---
title: "നിപ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു: പാറക്കല്‍ അബ്ദുല്ല "
english_title: "Govt cheated families of Nipah victims: Parakkal Abdullah"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116029/govt-cheated-families-of-nipah-victims-parakkal-abdullah"
published_at: "2023-05-20T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468ce92e1de0_1_ann1.JPG"
keywords: []
---

# നിപ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു: പാറക്കല്‍ അബ്ദുല്ല 

> **Lead Summary:** ** പേരാമ്പ്ര: **നിപ വൈറസ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ വാക്കെല്ലാം ജലരേഖയായി മാറിയെന്നും അവരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

## Article Content

** പേരാമ്പ്ര: **നിപ വൈറസ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ വാക്കെല്ലാം ജലരേഖയായി മാറിയെന്നും അവരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തീരിക്കരക്കടുത്ത സൂപ്പിക്കടയിലെ വളച്ചുകെട്ടി മൂസ മുസ്ല്യാരുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിപ ബാധിച്ച് മൂസ മുസ്ല്യാരുടെ മകന്‍ സാലിഹും സാബിത്തും സഹോദരന്റെ ഭാര്യ മറിയവും മരണപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ സിവില്‍ എഞ്ചിനീയറിങ് കോഴ്‌സിന് പഠിച്ചുകൊണ്ടിരുന്ന സാലിഹ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ പന്തീരിക്കര ബ്രാഞ്ചില്‍നിന്ന് നാല് ലക്ഷം വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. ഇപ്പോള്‍ അത് പലിശ ഇരട്ടിച്ച് 12 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു.

ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേക്ക് കടക്കുകയാണ്. സാലിഹിന്റെ ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നുമെല്ലാം ആ കാലത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ജലരേഖയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്ന് അദേഹം പറഞ്ഞു.

വഞ്ചനാപരവും നിഷേധാത്മകവുമായ സമീപനമാണ് വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളോട് സര്‍ക്കാര്‍ ചെയ്തത്. നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പേരാമ്പ്രയിലായിരുന്നു. വലിയ ഭീതിയോടെയാണ് എല്ലാവരും ആ കാലത്ത് കഴിഞ്ഞുകൂടിയത്.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് മരണപ്പെട്ടവരുടെ സംസ്‌കാരവും അനുബന്ധ കാര്യങ്ങളും നടന്നത്. നിപ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദയനീയ സ്ഥിതി അക്കാലത്ത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

ഇതനുസരിച്ചാണ് ഇവരുടെ ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് മന്ത്രിമാര്‍ വാക്കു നല്‍കിയത്. ഈ വാക്കാണ് ഇപ്പോള്‍ പാലിക്കപ്പെടാതെ പോയത്. അടിയന്തര പ്രാധാന്യത്തോടെ പ്രശ്‌നം ഏറ്റെടുത്ത് എത്രയും പെട്ടെന്ന് ഇക്കാര്യത്തിന് പരിഹാരം കാണണമെന്ന് പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്  ആനേരി നസീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ലത്തീഫ് മൂലക്കല്‍, ആപ്പറ്റ മൂസ്സ, പി.കെ യൂസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116029/govt-cheated-families-of-nipah-victims-parakkal-abdullah)