---
title: "പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നം പൂവണിയാന്‍ നിമിഷങ്ങള്‍ മാത്രം "
english_title: "It's only a matter of seconds before the lifelong dream of lovers blossoms at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/111773/its-only-a-matter-of-seconds-before-the-lifelong-dream-of-lovers-blossoms-at-perambra"
published_at: "2023-04-30T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e2a8d17899_1_bypaass.jpg"
keywords: []
---

# പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നം പൂവണിയാന്‍ നിമിഷങ്ങള്‍ മാത്രം 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രക്കാരുടെ ചിരകാല ആവശ്യമായിരുന്ന പേരാമ്പ്ര ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നിമിഷങ്ങള്‍ മാത്രം.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രക്കാരുടെ ചിരകാല ആവശ്യമായിരുന്ന പേരാമ്പ്ര ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നിമിഷങ്ങള്‍ മാത്രം.

പേരാമ്പ്രയിലെ ജനങ്ങളുടെയും വ്യാപാരികളുടെയും പേരാമ്പ്ര വഴി കടന്ന് പോവുന്ന ആയിരക്കണക്കിന് യാത്രക്കാരുടെയും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ റോഡ് പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കാന്‍ പോകുന്നത്.

ബൈപ്പാസിനായി 13 വര്‍ഷത്തോളമായുള്ള പേരാമ്പ്രക്കാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്.

ഗതാഗതക്കുരുക്കിന് പേരുകേട്ട പേരാമ്പ്ര പട്ടണത്തിലെ കുരുക്ക് അഴിയുകയാണ്.

നാദാപുരം, പെരിങ്ങത്തൂര്‍, കുറ്റ്യാടി, തൊട്ടില്‍പാലം, പൂഴിത്തോട്, പെരുവണ്ണാമൂഴി എന്നി പ്രദേശങ്ങളിലെയും വയനാട്, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെയും ജനങ്ങള്‍ക്ക് കോഴിക്കോട് പട്ടണത്തില്‍ എത്തിച്ചേരാനുള്ള പ്രധാന പാതയാണ് പേരാമ്പ്ര പട്ടണം വഴിയുള്ള സംസ്ഥാനപാത.

ഇതില്‍ പേരാമ്പ്ര പട്ടണത്തിലെ ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്കും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും എന്നും തലവേദനയായിരുന്നു.

രോഗികളുമായി പോവുന്ന ആബുലന്‍സുകളും കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് പോവുന്ന യാത്രക്കാരും ഇത്തരം ഗതാഗതക്കുരുക്കുല്‍ കുടുങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. ഇതിനെല്ലാം നാളെയോടെ അറുതിയാവുമെന്ന് കരുതുന്നു.

ഇനി പേരാമ്പ്രയുടെ മണ്ണില്‍ സുഖയാത്ര അനുഭവിക്കാം. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്റെ നിരന്തര ഇടപെടലുകളാണ് ബൈപ്പാസ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.

കൃഷി, പി. ഡബ്ല്യു.ഡി റോഡ്‌സ്, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, റവന്യു, ഇറിഗേഷന്‍ തുടങ്ങിയ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലെത്തിച്ചത്.

പേരാമ്പ്ര കല്ലോട് ചേനായി റോഡ് ജഗ്ഷന് സമീപത്ത് നിന്ന് തുടങ്ങി കക്കാട് വരെ 12 മീറ്റര്‍ വീതയില്‍ 2.768 കിലോമീറ്റര്‍ ദൂരത്തില്‍ 47.29 കോടി രൂപ ചെലവിലാണ് ബൈപ്പാസ് നിര്‍മിച്ചത്. ബിഎംബിസി നിലവാരത്തില്‍ ഏഴ് മീറ്റര്‍ വീതിയിലാണ് റോഡ് ടാറിംഗ് നടത്തിയിരിക്കുന്നത്.

പേരാമ്പ്രയുടെ വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവുകയാണ് ബൈപ്പാസ്. വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവക്കെല്ലാം കുറുകെയാണ് പാത കടന്നുപോകുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/111773/its-only-a-matter-of-seconds-before-the-lifelong-dream-of-lovers-blossoms-at-perambra)