---
title: "നൊച്ചാട് സൗഹൃദം സംഘത്തിന്റെ തച്ചോളിക്കളി അരങ്ങേറി"
english_title: "Nochad Syadratham Sangham's Tacholikali was staged under vajra jubilee feloship perambra block panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112963/nochad-syadratham-sanghams-tacholikali-was-staged-under-vajra-jubilee-feloship-perambra-block-panchayath"
published_at: "2023-05-06T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64562e9fa23cb_THACHOLIKALI_1.jpg"
keywords: []
---

# നൊച്ചാട് സൗഹൃദം സംഘത്തിന്റെ തച്ചോളിക്കളി അരങ്ങേറി

> **Lead Summary:** **പേരാമ്പ്ര :** സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സൗജന്യ കലാപരിശീലന പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നൊച്ചാട് സൗഹൃദം കോല്‍ക്കളി സംഘത്തിന്റെ തച്ചോളിക്കളി അരങ്ങേറി.

## Article Content

**പേരാമ്പ്ര :** സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സൗജന്യ കലാപരിശീലന പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നൊച്ചാട് സൗഹൃദം കോല്‍ക്കളി സംഘത്തിന്റെ തച്ചോളിക്കളി അരങ്ങേറി.

കോല്‍ക്കളിയുടെ വകഭേദമായ തച്ചോളിക്കളി പ്രധാനമായും കടത്തനാട്‌ മേഖലകളിലാണ് പ്രചുരപ്രചാരം നേടിയത്. മയ്‌വഴക്കത്തിന്റെ കലയായ കോല്‍ക്കളിയുടെ ഗുരുക്കന്മാരാണ് തച്ചോളിക്കളിയും അഭ്യസിപ്പിക്കുന്നത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പിന് കീഴില്‍ നൊച്ചാട് പ്രദേശത്തെ സൗഹൃദം കോല്‍ക്കളി സംഘത്തിലെ 15 അംഗനമാരാണ് തച്ചോളിക്കളി അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ നാല് മാസക്കാലത്തെ നിരന്തര പ്രയത്‌നത്തിലൂടെയാണ് ഇവര്‍ ഈ കല സ്വായത്തമാക്കിയത്.

കോല്‍ക്കളി ഗുരുക്കന്മാരായ വിപിന്‍ തീക്കുനി, പി.എം. മഹേഷ് ചെമ്മരത്തൂര്‍ എന്നിവരാണ് ഇവര്‍ക്ക് ചുവടുകള്‍ പകര്‍ന്ന് നല്‍കിയത്. നൊച്ചാട് നരസിംഹക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രസന്നിധിയിലാണ് തച്ചോളിക്കളി അരങ്ങേറ്റം കുറിച്ചത്.

ക്ഷേത്രം മേല്‍ശാന്തി രാധാകൃഷ്ണന്‍ നമ്പൂതിരി, വജ്രജൂബിലി ഫെലോഷിപ്പ് ബ്ലോക്ക് തല കണ്‍വീനര്‍ സൗമ്യ ഹിന്ദോളം, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗം സാവിത്രി മലാപൊയില്‍, ഗുരുക്കള്‍ പി.എം. മഹേഷ് ചെമ്മരത്തൂര്‍, ചന്ദ്രന്‍ കൊന്നിയൂര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തിയതോട പേരാമ്പ്ര മേഖലയിലും വനിതകളുടെ തച്ചോളിക്കളിക്ക് അരങ്ങേറ്റത്തിന് തുടക്കം കുറിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112963/nochad-syadratham-sanghams-tacholikali-was-staged-under-vajra-jubilee-feloship-perambra-block-panchayath)