---
title: "സഹജീവികളുടെ കണ്ണീരൊപ്പുന്ന തരത്തിലാവണം രാഷ്ട്രീയ പ്രവര്‍ത്തനം; വി.ഡി സതീശന്‍ "
english_title: "Political action should be such as to bring tears to the eyes of fellow beings; VD Satheesan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112394/political-action-should-be-such-as-to-bring-tears-to-the-eyes-of-fellow-beings-vd-satheesan"
published_at: "2023-05-03T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452877a8971f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സഹജീവികളുടെ കണ്ണീരൊപ്പുന്ന തരത്തിലാവണം രാഷ്ട്രീയ പ്രവര്‍ത്തനം; വി.ഡി സതീശന്‍ 

> **Lead Summary:** **പേരാമ്പ്ര: **രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും കൂടിയാണെന്നും മനുഷ്യന്റെ സങ്കടങ്ങള്‍ മാറ്റാന്‍ അവന്റെ കണ്ണീരൊപ്പാന്‍ നമ്മള്‍ നടത്തുന്ന പ്രവര്‍ത്തനമാകണം രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

## Article Content

**പേരാമ്പ്ര: **രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും കൂടിയാണെന്നും മനുഷ്യന്റെ സങ്കടങ്ങള്‍ മാറ്റാന്‍ അവന്റെ കണ്ണീരൊപ്പാന്‍ നമ്മള്‍ നടത്തുന്ന പ്രവര്‍ത്തനമാകണം രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മ വാളൂരില്‍ നിര്‍മ്മിച്ച ചോയിക്കൊരു വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരനൊപ്പം നിന്ന് അവന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി ചേര്‍ത്തു പിടിക്കുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസുകാര്‍ക്കുണ്ടാകേണ്ടത്.

എതിരാളിയുടെ കയ്യും കാലും തലയും വെട്ടി വീടുകള്‍ക്ക് ബോംബെറിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം. അത് ക്രിമിനല്‍ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മയുടെ 3-ാം വാര്‍ഷികം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

പ്രിയദര്‍ശിനി കൂട്ടായ്മയുടെ ചെയമാന്‍ കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷനായി. ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ സി. റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, കെ.പി.സി.സി മെമ്പര്‍ സത്യന്‍ കടിയങ്ങാട്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധു കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍, വാര്‍ഡ് മെമ്പര്‍ ടി.വി സിനി, നൊച്ചാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ ടി.പി നാസര്‍ എന്നിവര്‍ സംസാരിച്ചു. എം.കെ ദിനേശന്‍ സ്വാഗതവും മുനീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112394/political-action-should-be-such-as-to-bring-tears-to-the-eyes-of-fellow-beings-vd-satheesan)