---
title: "കടിയങ്ങാട് - പൂഴിത്തോട് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പൊതുമരാമത്ത് ഓഫീസ് ഉപരോധവുമായി ജനപ്രതിനിധികള്‍ "
english_title: "People's representatives boycott the public works office against the poor condition of the Katiangad-Puzhithode road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114326/peoples-representatives-boycott-the-public-works-office-against-the-poor-condition-of-the-katiangad-puzhithode-road"
published_at: "2023-05-12T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e169b0bb8b_1_ks.JPG"
keywords: []
---

# കടിയങ്ങാട് - പൂഴിത്തോട് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പൊതുമരാമത്ത് ഓഫീസ് ഉപരോധവുമായി ജനപ്രതിനിധികള്‍ 

> **Lead Summary:** **കുറ്റ്യാടി: **കടിയങ്ങാട് - പൂഴിത്തോട് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ സമരവുമായി ജനപ്രതിനിധികള്‍.

## Article Content

**കുറ്റ്യാടി: **കടിയങ്ങാട് - പൂഴിത്തോട് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ സമരവുമായി ജനപ്രതിനിധികള്‍.

റോഡിന്റെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിക്കുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് കുറ്റ്യാടിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുന്നത്.

കടിയങ്ങാട് പെരുവണ്ണാമൂഴി പൂഴിത്തോട് റോഡ് നവീകരണത്തിനായി സര്‍ക്കാര്‍ 19 കോടി രൂപ വകയിരുത്തുകയും പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തതാണ്. മലബാര്‍ പ്ലസ് എന്ന നിര്‍മ്മാണ കമ്പനിയാണ് പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്. റോഡ് നവീകരണ പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ഈ റൂട്ടിലുള്ള യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്.

റോഡ് നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഇത് വഴി കടന്ന് പോവുക ഏറെ ദുഷ്‌ക്കരമാണ്. ചെറിയ വാഹന യാത്രികള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പൊടിശല്യവും രൂക്ഷമാണ്.

കരാറുകാരുടെ അനാസ്ഥയാണ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തതിന് പ്രധാന കാരണം. എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും പ്രവര്‍ത്തിയുടെ മെല്ലെപോക്കിന് അറുതിയായില്ല.

പ്രദേശത്ത് വേനല്‍ മഴ ലഭിച്ച് തുടങ്ങിയതോടെ റോഡില്‍ വെള്ളകെട്ടുകള്‍ രൂപപ്പെട്ടത് യാത്ര കൂടുതല്‍ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കനക്കുന്നതോടെ ഈ റോഡിലൂടെ യാത്ര അസാധ്യമാവും. ഇതിനെ തുടര്‍ന്നാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലൂടെ ഈ റോഡ് കടന്ന് പോവുന്ന വാര്‍ഡുകളിലെ മെമ്പര്‍മാര്‍ ഉപരോധ സമരവുമായി രംഗത്തെത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തില്‍ അംഗങ്ങളായ ടി.കെ. ഷൈലജ, കെ.ടി. മൊയ്തീന്‍, വി.കെ. ഗീത, കെ. മബഷിറ എന്നിവരാണ് പൊതുമരാമത്ത് ഓഫീസ് ഉപരോധിക്കുന്നത്.

ഇന്ന് കാലത്ത് മുതല്‍ ഇവര്‍ കുറ്റ്യാടിയിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഓഫീസ് ഉപരോധിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡനറ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114326/peoples-representatives-boycott-the-public-works-office-against-the-poor-condition-of-the-katiangad-puzhithode-road)