---
title: "കുട്ടികള്‍ക്ക് പുസ്തകങ്ങളുമായി തരംഗം ക്ലബ്ബിന്റെ പുസ്തകവണ്ടി വീടുകളിലേക്ക് "
english_title: "Tharangam Club's book cart with books for children to homes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109673/tharangam-clubs-book-cart-with-books-for-children-to-homes"
published_at: "2023-04-18T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ead581f7c8_OBIT_CARD_JPG.JPG"
keywords: []
---

# കുട്ടികള്‍ക്ക് പുസ്തകങ്ങളുമായി തരംഗം ക്ലബ്ബിന്റെ പുസ്തകവണ്ടി വീടുകളിലേക്ക് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ചിരുതകുന്ന് പ്രദേശത്തെ യുവജന കൂട്ടായ്മയായ തരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വേനലവധിക്ക് കുട്ടികള്‍ക്കായി പുസ്തകങ്ങളുമായി പുസ്തകവണ്ടി യാത്ര ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ചിരുതകുന്ന് പ്രദേശത്തെ യുവജന കൂട്ടായ്മയായ തരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വേനലവധിക്ക് കുട്ടികള്‍ക്കായി പുസ്തകങ്ങളുമായി പുസ്തകവണ്ടി യാത്ര ആരംഭിച്ചു.

സാധാരണ വേനല്‍ അവധിയേക്കാള്‍ ചൂട് കൂടിയ ഒരു വേനലവധിയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ നല്ല ചൂടുള്ള സമയങ്ങളില്‍ കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട് എന്ന് മനസിലാക്കിയ ക്ലബ്ബ് മെമ്പര്‍മാര്‍ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് വായിക്കാന്‍ രസകരമായ പുസ്തകങ്ങള്‍ ഒരുക്കുകയായിരുന്നു.

ഈ പുസ്തകങ്ങള്‍ ക്ലബ്ബ് മെമ്പര്‍മാര്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. ക്ലബ്ബിന്റെ ഈ പ്രവര്‍ത്തനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. നിരവധി പ്രദേശവാസികള്‍ അഭിനന്ദനങ്ങളുമായി മുന്നോട്ട് വന്ന് ക്ലബ്ബിന് പിന്തുണ നല്‍കി.

തരംഗം ക്ലബ്ബ് സ്ഥാപക സെക്രട്ടറി സായന്ത് കോരന്‍സ് പുസ്തകവണ്ടി ഫ്‌ലാഗ്ഗ് ഓഫ് ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് പ്രജീഷ് കുമാര്‍ ചിരുതകുന്നുമ്മല്‍ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് മുന്‍ ട്രഷറര്‍ ഭഗത്ത് രാജ് കോരന്‍സ്, മറ്റ് തരംഗം ക്ലബ്ബ് മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേരത്തെയും വ്യത്യസ്തമായ നിരവധി പരിപാടികള്‍ നടത്തി ക്ലബ്ബ് ജനശ്രദ്ധ നേടിയിരുന്നു.

എല്ലാ വര്‍ഷവും പ്രദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി ക്ലബ്ബ് പഠനോപകരണം വിതരണം ചെയ്തു വരുകയാണ്.

കൂടാതെ കുട്ടികള്‍ക്കായി സൗജന്യ ടൂര്‍, കൊറോണകാലത്ത് 100 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ്, ജീവിതശൈലി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ്, കണ്ണ് പരിശോധന ക്യാമ്പ് ഇങ്ങനെ നിരവധി മാതൃകാപരമായ പരിപാടികള്‍ ക്ലബ്ബ് നേരത്തെ സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109673/tharangam-clubs-book-cart-with-books-for-children-to-homes)