---
title: "പേരാമ്പ്ര ബിആര്‍സി തല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു "
english_title: "Perambra BRC level organized book discussion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112487/perambra-brc-level-organized-book-discussion"
published_at: "2023-05-04T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645357ef33212_1_vismayam.jpg"
keywords: []
---

# പേരാമ്പ്ര ബിആര്‍സി തല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **സമഗ്ര ശിക്ഷ കോഴിക്കോടിന്റെ പദ്ധതിയായ വായന വിസ്മയത്തിന്റെ ഭാഗമായി പേരാമ്പ്ര ബിആര്‍സി പരിധിയിലെ അധ്യാപകര്‍ക്ക് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **സമഗ്ര ശിക്ഷ കോഴിക്കോടിന്റെ പദ്ധതിയായ വായന വിസ്മയത്തിന്റെ ഭാഗമായി പേരാമ്പ്ര ബിആര്‍സി പരിധിയിലെ അധ്യാപകര്‍ക്ക് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.

ഏപ്രില്‍ 23 ലോക പുസ്തകദിനം മുതല്‍ വായന ദിനമായ ജൂണ്‍ 19 വരെയുള്ള കാലയളവിനുള്ളില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വായന വിസ്മയം ബിആര്‍സി തല പുസ്തക ചര്‍ച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു പ്രതീകാത്മകമായ പുസ്തകം, സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ജയചന്ദ്രന്‍ മൊകേരിക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്ത് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ജയചന്ദ്രന്‍ മൊകേരി മുഖ്യ പ്രഭാഷണം നടത്തി.

കരിക്കോട്ടക്കരി ആരാച്ചാര്‍, ആടുജീവിതം, വൃദ്ധസദനം, ക്യാന്‍സര്‍ വാര്‍ഡിലെ ചിരി, അമ്മത്തൊട്ടില്‍, നൂറുസിംഹാസനങ്ങള്‍, ബാല്യകാലസഖി, മഞ്ഞ്, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്നീ 10 പുസ്തകങ്ങളാണ് ചര്‍ച്ച ചെയ്തത്.

വീണപൂവ്, ഓടക്കുഴല്‍, മാമ്പഴം, അശ്വമേധം, വാഴക്കുല, നാലുകെട്ട് എന്നീ 6 വേദികളിലാണ് പുസ്തക ചര്‍ച്ച നടത്തിയത്.

പുസ്തക ചര്‍ച്ചയില്‍ വിജയികളായവര്‍ക്ക് വായന സദസ്സില്‍ വെച്ച് സമ്മാനം നല്‍കും. അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിവിധ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

ഹൈസ്‌കൂള്‍ എച്ച്.എം, ഫോറം കണ്‍വീനര്‍ കെ.വി. പ്രമോദ്, വിദ്യാരംഗം ജില്ല കോ ഓര്‍ഡിനേറ്റര്‍ വി.എം. അഷ്റഫ്, എച്ച്എം ഫോറം കണ്‍വീനര്‍ കെ.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വി.പി. നിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിആര്‍സി ട്രെയിനര്‍ കെ. ഷാജിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112487/perambra-brc-level-organized-book-discussion)