---
title: "പന്തിരിക്കര സൂപ്പിക്കടയില്‍ മൂന്ന് കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ റിമാന്റില്‍ "
english_title: "Two persons remanded with about three kilos of ganja in Pantirikara soup shop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113924/two-persons-remanded-with-about-three-kilos-of-ganja-in-pantirikara-soup-shop"
published_at: "2023-05-10T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb199e0c8d_sing.jpg"
keywords: []
---

# പന്തിരിക്കര സൂപ്പിക്കടയില്‍ മൂന്ന് കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ റിമാന്റില്‍ 

> **Lead Summary:** **പേരാമ്പ്ര: **മൂന്ന് കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് പേര്‍ റിമാന്റില്‍. പന്തിരിക്കര സൂപ്പിക്കടയില്‍ പാറേമ്മല്‍ ലത്തീഫ് , സുഹൃത്തും സൂപ്പിക്കടയില്‍ വാടകക്ക് താമസിക്കുന്ന ഇടിയോട്ടില്‍ സുലൈഖ എന്നിവരെയാണ് പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ആര്‍.സി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**പേരാമ്പ്ര: **മൂന്ന് കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് പേര്‍ റിമാന്റില്‍. പന്തിരിക്കര സൂപ്പിക്കടയില്‍ പാറേമ്മല്‍ ലത്തീഫ് , സുഹൃത്തും സൂപ്പിക്കടയില്‍ വാടകക്ക് താമസിക്കുന്ന ഇടിയോട്ടില്‍ സുലൈഖ എന്നിവരെയാണ് പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ആര്‍.സി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര മജിട്രേസ്റ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുലൈഖയുടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതായുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയതോടെയാണ് പ്രതികള്‍ കെണിയില്‍ അകപ്പെട്ടത്.

സുലൈഖയുടെ വീട്ടില്‍ നിന്നും 2.760 കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തതോടെ ഇവിടെ കഞ്ചാവ് സൂക്ഷിച്ചത് ലത്തീഫ് ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട്ടില്‍ ഒളിച്ച പ്രതിയെ പൊലീസ് കീഴ്പ്പെടുത്തിയത് നാല് മണിക്കൂര്‍ കൊണ്ടാണ്.

പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതി വീട്ടിനകത്ത് ഇരിപ്പുറപ്പിച്ചത്. വാതില്‍ തുറക്കാന്‍ പ്രതി കൂട്ടാക്കാതെ വന്നതോടെ കൂടുതല്‍ പൊലീസെത്തി സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ ബലപ്രയോഗത്തിലൂടെ ഇയാളെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.

ഉച്ചക്ക് ശേഷം ആരംഭിച്ച ദൗത്യം 7.45 ഓടെയാണ് അവസാനിച്ചത്. ഇവിടെ നിന്നും 2.760 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലത്തീഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് വിധേയനാക്കി.

ലത്തീഫിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കാലത്ത് സുലൈഖയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇരു പ്രതികളെയും തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കി. ലത്തീഫിനെ വടകര സബ്ബ് ജയിലിലേക്കും സുലൈഖയെ മാനന്തവാടി വനിത ജയിലിലേക്കും മാറ്റി. കഞ്ചാവ് സൂക്ഷിച്ച സുലൈഖ വീട്ടിലെ കുട്ടികളെ മര്‍ദ്ദിച്ചതായി ലഭിച്ച പരാതിയില്‍ മറ്റൊരു കേസും ലത്തീഫിന്റെ പേരില്‍ പൊലീസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113924/two-persons-remanded-with-about-three-kilos-of-ganja-in-pantirikara-soup-shop)