---
title: "ചങ്ങരോത്ത് യുവാവിനെ വെട്ടിയ സംഭവം; 4 പേര്‍ അറസ്റ്റില്‍ "
english_title: "Changaroth youth was hacked; 4 people were arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111371/changaroth-youth-was-hacked-4-people-were-arrested"
published_at: "2023-04-27T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644aa7cd04ec0_1_prethi.JPG"
keywords: []
---

# ചങ്ങരോത്ത് യുവാവിനെ വെട്ടിയ സംഭവം; 4 പേര്‍ അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര : **ചങ്ങരോത്ത് യുവാവിന് വെട്ടേറ്റ സംഭവത്തിലെ 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**പേരാമ്പ്ര : **ചങ്ങരോത്ത് യുവാവിന് വെട്ടേറ്റ സംഭവത്തിലെ 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണാടക -തമിഴ്‌നാട് ബോര്‍ഡറിലുള്ള ഹുസൂറിനടുത്തു ശ്രീ മാതേശ്വരാ ലോഡ്ജില്‍ ഒളിച്ചു താമസിക്കുന്ന പ്രതികളെ കോഴിക്കോട് റൂറല്‍ ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രദീപ് കുമാറിന്റെ നിര്‍ദേശത്തില്‍, പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

ചെമ്പ്ര സ്വദേശി വണ്ണാറത്ത് ഉജേഷ് (40), പേരാമ്പ്ര തൈവച്ച പറമ്പില്‍ ധനേഷ് (28), പേരാമ്പ്ര ചേനോളി റോഡ് പാറക്കണ്ടിമീത്തല്‍ ജിഷ്ണു (26), പേരാമ്പ്ര പരപ്പില്‍ പി. പ്രസൂണ്‍ (30) എന്നിവരാണ് പ്രതികള്‍.

ഗുരുതരമായി പരുക്കേറ്റ യുവാവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വീട്ടില്‍ എത്തിയ പ്രതികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന യുവാവിനെ അക്രമി സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

വയറിനാണ് വെട്ടേറ്റത്. ഈ സമയം വിജേഷും സഹോദ ഭാര്യയും ബന്ധുവായ യുവാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

യുവാവ് കതക് തുറന്ന ഉടനെ വെട്ടുകയായിരുന്നു. ശബ്ദം കേട്ട് സഹോദര ഭാര്യ എത്തുമ്പോഴക്കും അക്രമികള്‍ കടന്ന് കളഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം സെക്രട്ടറിയാണ് പരുക്കേറ്റ വിജേഷ്, കഴിഞ്ഞ ദിവസം പ്രദേശത്ത് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വാക്തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് കരുതുന്നു.

സബ്ബ് ഇന്‍സ്പക്ടര്‍ കെ. ജിതിന്‍വാസ്, എഎസ്‌ഐ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിയാസ്, ശ്രീജിത്ത്, അരുണ്‍ഘോഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ജോജോ, ഡ്രൈവര്‍ ഷിജു എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111371/changaroth-youth-was-hacked-4-people-were-arrested)