---
title: "നാടിന്റെ രക്ഷകനായി മാറിയ ഓട്ടോ ഡ്രൈവര്‍ക്ക് സേനയുടെ ആദരം "
english_title: "Auto driver who became the savior of the country is honored by the army"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109602/auto-driver-who-became-the-savior-of-the-country-is-honored-by-the-army"
published_at: "2023-04-18T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e5b1b88036_1_atharam.JPG"
keywords: []
---

# നാടിന്റെ രക്ഷകനായി മാറിയ ഓട്ടോ ഡ്രൈവര്‍ക്ക് സേനയുടെ ആദരം 

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്ര പട്ടണമാകെ അഗ്‌നിക്കിരയാകുമായിരുന്ന തീപിടുത്തത്തെ തന്റെ അവസരോചിതമായ ഇടപെടലിലൂടെ ഇല്ലാതാക്കിയ ഓട്ടോ ഡ്രൈവര്‍ അന്‍വര്‍ കോറോത്തിനെ ആദരിച്ച് പേരാമ്പ്ര അഗ്‌നി രക്ഷാ സേനയും സിവില്‍ ഡിഫെന്‍സ് അംഗങ്ങളും.

## Article Content

** പേരാമ്പ്ര **: പേരാമ്പ്ര പട്ടണമാകെ അഗ്‌നിക്കിരയാകുമായിരുന്ന തീപിടുത്തത്തെ തന്റെ അവസരോചിതമായ ഇടപെടലിലൂടെ ഇല്ലാതാക്കിയ ഓട്ടോ ഡ്രൈവര്‍ അന്‍വര്‍ കോറോത്തിനെ ആദരിച്ച് പേരാമ്പ്ര അഗ്‌നി രക്ഷാ സേനയും സിവില്‍ ഡിഫെന്‍സ് അംഗങ്ങളും.

ഏപ്രില്‍ 8 ന് തന്റെ വാഹനവുമായി പട്ടണത്തില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന അന്‍വര്‍ ചേനോളി റോഡ് ജംഗഷനില്‍ ആള്‍ക്കൂട്ടത്തെ കണ്ട് അത് എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തെ ബേക്കറിയില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായി തീ ആളിപ്പടരുന്നത് കണ്ടത്. ഉടന്‍ തന്റെ സിഎന്‍ജി ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.

ആരംഭ ഘട്ടത്തില്‍ തന്നെ തീ അണക്കാനായതോടെ പട്ടണത്തില്‍ ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമാണ് ഇയാള്‍ ഇല്ലായ്മ ചെയ്തത്. തന്റെ പ്രവാസ കാലത്ത് ഗള്‍ഫ് നാടുകളില്‍ നിന്ന് ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് പകച്ചു നില്‍ക്കാതെ ഉടന്‍ തീഅണക്കാന്‍ കഴിഞ്ഞത്.

ദേശീയ ഫയര്‍ സര്‍വ്വീസ് വാരാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധീരമായി നാടിന്റെ രക്ഷകനായി മാറിയ അന്‍വര്‍ കോറോത്തിനെ ആദരിക്കുകയും സ്ഥലം മാറിപ്പോവുന്ന ഫയര്‍ ഓഫീസര്‍ പി.കെ. നൗഷാദിന് ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്‍ അന്‍വര്‍ കോറോത്തിനെ ഉപഹാരം നല്‍കി ആദരിച്ചു.

സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ സി.ടി. മുകുന്ദന്‍ വൈദ്യര്‍, ടി.സി. സൗദ എന്നിവര്‍ ചേര്‍ന്ന് പി.കെ. നൗഷാദിന് ഉപഹാര സമര്‍പ്പണം നടത്തി.

കെഎഫ്എസ്എ സംസ്ഥാന സെക്രട്ടറി കെ. ഷജില്‍ കുമാര്‍, അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസര്‍മാരായ പി.സി. പ്രേമന്‍, പി. വിനോദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി കെ. ലതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ആപത് മിത്ര വളണ്ടിയര്‍ കെ.എം. ഷിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109602/auto-driver-who-became-the-savior-of-the-country-is-honored-by-the-army)