---
title: "എടക്കയില്‍ ഗ്രാമീണ ഗ്രന്ഥശാലയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് ഏപ്രില്‍ 27 ന് തിരിതെളിയും"
english_title: "Golden Jubilee Celebrations of Village Library in Edakayil will kick off on April 27"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111106/golden-jubilee-celebrations-of-village-library-in-edakayil-will-kick-off-on-april-27"
published_at: "2023-04-26T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448effb56614_1_edakka.JPG"
keywords: []
---

# എടക്കയില്‍ ഗ്രാമീണ ഗ്രന്ഥശാലയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് ഏപ്രില്‍ 27 ന് തിരിതെളിയും

> **Lead Summary:** ** പേരാമ്പ്ര: **എടക്കയില്‍ ഗ്രാമീണ ഗ്രന്ഥശാലയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് ഏപ്രില്‍ 27 ന് തിരിതെളിയും. 

## Article Content

** പേരാമ്പ്ര: **എടക്കയില്‍ ഗ്രാമീണ ഗ്രന്ഥശാലയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് ഏപ്രില്‍ 27 ന് തിരിതെളിയും. 

ഒരു പ്രദേശത്തെ കഴിഞ്ഞ അമ്പതിലേറെ വര്‍ഷക്കാലം വിദ്യാഭ്യാസ പരവും, സാംസ്‌കാരികവുമായി പുരോഗതിയിലേക്ക് നയിച്ച എടക്കയില്‍ ഗ്രാമീണ ഗ്രന്ഥശാലയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കാണ് ഏപ്രില്‍ 27 ന് തിരിതെളിയുന്നത്.

കൊയിലാണ്ടി താലുക്കിലെ മികച്ച എ ഗ്രേഡ് ഗ്രന്ഥാലയമായ ഗ്രന്ഥശാല ബാലവേദി, വനിതാവേദി, കലാ-സാംസ്‌കാരിക വേദി, കായിക വേദി തുടങ്ങിയവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫ്‌ലഡ് ലിറ്റ് ഷട്ടില്‍ സ്റ്റേഡിയം, ഓപ്പണ്‍ സ്റ്റേജ്, വനിതാ വയോജന പുസ്തക വിതരണ പദ്ധതി എന്നിവ ഗ്രന്ഥശാലയുടെ മികവില്‍ ചിലതാണ്.

ഏപ്രില്‍ 27 ന് വൈകീട്ട് 6.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജാ ശശി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 

പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ വെച്ച് എ.കെ. ചന്ദ്രന്‍ അദ്ദേഹത്തിന്റെ ഭാര്യ പത്മാവതി ടീച്ചറുടെ സ്മരണയ്ക്കായി നല്‍കുന്ന 10,000 രൂപയുടെ പുസ്തകങ്ങള്‍ ഗ്രന്ഥശാലയുടെ സ്ഥാപക സെക്രട്ടറി എം.കെ ബാലന്‍ ഏറ്റുവാങ്ങും.

ജനപ്രതിനിധികളായ ഇ.ടി. ഷൈജ, പി. മോനിഷ, എ. ബാലകൃഷ്ണന്‍ എന്നിവരും താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.വി. രാജന്‍, എം. അശോകന്‍, വി.ബി. രാജേഷ്, കൊയിലോത്ത് ഗംഗാധരന്‍, സി. സുജിത്ത്, അഭിലാഷ്, കെ.പി. രാധാകൃഷ്ണന്‍, വി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

തുടര്‍ന്ന് രാത്രി 9 മണിക്ക് തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം നാടകം അരങ്ങേറും.

ആദരം, വായനാ പക്ഷാചരണം, പഞ്ചായത്തുതല കുടുംബ ശ്രീ സംഗമം, കലാ-സാഹിത്യ സംഗമം, മെഡിക്കല്‍ ക്യാമ്പ്, ഓണാഘോഷം, ബാലവേദി കലോല്‍സവം, സെമിനാര്‍, ഷട്ടില്‍ ടൂര്‍ണമെന്റ്, ലഹരിവിരുദ്ധ പരിപാടി, ചലച്ചിത്രമേള, വനിതാ സംഗമം, ഗ്രാമോല്‍സവം, പ്രാദേശിക കലാപരിപാടികള്‍, സമാപന പരിപാടി എന്നിവ ഒരു വര്‍ഷത്തെ സുവര്‍ണജൂബിലി ആഘോഷ പരിപാടികളില്‍ ചിലതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111106/golden-jubilee-celebrations-of-village-library-in-edakayil-will-kick-off-on-april-27)