---
title: "വാര്‍ത്താ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഞ്ചാംവര്‍ഷത്തിലേക്ക് "
english_title: "News WhatsApp group enters fifth year at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119900/news-whatsapp-group-enters-fifth-year-at-perambra"
published_at: "2023-06-05T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dc7fd82266_1_wapp.jpg"
keywords: []
---

# വാര്‍ത്താ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഞ്ചാംവര്‍ഷത്തിലേക്ക് 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന വാര്‍ത്താ ഗ്രൂപ്പ് അഞ്ചാംവര്‍ഷത്തിലേക്ക് കടന്നു. 2019 ജൂണ്‍ 3 നാണ് വാര്‍ത്ത എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പിന്നീടത് 8 വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഒരു ടെലഗ്രാം ഗ്രൂപ്പുമായി വളര്‍ന്നു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന വാര്‍ത്താ ഗ്രൂപ്പ് അഞ്ചാംവര്‍ഷത്തിലേക്ക് കടന്നു. 2019 ജൂണ്‍ 3 നാണ് വാര്‍ത്ത എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പിന്നീടത് 8 വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഒരു ടെലഗ്രാം ഗ്രൂപ്പുമായി വളര്‍ന്നു.

കാഴ്ചാ പരിമിതര്‍, മറ്റ് ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പത്ര വാര്‍ത്തകള്‍ വായിച്ചു കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. മാതൃഭൂമി, മലയാള മനോരമ, ദി ഹിന്ദു എന്നീ പത്രങ്ങളിലെ വാര്‍ത്തകളാണ് ദിവസവും വായിച്ച് പോസ്റ്റ് ചെയ്യുന്നത്. ഓരോ വാര്‍ത്തയും 10 മിനുട്ടു വീതമുണ്ടാകും. കൂടാതെ ദിവസവും ഒരു പുസ്തകവും പരിചയപ്പെടുത്തും. ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ: സി രവിന്ദ്രനാഥ് ആശംസാ സന്ദേശമയച്ചു.

എല്ലാദിവസവും രാവിലെ 9 മണിക്കു മുന്‍പായി എല്ലാ വിഭവങ്ങളും പോസ്റ്റ് ചെയ്യും. പത്രമില്ലാത്ത അവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പത്രത്തില്‍ നിന്നാണ് വാര്‍ത്തകള്‍ വായിക്കുന്നത്. ജി രവിയുടെ നേതൃത്വത്തില്‍ റിട്ട: എഇഒ സി.കെ വിനോദന്‍, ഡയറ്റ് ലക്ചറര്‍ ദിവ്യ ദാമോദരന്‍, അധ്യാപകരായ കെ.സി ടോമി, ദിവ്യ രാജീവ്, സുരേന്ദ്രന്‍ പുത്തഞ്ചേരി, മിനി വില്യംസ് എന്നിവരാണ് വാര്‍ത്താ ഗ്രൂപ്പിനെ നയിക്കുന്നത്. കാഴ്ചാ പരിമിതര്‍ ഉള്‍പ്പടെ 60000 ല്‍ അധികം ആളുകള്‍ ദിവസേനെ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്.

ശാരീരിക പരിമിതികള്‍ അനുഭവിക്കുന്നവരും, വയോജനങ്ങളും അടക്കം നിരവധിപ്പേരാണ് വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ ഗ്രൂപ്പിനെ ആശ്രയിക്കുന്നത്. തൃശൂര്‍ കേന്ദ്രമായി ജനറല്‍ കണ്‍വീനര്‍ ഡോ. സി. ബെന്നി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷരായനത്തിന്റെ 34 ഗ്രൂപ്പുകളിലും, രതീഷ് സംഗമത്തിന്റെ നേതൃത്വത്തിലുള്ള അധ്യാപകക്കൂട്ടത്തിന്റെ 80 ഗ്രൂപ്പുകളിലും, ഭാഷാശ്രീയുടെ 2 ഗ്രൂപ്പുകളിലും വാര്‍ത്തയിലെ വിഭവങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നു. കൂടാതെ വിവിധ സംഘടനകള്‍, പ്രവാസി കൂട്ടായ്മകള്‍, വിദ്യാലയ ഗ്രൂപ്പുകള്‍, പ്രാദേശിക കൂട്ടുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം വാര്‍ത്തകള്‍ എത്തിച്ചേരുന്നു. നേരിട്ട് കേള്‍ക്കുന്നവരുടെ എണ്ണമാണ് മുകളില്‍ സൂചിപ്പിച്ചത്.

വ്യക്തികള്‍ ഷെയര്‍ ചെയ്തും, വിദ്യാലയങ്ങളില്‍ പ്രക്ഷേപണം ചെയ്തും നിരവധി ആളുകളിലേക്ക് വാര്‍ത്ത എത്തുന്നുണ്ട്. മുന്നൂറിലധികം ഗ്രൂപ്പുകളിലേക്ക് വാര്‍ത്ത ഷെയര്‍ ചെയ്ത് എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കോവിഡ് കാലത്തും, തുടര്‍ന്നും ശ്രോതാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. ഇത് വലിയൊരംഗീകാരമായാണ് വാര്‍ത്താ ഗ്രൂപ്പ് കണക്കാക്കുന്നത്.

വാട്‌സാപ്പില്‍ എട്ടു ഗ്രൂപ്പുകളിലായാണ് ഇപ്പോള്‍ പ്രക്ഷേപണം. പ്രവാസികള്‍ക്കായി മൂന്നു ഗ്രൂപ്പുകള്‍ വാര്‍ത്തയുടേതായി പ്രവര്‍ത്തിക്കുന്നു. ഒരു ടെലഗ്രാം ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നു. ഈ ഗ്രൂപ്പുകളില്‍ മറ്റ് വിവിധ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗങ്ങളാണ്. അവര്‍ തങ്ങളുടെ ഗ്രൂപ്പുകളിലേക്ക് വാര്‍ത്തകള്‍ ഷെയര്‍ ചെയ്യും.

അനവധി ആളുകള്‍ വാര്‍ത്ത കേള്‍ക്കുന്നുണ്ടെങ്കിലും കാഴ്ചാ പരിമിതര്‍ക്കും, കിടപ്പിലായവര്‍ക്കും, വയോജനങ്ങള്‍ക്കും വാര്‍ത്തയെത്തിക്കുക എന്നതാണ് തുടക്കത്തിലും ഇപ്പോഴും ഉള്ള ലക്ഷ്യം.

ഒരു ദിവസം പോലും മുടക്കമില്ലാതെ വാര്‍ത്താ ഗ്രൂപ്പ് 2023 ജൂണ്‍ 2 ന് നാലുവര്‍ഷം പൂര്‍ത്തിയായി. ജൂണ്‍ 3 വാര്‍ത്തയുടെ അഞ്ചാം ജന്‍മദിനമായിരുന്നു. കൂടുതല്‍ പുതുമകളോടെ കൂടുതല്‍ വായനക്കാരിലേക്കെത്താനുള്ള ശ്രമത്തിലാണ് വാര്‍ത്തയുടെ അണിയറ പ്രവര്‍ത്തകര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119900/news-whatsapp-group-enters-fifth-year-at-perambra)