---
title: "ലോകത്ത് രണ്ടായിരം റാങ്കോടെ സജീവന്റെ കളിമുറ്റം ഇരുപത്തിമൂന്നാം വര്‍ഷത്തിലേക്ക് "
english_title: "Sajeevn perambra' s kalimuttam enters the twenty-third year with a rank of two thousand in the world  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119162/sajeevn-perambra-s-kalimuttam-enters-the-twenty-third-year-with-a-rank-of-two-thousand-in-the-world"
published_at: "2023-06-03T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ad28e4de15_1_sss.jpg"
keywords: []
---

# ലോകത്ത് രണ്ടായിരം റാങ്കോടെ സജീവന്റെ കളിമുറ്റം ഇരുപത്തിമൂന്നാം വര്‍ഷത്തിലേക്ക് 

> **Lead Summary:**  **പേരാമ്പ്ര: **വേള്‍ഡ് ഡ്രാമാബുക്‌സിന്റെ മികച്ച ഡ്രാമാവര്‍ക് ഷോപ്പുകളെകണ്ടെത്തുന്ന സര്‍വ്വേയില്‍ നാടക പ്രവര്‍ത്തകന്‍ കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് നേടിയെടുത്ത രണ്ടായിരം റാങ്കിന്റെ മികവോടെ കളിമുറ്റം നാടക ക്യാമ്പ് ഇരുപത്തിമൂന്നാം വര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുന്നു.

## Article Content

 **പേരാമ്പ്ര: **വേള്‍ഡ് ഡ്രാമാബുക്‌സിന്റെ മികച്ച ഡ്രാമാവര്‍ക് ഷോപ്പുകളെകണ്ടെത്തുന്ന സര്‍വ്വേയില്‍ നാടക പ്രവര്‍ത്തകന്‍ കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് നേടിയെടുത്ത രണ്ടായിരം റാങ്കിന്റെ മികവോടെ കളിമുറ്റം നാടക ക്യാമ്പ് ഇരുപത്തിമൂന്നാം വര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുന്നു.

രണ്ടായിരം ജനുവരി ഒന്നിന് പാവങ്ങാട് പുത്തൂര്‍ വട്ടം യുപി സ്‌കൂളില്‍ നാടകാചാര്യന്‍ കെ.ടി മുഹമ്മദാണ് കളിമുറ്റം നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കേരളത്തിനകത്തും പുറത്തുമായ് ഏകദേശം നാലായിരത്തിലധികം സ്‌കൂളില്‍ സജീവന്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് സ്‌കൂളുകളിലേക്കുള്ള കളിമുറ്റത്തിന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് മണിവരെ നീണ്ട് നില്‍ക്കുന്ന ക്യാമ്പിന്റെ ഒടുവില്‍ കുട്ടികള്‍ അഞ്ചോ ആറോ നാടകങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുമെന്നതാണ് കളിമുറ്റത്തിന്റെ പ്രത്യേകത.

കളിമുറ്റത്തിലൂടെ പരിശീലനം നേടിയ നിരവധി കുട്ടികള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നാടകത്തില്‍ മിടുക്കന്മാരും മിടുക്കികളുമായി വന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ കഥാഭാഗമോ, അല്ലെങ്കില്‍ കുട്ടികള്‍ തന്നെ തെരഞ്ഞെടുക്കുന്ന വിഷയമോ ആവും ക്യാമ്പിന്റെ ഒടുവില്‍ കുട്ടികള്‍ നാടകമായ് അവതരിപ്പിക്കുന്നത്.

കളി മുറ്റത്തിന്റെ ഒരു ക്യാമ്പില്‍ ഏറ്റവും ചുരുങ്ങിയത് അമ്പതില്‍പ്പരം കുട്ടികള്‍ ഉണ്ടാവും കുട്ടികളുടെ എണ്ണം നൂറുവരെ ആവാം. പാട്ടു പാടിയും രസകരമായ കളികള്‍ കളിച്ചും അവരെ നാടകത്തിലേയ്ക്ക് കൊണ്ടുവരുക എന്നതാണ് കളിമുറ്റം ക്യാമ്പില്‍ ചെയ്യുന്നത്. ഉജ്ജ്വലമായ മുഹൂര്‍ത്തങ്ങളിലൂടെ പുതിയൊരു ആവേശം കുട്ടികളില്‍ സൃഷ്ട്ടിച്ചെടുക്കുകയാണ് കളിമുറ്റത്തിന്റെ ലക്ഷ്യം. കളിമുറ്റം നാടക ക്യാമ്പ് പോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു നാടക ക്യാമ്പാണ് നാടകതെറാപ്പി. പതിനഞ്ച് വര്‍ഷത്തോളമായി നാടകതെറാപ്പി കേരളത്തിനകത്തും പുറത്തും അവതരിപ്പിക്കുന്നത്.

