---
title: "കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; പ്രമേയം വോട്ടിനിട്ട് തള്ളി കൊയിലാണ്ടി നഗരസഭ "
english_title: "The building permit fee increase should be withdrawn; The resolution was voted down by Koilandi Municipal Council"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110053/the-building-permit-fee-increase-should-be-withdrawn-the-resolution-was-voted-down-by-koilandi-municipal-council"
published_at: "2023-04-20T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644149c997fd4_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; പ്രമേയം വോട്ടിനിട്ട് തള്ളി കൊയിലാണ്ടി നഗരസഭ 

> **Lead Summary:** **കൊയിലാണ്ടി: **2023 ഏപ്രില്‍ 10 മുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസും, പെര്‍മിറ്റ് ഫീസും കുത്തനെ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളി.

## Article Content

**കൊയിലാണ്ടി: **2023 ഏപ്രില്‍ 10 മുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസും, പെര്‍മിറ്റ് ഫീസും കുത്തനെ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളി.

നഗരസഭ കൗണ്‍സിലര്‍ കെ.എം.നജീബും വത്സരാജ് കേളോത്തും അവതരിപ്പിച്ച പ്രമേയമാണ് ചെയര്‍പേഴ്‌സണ്‍ തള്ളിയത്. ഇത് ശരിയായ നടപടിയെല്ലെന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതു കൊണ്ട് വോട്ടിനിടണമെന്ന് യു.ഡി.എഫ്. കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളായ പി. രത്‌നവല്ലിയും വി.പി.ഇബ്രാഹിം കുട്ടിയും ആവശ്യപ്പെട്ടപ്പോള്‍ അതിനു തയ്യാറാവാതെ ഒളിച്ചോടാന്‍ ശ്രമിച്ച ചെയര്‍പേഴ്‌സന്‍ അവസാനം പ്രമേയം വോട്ടിനിട്ട് തള്ളുകയാണ് ചെയ്തത് എന്ന് പറഞ്ഞു.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 81 മീറ്റര്‍ സ്‌ക്വയര്‍ മുതല്‍ 150 മീറ്റര്‍ സ്‌ക്വയര്‍ വരെ 3 രൂപ 50 പൈസ ഉണ്ടായിരുന്നത് 70 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. 151 മീറ്റര്‍ സ്‌ക്വയര്‍ മുതല്‍ 300 മീറ്റര്‍ സ്‌ക്വയര്‍ വരെയുള്ള കെട്ടിടത്തിന് ഒരു മീറ്റര്‍ സ്‌ക്വയറിന് 7 രൂപ ഉണ്ടായിരുന്നത് 120 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.

അപേക്ഷ ഫീസ് 30 രൂപയുണ്ടായിരുന്നത് 300 രൂപയായും, ആയിരം രൂപയായും വര്‍ദ്ധിപ്പിക്കുകയുമുണ്ടായി. ഈ വര്‍ദ്ദനവ് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ പറഞ്ഞെങ്കിലും ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷത്തില്‍ പ്രമേയം തള്ളുകയാണ് ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് നഗരസഭ കവാടത്തില്‍ ധര്‍ണ്ണയും നടത്തി.

ധര്‍ണ്ണ വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. പി. രത്‌നവലി അദ്ധ്യക്ഷയായി. മനോജ് പയറ്റുവളപ്പില്‍, കെ.എം.നജീബ്, വത്സരാജ് കേളോത്ത്, എ.അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, ഫാസില്‍ നടേരി, വി.വി. ഫക്രുദ്ധീന്‍, പുനത്തില്‍ ജമാല്‍, അരീക്കല്‍ ഷീബ, കെ.ടി.വി.റഹ്മത്ത്, ജിഷ പുതിയേടത്ത്, ദൃശ്യ, ശൈലജ, കെ.എം.സുമതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110053/the-building-permit-fee-increase-should-be-withdrawn-the-resolution-was-voted-down-by-koilandi-municipal-council)