---
title: "എല്‍.ജെ.ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടില്‍ ബഹുജനറാലി "
english_title: "Mass rally at Muthukat under the leadership of LJD Perampra Constituency Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114380/mass-rally-at-muthukat-under-the-leadership-of-ljd-perampra-constituency-committee"
published_at: "2023-05-12T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e4d5a08165_sing.jpg"
keywords: []
---

# എല്‍.ജെ.ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടില്‍ ബഹുജനറാലി 

> **Lead Summary:** **പേരാമ്പ്ര:** എല്‍.ജെ.ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച മുതുകാട്ടില്‍ ബഹുജനറാലി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** എല്‍.ജെ.ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച മുതുകാട്ടില്‍ ബഹുജനറാലി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹരിയാനയിലെ കര്‍ഷക നേതാവും ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരങ്ങളുടെ മുന്നണി പടയാളിയും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ ദേവീന്ദ്രശര്‍മ്മ പങ്കെടുക്കും. പരിപാടി പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ വര്‍ഗീസ് ജോര്‍ജ് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി എന്‍.കെ.വത്സന്‍ എന്നിവരും മറ്റ് സംസ്ഥാന ജില്ലാനേതാക്കളും സംസാരിക്കുമെന്നും സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുതുകാട് കൂത്താളി കര്‍ഷക സമരങ്ങളുടെ ചരിത്ര സ്മരണകള്‍ പുതു തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതിനോടൊപ്പം സംഘടനയ്ക്ക് കരുത്തും ആത്മവിശ്വാസവും ആര്‍ജിക്കുന്നതിലേക്കും എല്‍.ജെ ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു വര്‍ഷം നീളുന്ന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്.

മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന ക്യാമ്പ്, കലാസാംസ്‌കാരിക പരിപാടികള്‍, കുടുംബ സംഗമങ്ങള്‍, ഗൃഹയോഗങ്ങള്‍ എന്നിവ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു.

സഹകാരി സംഗമം എംപ്ലോയീസ് റിട്ടയേഡ് എംപ്ലോയീസ് സംഗമങ്ങള്‍, ബാലജനതാ വിദ്യാര്‍ത്ഥി സംഗമങ്ങള്‍, ട്രേസ് യൂണിയന്‍ സംഗമം എന്നിവയും പരിപാടിയുടെ ഭാഗമായി ഇനിയും നടക്കാനുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ സി.ഡി പ്രകാശ്, സുരേഷ് ഓടയില്‍, എം.പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114380/mass-rally-at-muthukat-under-the-leadership-of-ljd-perampra-constituency-committee)