---
title: "തീരദേശ വിഷയങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണും; മന്ത്രി സജി ചെറിയാന്‍ "
english_title: "Coastal issues will be resolved quickly; Minister Saji Cherian"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115662/coastal-issues-will-be-resolved-quickly-minister-saji-cherian"
published_at: "2023-05-18T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466491e47ffc_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# തീരദേശ വിഷയങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണും; മന്ത്രി സജി ചെറിയാന്‍ 

> **Lead Summary:** **കൊയിലാണ്ടി:** തീരദേശ വിഷയങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണുമെന്നും ഇതിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍.

## Article Content

**കൊയിലാണ്ടി:** തീരദേശ വിഷയങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണുമെന്നും ഇതിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍.

കൊയിലാണ്ടിയിലെ തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരസദസ്സിലൂടെ ലഭിച്ച പരാതികളില്‍ ഉടനടി പരിഹാരിക്കാനാവുന്നത് തീര്‍പ്പാക്കിയിട്ടുണ്ട്.

ശേഷിക്കുന്നവ ആറ് മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 57ഫിഷറീസ് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

തീരദേശ മേഖലയില്‍ മികച്ച വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കായി കെ ഡിസ്‌കുമായി സഹകരിച്ച് തൊഴില്‍മേള സംഘടിപ്പിക്കും.

മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സംരംഭങ്ങള്‍ ആംഭിക്കും. ഇത്തരത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് തീരമേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് മാസം വരെ കടലില്‍ താമസിച്ച് മത്സ്യബന്ധനം നടത്തുന്നതിന് സൗകര്യമുള്ള അത്യാധുനിക ബോട്ടുകള്‍ വിതരണം ചെയ്തുവരുന്നു.

വരും വര്‍ഷം ആംബുലന്‍സ് ബോട്ടുകളും ലഭ്യമാക്കും. മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് ഡ്രസ് കോഡ്, വാഹനങ്ങള്‍ എന്നിവ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ 45 ദിവസത്തിനുള്ളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചെറുതും വലുതുമായ യാനങ്ങളുടെ പെര്‍മിറ്റ് ഫീസ് സംബന്ധിച്ച പ്രശ്‌നം പരിശോധിച്ച് പരിഹരിക്കുമന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടി തീരദേശ സദസ്സിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ചര്‍ച്ച നടന്നു. ഹാര്‍ബറില്‍ നിന്ന് കാപ്പാട് ഭാഗത്തേക്കുള്ള കവലാട് ബീച്ച് വരെയുള്ള തീരദേശ റോഡില്‍ ആദ്യത്തെ രണ്ട് കിലോമീറ്റര്‍ റീടാര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.

അവശേഷിക്കുന്ന ഭാഗത്ത് കടല്‍ ഭിത്തി നിര്‍മ്മിച്ച് റോഡ് നവീകരിക്കുന്നതിനായുള്ള പ്രോപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കോള്‍ഡ് സ്റ്റോറേജ്, ഇന്റേണല്‍ റോഡ്, നെറ്റ് റിപ്പയറിംഗ് സെന്റര്‍ ഉള്‍പ്പെടെ നവീകരണത്തിനായി 21 കോടി രൂപയുടെ അനുമതി ലഭിച്ച കൊയിലാണ്ടി ഹാര്‍ബറിനെ മോഡല്‍ ഹാര്‍ബറാക്കി മാറ്റും.

സി.ആര്‍.സെഡ് പരിധിയില്‍ 50 മീറ്ററിനും100 മീറ്ററിനും ഇടയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഹാര്‍ബര്‍ എഞ്ചിനിയറിംഗ് സബ് ഡിവിഷന്‍ ഓഫീസ് മാറ്റരുതെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നത് പരിഗണിക്കും.

മത്സ്യത്തൊഴിലാളി സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുന്ന കാര്യം പരിശോധിച്ച് വരികയാണ്. 2022 മാര്‍ച്ച് 31 ന് മുന്നേ ലഭിച്ച മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കായുള്ള വിവാഹ ധനസഹായം അടിയന്തിരമായി വിതരണം ചെയ്യണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 14,15,17 വാര്‍ഡുകളില്‍ ഡ്രെയ്‌നേജ് നിര്‍മ്മിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് മന്ത്രി ആവശ്യപ്പെട്ടു.

അടുത്ത സാമ്പത്തിക വര്‍ഷം ഇത് പരിഗണനയിലെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏഴ് കുടിക്കല്‍ തോടിലെ മണ്ണ് രണ്ടാഴ്ച്യ്ക്കകം നീക്കണം. സുനാമി കോളനിയിലെ 25 വീടുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കും.

കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി ജല്‍ ജിവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട്, ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമ, മുന്‍ എംഎല്‍എ കെ.ദാസന്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീലു, ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച തീരദേശത്തെ പ്രതിഭകളെ ആദരിച്ചു. വിവിധ ആനുകൂല്യങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115662/coastal-issues-will-be-resolved-quickly-minister-saji-cherian)