---
title: "നാടെങ്ങും ചെറിയ പെരുനാള്‍ ആഘോഷിച്ച് വിശ്വാസികള്‍ "
english_title: "Believers all over the country celebrate a small festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110419/believers-all-over-the-country-celebrate-a-small-festival"
published_at: "2023-04-22T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443e5e319e55_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നാടെങ്ങും ചെറിയ പെരുനാള്‍ ആഘോഷിച്ച് വിശ്വാസികള്‍ 

> **Lead Summary:** **മേപ്പയ്യൂര്‍:** ആത്മവിശുദ്ധിയുടെ നറുനിലാവ് പെയ്ത വിശുദ്ധമാസത്തിന്റെ പരിസമാപ്തിയായി മുസ്ലിം സഹോദരങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. മുപ്പത് രാപ്പകലുകളുടെ ധന്യതയോടെയാണ് ഇത്തവണ വിശ്വാസികള്‍ പെരുനാള്‍ ആഘോഷിച്ചത്.

## Article Content

**മേപ്പയ്യൂര്‍:** ആത്മവിശുദ്ധിയുടെ നറുനിലാവ് പെയ്ത വിശുദ്ധമാസത്തിന്റെ പരിസമാപ്തിയായി മുസ്ലിം സഹോദരങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. മുപ്പത് രാപ്പകലുകളുടെ ധന്യതയോടെയാണ് ഇത്തവണ വിശ്വാസികള്‍ പെരുനാള്‍ ആഘോഷിച്ചത്.

ആത്മഹര്‍ഷത്തോടെയാണ് മുസ്ലിം ലോകം ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചത്. പുണ്യങ്ങളുടെ നിറവസന്തം തീര്‍ത്ത റമദാനില്‍ നേടിയ പവിത്രത ജീവിതത്തില്‍ കാത്ത് സൂക്ഷിക്കാം എന്ന പ്രതിഞ്ജയോടെയാണ് വിശ്വാസികള്‍ റമദാനിനോട് യാത്ര പറഞ്ഞത്.

അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിച്ചുവെന്ന പ്രത്യേകതയും ഇത്തവണത്തെ റമദാനിനുണ്ട്. റമദാനിലെ അവസാന ദിവസവും വെള്ളിയാഴ്ചയായിരുന്നു.

മേപ്പയ്യൂര്‍ മേഖലകളില്‍ വിവിധ പള്ളികളിലും, ഈദ് ഗാഹുകളിലും പെരുനാള്‍ നിസ്‌കാരം നടന്നു. മേപ്പയ്യൂര്‍ എളമ്പിലാട് ജുമുഅത്ത് പള്ളിയില്‍ മഹല്ല് ഖാസി കെ. നിസാര്‍ റഹ്മാനി പെരുനാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

നിസ്‌കാരനന്തരം അദ്ദേഹം ഈദ് സന്ദേശം കൈമാറി. നൂറു കണക്കിന് വിശ്വാസികളാണ് പെരുനാള്‍ നിസ്‌കാരത്തിനും പ്രാര്‍ത്ഥനയ്ക്കും പള്ളിയില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110419/believers-all-over-the-country-celebrate-a-small-festival)