ഭിന്നശേഷി കുട്ടികള്‍ പഠിക്കുന്ന സ്പഷ്യല്‍ സ്‌കൂളിലാണ് നാടകതെറാപ്പി അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ പൂനെ, ദല്ലി, അമേരിക്കയിലെ വാഷിംങ്ങ്ടണിലെ ആര്‍ട്ട് കള്‍ച്ചര്‍ തിയേറ്ററിലും നാടകതെറാപ്പി കുട്ടികള്‍ക്കിടയില്‍ നടത്തിയിട്ടുണ്ട്. ബുദ്ധിമാന്ദ്യമുള്ള കുട്ടികളിലും, ഓട്ടിസം ബാധിച്ചവരിലും, മാനസിക വൈകല്യമുള്ളവരിലും (മുതിര്‍ന്നവര്‍ ഉള്‍പ്പടെ) വളരെയേറെ ഗുണ പ്രദമായി മാറിയ ഒന്നാണ് നാടകതെറാപ്പി. സാധാരണയായി സംസാരിക്കുന്ന സംഭാഷണങ്ങളിലൂടെ അവര്‍ക്കറിയാവുന്ന ചുറ്റുപാടുകളിലൂടെ പറഞ്ഞും കളിച്ചു രസിക്കുന്ന ഒരു തരം ചികിത്സാമാര്‍ഗ്ഗമാണ് നാടകതെറാപ്പി.

നാടക പരീക്ഷണത്തിന്റെ മറ്റൊരു നാടക ക്യാമ്പാണ് നാടകയോഗ, മാനസിക പിരിമുറക്കം, ദേഷ്യം, ടെന്‍ഷന്‍ എന്നിവ കുറക്കുന്നതിന് നാടകയോഗ ഒരു പരിധി വരെ ഗുണം ചെയ്യുന്നു. കോളേജുകളിലെ കുട്ടികള്‍ക്കിടെയില്‍ 'ക്യാമ്പസ് തിയേറ്റര്‍ ' എന്ന പേരില്‍ നാടക ക്യാമ്പുംനടത്തി വരുന്നുണ്ട്... നാടക ക്യാമ്പുകള്‍ക്ക് പുറമെ ' കുട്ട്യാട്ടന്‍' 'എന്ന ഒറ്റയാള്‍ നാടകവും രംഗത്ത് അവതരിപ്പിച്ചു വരുന്നു. മുപ്പത് വര്‍ഷത്തോളമായി നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സജീവന്‍ ഇതിനകം തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്തിട്ടുണ്ട്.

ഏഷ്യാ ബുക്‌സ് ഓഫ് റിക്കാര്‍ഡ്, വേള്‍ഡ് ഡ്രാമാബുക്‌സ് ഓഫ് റിക്കാര്‍ഡ്, ഗിന്നസ്സ് അധികൃതരുടെ അഭിനന്ദനം, റോമിലെ സലേഷ്യന്‍ സര്‍വ്വകലാശാലയുടെ അംഗീകാരം, അമേരിക്കന്‍ തിയേറ്ററിന്റെ അംഗീകാരം, നൈജീരിയലെ അബാക്കാസര്‍ വ്വകലാശാലയുടെ അംഗീകാരം, ദല്ലി ജനസംസ്‌കൃതി പുരസ്‌കാരം, മഹാരാഷ്ട്ര പൂനെ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ സ്പഷ്യല്‍ ജൂറി പുരസ്‌കാരം, അരങ്ങ് നാടക ദേശീയ പുരസ്‌ക്കാരം എന്നിവയാണവ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര -കല്ലോട് സ്വദേശിയായ ഇദേഹം മുഴുവന്‍ സമയവും നാടക പ്രവര്‍ത്തകനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119162/sajeevn-perambra-s-kalimuttam-enters-the-twenty-third-year-with-a-rank-of-two-thousand-in-the-world)