---
title: "പൊലീസ്, എക്‌സൈസ് അനാസ്ഥ; പേരാമ്പ്രയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു "
english_title: "Police and Excise negligence; Drug mafia takes hold in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115807/police-and-excise-negligence-drug-mafia-takes-hold-in-perambra"
published_at: "2023-05-19T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646753acbbc6e_1_md.jpg"
keywords: []
---

# പൊലീസ്, എക്‌സൈസ് അനാസ്ഥ; പേരാമ്പ്രയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു 

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ടൗണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനെതിരെ ചെറുവിരലനക്കാത്ത പേരാമ്പ്ര പൊലീസ്, എക്‌സൈസിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ടൗണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനെതിരെ ചെറുവിരലനക്കാത്ത പേരാമ്പ്ര പൊലീസ്, എക്‌സൈസിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

അറസ്റ്റ് ചെയ്യുന്ന പ്രതികള്‍ക്ക് നിസ്സാര വകുപ്പുകള്‍ ചുമത്തി പെട്ടെന്ന് പുറത്തുവിടുന്നത് ഇവരുടെ പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന് സഹായകരമാവുകയാണെന്നും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത പേരാമ്പ്ര ടൗണിലെ മാംസ വ്യാപാരിയെ നിരവധിതവണ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇയാള്‍ക്കെതിരെ തുടരന്വേഷണം നടത്തി കൂട്ടാളികളെ കണ്ടെത്താനോ, ഇതിന്റെ ഉറവിടം കണ്ടെത്താനോ, വീണ്ടും ഇത്തരം പ്രവര്‍ത്തനത്തില്‍ നിന്ന് ഇയാളെ തടയാനോ കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് ലീഗ് പറഞ്ഞു.****

പേരാമ്പ്ര ടൗണിലെ ചില കടകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയ പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പേരാമ്പ്ര ടൗണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനം പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

കഞ്ചാവിനും ഹാന്‍സിനും പുറമേ എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി വസ്തുക്കള്‍ പേരാമ്പ്രയില്‍ സുലഭമാണ്. സ്ഥിരം പ്രതികള്‍ ആകുന്നവരെ കേന്ദ്രീകരിച്ച് വേണ്ടത്ര തുടര്‍ അന്വേഷണങ്ങള്‍ നടത്താത്തതാണ് ഇത്തരം ലഹരി മാഫിയ സംഘങ്ങളെ പേരാമ്പ്രയില്‍ സജീവമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

പേരാമ്പ്ര ബീവറേജ് ബസ്റ്റാന്‍ഡിലേക്ക് മാറ്റിയതോടുകൂടി ഇവരുടെ താവളമായി പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് മാറുകയാണെന്നും ലഹരി ഉപയോഗിക്കുന്ന ആളുകള്‍ പ്രകോപിതരായി യാത്രക്കാരായ ആളുകളെ അസഭ്യം പറയുന്നത് പതിവാണെന്നും പേരാമ്പ്രയിലെ എക്‌സൈസ് സംഘവും വേണ്ടത്ര ഗൗരവത്തില്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പേരാമ്പ്ര മേഖലയില്‍ വലിപ്പച്ചെറുപ്പമില്ലാതെ നിരവധി ആളുകള്‍ ലഹരിക്ക് അടിമയാണ്. പലപ്പോഴും വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ പ്രകോപിതരാകുന്ന അവസ്ഥയില്‍ ആശുപത്രികളില്‍ അടക്കം എത്തിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണങ്ങള്‍ നടത്തി ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഉത്തരവാദപ്പെട്ട പൊലീസ് എക്‌സൈസ് സംഘങ്ങള്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്.

അടുത്ത ദിവസം സ്‌കൂളുകള്‍ തുറക്കാന്‍ പോവുകയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ലഹരി മാഫിയ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇത് തടയാന്‍ വേണ്ട കൃത്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കാന്‍ തയ്യാറാകണം.

ഉത്തരവാദപ്പെട്ട വകുപ്പ് മേധാവികളില്‍ നിന്നും ഇത്തരം ഗൗരവതരമായ വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച് മുന്നോട്ട് പോകാനാണ് ഇനിയും തീരുമാനമെങ്കില്‍ ശക്തമായ സമരപരിപാടിക്ക് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് നേതൃത്വം നല്‍കും.

സി.കെ. ഹാഫിസ്, ആര്‍.എം. നിഷാദ്, സഈദ് അയനിക്കല്‍, ഷക്കീര്‍ ഏരത്ത്മുക്ക്, നിയാസ് കക്കാട്, ഷംസുദ്ദീന്‍ മരുതേരി, ഷബീര്‍ ചാലില്‍, നജീബ് അരീക്കല്‍, യാസര്‍ കക്കാട് തുടങ്ങി നേതാക്കള്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115807/police-and-excise-negligence-drug-mafia-takes-hold-in-perambra)