---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു "
english_title: "Perambra Gram Panchayath organized world environment day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119808/perambra-gram-panchayath-organized-world-environment-day"
published_at: "2023-06-05T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9653c064f_1_vkp.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മിയാവാക്കി പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മിയാവാക്കി പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

മിയാവാക്കി എന്നത് മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പുരസ്‌കാരം നേടിയ യോകോഹാമ സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന ലോക പ്രശസ്ത ജപ്പാനിസ്റ്റ് സസ്യ ശാസ്ത്രജ്ഞന്‍ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഒരു വനവല്‍ക്കരണരീതിയാണ് മിയാവാക്കി വനം.

കേരളത്തിലെ കാവുകളുടെ ജപ്പാനീസ് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന മിയാവാക്കി വനങ്ങള്‍ നഗരങ്ങള്‍ വനവല്‍ക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപ നില കുറയ്ക്കുന്നതിനും സഹായകരമാണെന്ന് ചൂണ്ടി കാണിക്കുന്നു. പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരമാണത്. തൊണ്ണൂറ് വയസ്സ് പിന്നിട്ട മിയാവാക്കി ഇതിനായി 1700 ഇടങ്ങളിലായി നാല് കോടി സസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചെന്നാണ് കണക്ക്.

സ്വാഭാവിക വനങ്ങളോട് കിട പിടിക്കുന്ന കാടുകള്‍ വളരെ കുറഞ്ഞ കാലം കൊണ്ട് നഗര മേഖലയില്‍ സൃഷ്ടിക്കാന്‍ മിയാവാക്കി ശൈലി സഹായിക്കുന്നു. തനിയെ രൂപപ്പെടുന്ന കാടുകളെക്കാള്‍ വളരെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത. ശരാശരി 10 - 15 വര്‍ഷം കൊണ്ട് 150 വര്‍ഷം പ്രായമുള്ള സ്വാഭാവിക വനങ്ങള്‍ക്ക് തുല്ല്യമായ ഒരു കാട് രൂപപ്പെടുത്താന്‍ ഇതു വഴി സാധിക്കുന്നു. ചെടികള്‍ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. ഒരു ചതുരശ്ര മീറ്ററില്‍ 3 - 4 ചെടികളാണ് വേണ്ടത്.

വള്ളി ചെടികള്‍, കുറ്റി ചെടികള്‍, ചെറു മരങ്ങള്‍, വന്‍ മരങ്ങള്‍ എന്നിവ ഇട കലര്‍ത്തി നടുന്നത് വഴി വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാര്‍ത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോള്‍ ചെടികള്‍ സൂര്യ പ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തില്‍ കൂടുതല്‍ ഉയരത്തില്‍ വളരുവാന്‍ ചെടികള്‍ ശ്രമിക്കുന്നു. ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളും മറ്റും കണ്ടെത്തിയാണ് മിയാവാക്കി വനം സൃഷ്ടിക്കല്‍. തിരഞ്ഞെടുത്ത ചെടികള്‍ ചട്ടികളിലാക്കി പ്രത്യേക നടീല്‍ മിശ്രിതത്തില്‍ നിറക്കുന്നു. ചട്ടികളില്‍ നിശ്ചിത വളര്‍ച്ചയെത്തിയ ചെടികള്‍ അവ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ച് ദിവസം സൂക്ഷിക്കുന്നു.

അവിടത്തെ സൂഷ്മ കാലാവസ്ഥയുമായി പൊരുത്തപ്പെടുവാന്‍ വേണ്ടി. തുടര്‍ന്ന് ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് അതിനുള്ളില്‍ നടില്‍ മിശ്രിതം നിറച്ച് തൈകള്‍ നടുന്നു. ചാണകപ്പൊടി, ചകിരിപ്പിത്ത്, ഉമി എന്നിവ തുല്ല്യ അളവില്‍ കൂട്ടിചേര്‍ത്ത് നടില്‍ മിശ്രിതം ഒരുക്കുന്നു. കേരളത്തില്‍ വളരുന്ന തദ്ദേശ ഇനം സസ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍, വംശനാശത്തിലേക്ക് നീങ്ങുന്ന മരങ്ങള്‍ മുതലായവയും നടുന്നു. തൈകള്‍ നടുന്നതിനൊപ്പം ചുറ്റും ജൈവ പുതനല്‍കുന്നു.

 അത്തി, ഇത്തി, പേരാല്‍, മുള്ളുമുരുക്ക്, കാഞ്ഞിരം, ചേര്, താന്നി, മഞ്ചാടി, കുന്നിമണി,നെല്ലി, നീര്‍മാതളം, അരയാല്‍, പൂവരശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലംപാല, ഇലഞ്ഞി, ഇലവ്, പ്ലാശ് , ഔഷധങ്ങള്‍, പൂച്ചെടികള്‍ ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ.

കൂടാതെ നീര്‍മാതളം, ദന്തപ്പാല, പുളി, പലകപ്പയ്യാനി, വയ്യങ്കത, ഓരില, ഇടംപിരി വലംപിരി, കാപ്പി, അശോകം, കരിങ്ങോട്ട, ഞാവല്‍, പൂവരശ്, മന്ദാരം, സീതപ്പഴം, മഹാഗണി, വീട്ടി, വേങ്ങ, മകിഴം, നിലപ്പന, കിരിയാത്ത്, കൃഷ്ണക്രാന്തി, കയ്യോന്നി, കരിയിലാഞ്ചി, സര്‍പ്പഗന്ധി, കൂനംപ്പാല, മഞ്ചാടി, ആടലോടകം, ഗണപതി നാരകം, ഒടിച്ചുകുത്തി നാരകം. ചെടികള്‍ രണ്ട് വര്‍ഷത്തെ പരിചരണം കൊണ്ട് വേഗം കാടായി തീരുകയും ചെയ്യുന്നു.

എരവട്ടൂർ കനാൽ മുക്കിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം കെ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. വിനോദ് തിരുവോത്ത്, ടി. എം.ബാലകൃഷ്ണൻ, കെ.വി. വത്സൻ നായർ , വി.കെ. മൊയ്തി , ഇ.പി. കുഞ്ഞബ്ദുള്ള, രജില. കെ.എം, കെ.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. നഫീസ സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.കെ. ശശിധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119808/perambra-gram-panchayath-organized-world-environment-day)