---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിനായ് നൂതന പദ്ധതികളും ചിന്തകളുമായി അച്ഛന്റെ പാതയില്‍ മകളും "
english_title: "Daughter follows father's path with innovative plans and thoughts for Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116499/daughter-follows-fathers-path-with-innovative-plans-and-thoughts-for-nochad-higher-secondary-school"
published_at: "2023-05-22T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ba82e49878_sing.jpg"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിനായ് നൂതന പദ്ധതികളും ചിന്തകളുമായി അച്ഛന്റെ പാതയില്‍ മകളും 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ഹെഡ്മിസ്ട്രസ്സായി എം.ബിന്ദു ചാര്‍ജ്ജെടുക്കുമ്പോള്‍ അതൊരു അപൂര്‍വ്വ ചരിത്രമാവുകയാണ്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ഹെഡ്മിസ്ട്രസ്സായി എം.ബിന്ദു ചാര്‍ജ്ജെടുക്കുമ്പോള്‍ അതൊരു അപൂര്‍വ്വ ചരിത്രമാവുകയാണ്.

മുപ്പത്തഞ്ച് വര്‍ഷം സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ ഉന്നതിയിലെത്തിച്ച് വിശ്രമജീവിതം നയിക്കുന്ന എം.വി.രാഘവന്‍ നായരുടെ മകളാണ് എം.ബിന്ദു.

സ്‌കൂളിനെ മികവിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാഘവന്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്‌കൂളില്‍ യൂണിഫോം ഏര്‍പ്പെടുത്തിയ അന്നു മുതല്‍ അദ്ദേഹവും അതേ യൂണിഫോമാണ് സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തിട്ട് പോലും ഇപ്പോഴും ധരിച്ചു വരുന്നത്.

വലതു കൈയില്‍ ഒരു ബാഗും പിടിച്ച് മായഞ്ചേരി പൊയിലില്‍ നിന്നും ചാലിക്കരയിലൂടെ കാല്‍നടയായി സ്‌കൂളിലേക്ക് കൃത്യ സമയം പാലിച്ച് വരുന്ന രാഘവന്‍ പലര്‍ക്കും ഒരു സമയസൂചികയായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥാപനത്തെ കൂടുതല്‍ മികവുറ്റതാക്കാനുള്ള നൂതന പദ്ധതികളും ചിന്തകളുമായിട്ടാണ് അച്ഛന്റെ പാതയില്‍ മകള്‍ ചുമതല ഏറ്റെടുക്കുന്നത്.

നിരവധി വ്യക്തികളും സംഘടനകളും ടീച്ചര്‍ക്ക് ആശംസകളുമായി സ്‌കൂളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള രണ്ട് വര്‍ഷം വിവിധ കര്‍മ്മ പദ്ധതികളിലൂടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെ സ്‌കൂള്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുകയാണ് പുതി ഹെഡ്മിസ്ട്രസ്സിന്റ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116499/daughter-follows-fathers-path-with-innovative-plans-and-thoughts-for-nochad-higher-secondary-school)