---
title: "പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം; സംയുക്ത തൊഴിലാളി യൂണിയൻ"
english_title: "Dismissed workers should be reinstated ; joint labor union at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118491/dismissed-workers-should-be-reinstated-joint-labor-union-at-perambra"
published_at: "2023-05-31T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64776c7e017f0_1_vartha.JPG"
keywords: []
---

# പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം; സംയുക്ത തൊഴിലാളി യൂണിയൻ

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര വിക്ടറി ടൈൽസ് & സാനിറ്ററി സ്ഥാപനത്തിൽ നിന്നും അകാരണമായി പിരിച്ചു വിട്ട തൊഴിലാളികളെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ മാനേജ്മെന്റ് തയ്യാറാവണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര വിക്ടറി ടൈൽസ് & സാനിറ്ററി സ്ഥാപനത്തിൽ നിന്നും അകാരണമായി പിരിച്ചു വിട്ട തൊഴിലാളികളെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ മാനേജ്മെന്റ് തയ്യാറാവണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

15 വർഷത്തോളമായി തൊഴിൽ ചെയ്യുന്ന ഏഴ് തൊഴിലാളികൾക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഈ സ്ഥാപനം തൊഴിലാളികൾക്ക് ഇഎസ്ഐ, പിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞമാസം തൊഴിലാളി യൂണിയൻ ലേബർ ഓഫീസറെ സമീപിക്കുകയും തുടർന്ന് രണ്ടാഴ്ച മുമ്പേ ലേബർ ഓഫീസർ സ്ഥാപനത്തിൽ പരിശോധനക്ക് വരികയും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിനെതിരെയുള്ള പ്രതികാര നടപടി എന്ന നിലയിലാണ് സ്ഥാപനത്തിലെ സിഐടിയു, ബിഎംഎസ് തൊഴിലാളി സംഘടനയിലെ ഏഴ് പ്രവർത്തകരെ പുറത്താക്കിയതെന്ന് തൊഴിലാളി സംഘടനങ്ങൾ പറയുന്നു.

ഈ കാലയളവിൽ രണ്ട് പ്രാവശ്യം പേരാമ്പ്രയിലെ വ്യാപാര സമിതിയും ഒരു പ്രാവശ്യം പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിലും ഒത്ത് തീർപ്പ് ചർച്ച നടത്തിയെങ്കിലും മാനേജ്മെന്റിന്റെ ധിക്കാരപരമായ സമീപനം കൊണ്ട് ചർച്ച പരാജയപ്പെടുകയാണ് ഉണ്ടായതെന്നും തൊഴിലാളികൾ ആരോപിച്ചു.

തൊഴിലാളികളെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ. സുനിൽ, ശശി കുമാർ പേരാമ്പ്ര, എൻ.കെ. ലാൽ, കെ.പി. സജീഷ്, ചന്ദ്രൻ കുണ്ടുങ്ങര, സി.പി. ദിലീപ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118491/dismissed-workers-should-be-reinstated-joint-labor-union-at-perambra)