്പുകാട്ടില്‍, എസ്.കെ. സജീഷ്, കെ.പി. ആലിക്കുട്ടി, പി.ടി. അഷറഫ്, എന്‍.എസ്. കുമാര്‍, കെ. പ്രദീപ്കുമാര്‍, സുരേഷ് ബാബു കൈലാസ്, വി.എം. മുഹമ്മദ്, ബാദുഷ അബ്ദുള്‍ സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പരിപാടിയുടെ വിജയത്തിനായി ടി.പി. രാമകൃഷ്ണന്‍ ചെയര്‍മാനും ഷീജ ശശി, എം.പി. ശിവാനന്ദന്‍, സുരേഷ് ചക്കാടത്ത്, കെ.വി. ബാബു രാജ്, കെ. സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, സി.കെ. ശശി, പി.എന്‍. ശാരദ, കെ.ടി. രാജന്‍, എന്‍.ടി. ഷിജിത്ത്, എ.എം. സുഗതന്‍, കെ.കെ. നിര്‍മ്മല, പി.കെ. ഗിരീഷ്, സി.എം. ബാബു, വി.പി. ദുല്‍ഫിക്കിന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ബേ്ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു കണ്‍വീനറും, ബേബി കാപ്പുകാട്ടില്‍, പി.കെ.എം. ബാലകൃഷ്ണന്‍, മനോജ് ആവള, എം. കുഞ്ഞമ്മദ്, എസ്.കെ. സജീഷ്, രാജന്‍ മരുതേരി, മുഹമ്മദ് ചാലിക്കര, രാഗേഷ് തറമ്മല്‍, കെ.പി. ആലിക്കുട്ടി, യൂസഫ് കോറോത്ത്, എന്‍.എസ് കുമാര്‍, കെ. പ്രദീപ്കുമാര്‍, പി.ടി. അഷറഫ്, കെ.കെ. പ്രേമന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ട്രഷററായും മുന്‍ എംഎല്‍മാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും ഉള്‍പ്പെടുന്ന 301 അംഗ സ്വാഗതസംഘ കമ്മിറ്റിക്ക് രൂപം നല്‍കി.

പരിപാടിയുടെ വിഡയത്തിനും ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി പേരാമ്പ്രയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വിവിധ ദിവസങ്ങളിലായി പ്രത്യേക സ്വാഗതസംഘ യോഗങ്ങള്‍ ചേരാനും തീരുമാനമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109449/an-elaborate-welcoming-party-was-formed-to-make-the-inauguration-of-perampra-bypass-a-grand-success)