---
title: "കഥകളി പഠന ശിബിരം സമാപിച്ചു"
english_title: "Kathakali learning camp concluded chengottukav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112336/kathakali-learning-camp-concluded-chengottukav"
published_at: "2023-05-03T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64523e7b8b265_1_kathakali.jpg"
keywords: []
---

# കഥകളി പഠന ശിബിരം സമാപിച്ചു

> **Lead Summary:** **ചെങ്ങോട്ടുകാവ് : **ചേലിയ കഥകളി വിദ്യാലയം കഴിഞ്ഞ 12 ദിവസമായി നടത്തി വരുന്ന കഥകളി പഠന ശിബിരം സമാപിച്ചു.

## Article Content

**ചെങ്ങോട്ടുകാവ് : **ചേലിയ കഥകളി വിദ്യാലയം കഴിഞ്ഞ 12 ദിവസമായി നടത്തി വരുന്ന കഥകളി പഠന ശിബിരം സമാപിച്ചു.

' സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഞ്ച് കലാകാരന്മാരുടെ മനസ്സുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഒരു കഥകളി രംഗ വിജയം നേടുകയുള്ളൂ എന്നും വളരെ ക്ലിഷ്ടമായ പരിശീലന , അവതരണ സാധ്യതകള്‍ ഈ കലാരൂപത്തെ ജനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുവെന്നും അതി കഠിനമായ ശ്രമം , നിസ്വാര്‍ത്ഥമായ ഇടപെടല്‍ , ക്ഷമയോടെയുള്ള രംഗാവിഷ്‌കാരം ഇവയിലൂടെ മാത്രമേ കഥകളി രംഗ വിജയം നേടുകയുള്ളൂവെന്നും അദേഹം പറഞ്ഞു.

ഈ മേഖലയിലുള്ള ഏറ്റവും ശ്രദ്ധേയമായ കാല്‍വെപ്പാണ് ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന കഥകളി പഠനശിബിരമെന്നും ഇരുപത് കഥകളി പഠന ശിബിരങ്ങളിലൂടെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളെ ഈ കലാരൂപത്തോടു അഭിനിവേശമുള്ളവരാക്കി മാറ്റി എന്നത് ഏറെ ശ്രദ്ധേയമാണെന്നും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ ചൂണ്ടിക്കാട്ടി.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഷീബ മലയില്‍ ശിബി രാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഡോ: എന്‍.വി. സദാനന്ദന്‍ , സന്തോഷ് സദ്ഗമയ , കലാമണ്ഡലം പ്രേംകുമാര്‍ , കലാമണ്ഡലം ശിവദാസ് , പ്രഭാകരന്‍ പുന്നശ്ശേരി , കലാനിലയം ഹരി , കെ.പി. ബിജു , ജി. പ്രശോഭ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഭരതനാട്യം , ലവണാസുര വധം കഥകളി , അക്‌റോ ബാറ്റിക് നൃത്തം , പ്രഹ്‌ളാദ ചരിതം കഥകളി എന്നിവ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112336/kathakali-learning-camp-concluded-chengottukav)