---
title: "തുറന്ന വിക്ടറിയില്‍ സംഘര്‍ഷം, വീണ്ടും അടച്ചു; മൂന്ന് പേര്‍ക്ക് പരുക്ക് "
english_title: "Conflict in open Victory, closed again; Three people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118774/conflict-in-open-victory-closed-again-three-people-were-injured"
published_at: "2023-06-01T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478b382ee7a5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# തുറന്ന വിക്ടറിയില്‍ സംഘര്‍ഷം, വീണ്ടും അടച്ചു; മൂന്ന് പേര്‍ക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര:** തൊഴിലാളി സമരം മൂലം അടച്ചിട്ട് ഹൈക്കോടതി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന പേരാ്രമ്പയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററിവേര്‍ വീണ്ടും അടച്ചു.

## Article Content

**പേരാമ്പ്ര:** തൊഴിലാളി സമരം മൂലം അടച്ചിട്ട് ഹൈക്കോടതി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന പേരാ്രമ്പയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററിവേര്‍ വീണ്ടും അടച്ചു.

വിക്ടറിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ സബ്ബ് ഇന്‍സ്പക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്. സിഐടിയു ബിഎംഎസ് നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി സമരം ശക്തമാക്കിയിരുന്നു.

കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വന്‍ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇന്ന് കാലത്ത് മുതല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടി സമരസമിതി നേതാക്കളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും സ്ഥാപന ഉടമകളുമായും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.

തുടര്‍ന്ന് സ്ഥാപനത്തിന് മുന്നില്‍ സമരം നടത്തി വന്ന 14 പേരെ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് കോടതി ഉത്തരവ് നടപ്പിലാക്കിയത്.

വൈകിട്ട് സിഐടിയു ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി വിക്ടറിക്ക് മുന്നിലെത്തിതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

പേരാമ്പ്ര കക്കാട് പ്രവര്‍ത്തിക്കുന്ന വിക്ടറിയുടെ രണ്ട് സ്ഥാപനങ്ങളിലേക്കും പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യവുമായി എത്തിയത് പൊലീസ് തടയാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി.

ഇതിനിടയില്‍ വിക്ടറിക്കുള്ളിലേക്ക് കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ നശിപ്പിച്ചതായും ഗ്ലാസുകള്‍ തകര്‍ത്തതായും മാനേജ്‌മെന്റ് അറിയിച്ചു. പൊലീസുമായുള്ള ഉന്തും തള്ളിനുമിടയില്‍ പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്പക്ടര്‍ കെ. അനില്‍ കുമാറിനും സമരക്കാരുടെ കയ്യേറ്റത്തില്‍ വിക്ടറിയിലെ ജീവനക്കാരായ നിവേദ് (22) ന് പരുക്കേല്‍ക്കുകയും ഷാജി (45) ന് ഗ്ലാസുകൊണ്ട് മുറിയുകയും ചെയ്തു.

മൂവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥാപനം അടക്കാതെ പിരിഞ്ഞ് പോവില്ലെന്നും അകത്തുള്ള മാനേജ്‌മെന്റ് പ്രതിനിധികളെ പുറത്ത് പോവാന്‍ അനുവദിക്കില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

തുടര്‍ന്ന് പൊലീസും സമരസമിതി നേതാക്കളും വിക്ടറി മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം അടക്കാനും നാളെ ജില്ല ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചക്ക് ശേഷം സ്ഥാപനം തുറക്കാമെന്ന ധാരണയില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118774/conflict-in-open-victory-closed-again-three-people-were-injured)