---
title: "പൊട്ടിപ്പൊളിഞ്ഞ പൈതോത്ത് റോഡും ടൈല്‍പാകി സംരക്ഷിക്കണം"
english_title: "The cracked Pythoth road in perambra should also be protected by tile paking"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112905/the-cracked-pythoth-road-in-perambra-should-also-be-protected-by-tile-paking"
published_at: "2023-05-06T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455f37fbff07_PAITHOTH_BYPASS.JPG"
keywords: []
---

# പൊട്ടിപ്പൊളിഞ്ഞ പൈതോത്ത് റോഡും ടൈല്‍പാകി സംരക്ഷിക്കണം

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പട്ടണത്തെ പുതിയ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പൈതോത്ത് റോഡ് കുണ്ടും കുഴിയുമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നത് വാഹന-കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പട്ടണത്തെ പുതിയ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പൈതോത്ത് റോഡ് കുണ്ടും കുഴിയുമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നത് വാഹന-കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.

ചാനിയം കടവ്, മേപ്പയ്യൂര്‍ വടകര റോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്കും മാര്‍ക്കറ്റ് ഭാഗത്തുള്ള വാഹനങ്ങള്‍ക്കും ബൈപ്പാസ് റോഡിലേക്കും തിരിച്ചും പ്രവേശിക്കാന്‍ കഴിയുന്ന പ്രധാന റോഡാണ് പൈതോത്ത് റോഡ്.

എന്നാല്‍ മെയിന്‍ റോഡില്‍ നിന്ന് പൈതോത്ത് റോഡില്‍ പ്രവേശിക്കുന്ന കവല മുതല്‍ ബൈപ്പാസ് വരെ റോഡ് ഗതാഗതയോഗ്യമല്ല. റോഡില്‍ നിരക്കെയുള്ള കുഴികള്‍ ഇരുചക്രവാഹങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

കുഴിയിലൂടെ ചാടിച്ചാടി പോകേണ്ട സ്ഥിതിയായതിനാല്‍ പതുക്കെയാണ് വാഹനങ്ങള്‍ സഞ്ചരിക്കാന്‍ കഴിയുന്നത്. വാഹനങ്ങള്‍ കുഴി വെട്ടിച്ച് പോകുന്നത് അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ബൈപ്പാസ് തുടന്നതോടെ ഈ റോഡില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

നഗര സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി പട്ടണത്തില്‍ പ്രധാന റോഡില്‍ പലഭാഗത്തും ചെമ്പ്ര റോഡും ടൈല്‍പാകി സംരക്ഷിച്ചിട്ടുണ്ട്. ഇത് ടാറിംഗിനെക്കാള്‍ കൂടുതല്‍ക്കാലം നിലനിക്കുമെന്നതിനാല്‍ ഇവിടങ്ങളില്‍ റോഡ് തരകാനുള്ള സാധ്യത കുറവാണ്. റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുമ്പോള്‍ ടൈലുകള്‍ എടുത്തുമാറ്റി പിന്നീട് സ്ഥാപിക്കുകയും ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്.

ചെമ്പ്ര റോഡില്‍ മെയിന്‍ റോഡ് മുതല്‍ ബൈപ്പാസ് ജംഗ്ഷന്‍ വരെ ഇത്തരത്തില്‍ ടൈല്‍പാകിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതേ ദൂരം മാത്രമുള്ള പൈതോത്ത് റേഡിലെ ബൈപ്പാസും മെയിന്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗവും ടൈല്‍പാകി സംരക്ഷിച്ചാല്‍ ഇവിടുത്തെ ഗതാഗതം സുഗമമാവുകയും ഈ ഭാഗത്തുണ്ടാവുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112905/the-cracked-pythoth-road-in-perambra-should-also-be-protected-by-tile-paking)