---
title: "വിക്ടറി ടൈല്‍സ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കോടതി ഉത്തരവ്; സമരം ശക്തമാക്കി സമരസമിതി"
english_title: "Court Order to Open Victory Tiles; The strike committee intensified the strike at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118589/court-order-to-open-victory-tiles-the-strike-committee-intensified-the-strike-at-perambra"
published_at: "2023-06-01T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64782e8bd1c54_1_ass.JPG"
keywords: []
---

# വിക്ടറി ടൈല്‍സ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കോടതി ഉത്തരവ്; സമരം ശക്തമാക്കി സമരസമിതി

> **Lead Summary:** ** പേരാമ്പ്ര: **വിക്ടറി ടൈല്‍സ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കോടതി ഉത്തരവ്, സമരം ശക്തമാക്കി സമരസമിതി.

## Article Content

** പേരാമ്പ്ര: **വിക്ടറി ടൈല്‍സ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കോടതി ഉത്തരവ്, സമരം ശക്തമാക്കി സമരസമിതി.

തൊഴില്‍ പ്രശ്‌നം മൂലം പ്രവര്‍ത്തനം നിലച്ച പേരാമ്പ്ര കക്കാട്ടെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററിവേര്‍ എന്ന സ്ഥാപനമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

സ്ഥാപനത്തില്‍ മുന്നില്‍ സമരം ശക്തമാക്കി സിഐടിയു, ബിഎംഎസ് സംയുക്ത സമരസമിതി.

പേരാമ്പ്ര വിക്ടറി ടൈല്‍സ് & സാനിറ്ററി സ്ഥാപനത്തില്‍ നിന്നും 15 വര്‍ഷത്തോളമായി തൊഴില്‍ ചെയ്യുന്ന ഏഴ് തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു.

പിരിച്ചു വിട്ട തൊഴിലാളികളെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം തൊഴിലാളി യൂണിയന്‍ ലേബര്‍ ഓഫീസറെ സമീപിക്കുകയും തുടര്‍ന്ന് രണ്ടാഴ്ച മുമ്പേ ലേബര്‍ ഓഫീസര്‍ സ്ഥാപനത്തില്‍ പരിശോധനക്ക് വരികയും ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിനെതിരെയുള്ള പ്രതികാര നടപടി എന്ന നിലയിലാണ് സ്ഥാപനത്തിലെ സിഐടിയു, ബിഎംഎസ് തൊഴിലാളി സംഘടനയിലെ ഏഴ് പ്രവര്‍ത്തകരെ പുറത്താക്കിയതെന്ന് തൊഴിലാളി സംഘടനങ്ങള്‍ പറഞ്ഞിരുന്നു.

ഈ കാലയളവില്‍ രണ്ട് പ്രാവശ്യം പേരാമ്പ്രയിലെ വ്യാപാര സമിതിയും ഒരു പ്രാവശ്യം പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിദ്ധ്യത്തിലും ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റിന്റെ ധിക്കാരപരമായ സമീപനം കൊണ്ട് ചര്‍ച്ച പരാജയപ്പെടുകയാണ് ഉണ്ടായതെന്നും തൊഴിലാളികള്‍ ആരോപിച്ചിരുന്നു.

തൊഴിലാളികളെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് വിക്ടറി ടൈല്‍സ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കോടതി ഉത്തരവിറക്കിയത്. സമരം ശക്തമായി തുടരുമെന്ന് സമരസമിതി അറിയിച്ചു.

പ്രശ്‌ന സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഉണ്ട്.

പ്രശ്‌നം പരിഹരിക്കുന്നതിനായ് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെയും സ്ഥാപന ഉടമകളുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118589/court-order-to-open-victory-tiles-the-strike-committee-intensified-the-strike-at-perambra)