---
title: "പേരാമ്പ്രയില്‍ തെരുവില്‍ അലഞ്ഞ ദേവരാജിന്റെ വിജയകഥ, ഒപ്പം മനുഷ്യ നന്മയുടേയും"
english_title: "The success story of Devaraj, who wandered the streets of Perampra, and of human goodness"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120772/the-success-story-of-devaraj-who-wandered-the-streets-of-perampra-and-of-human-goodness"
published_at: "2023-06-08T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481ebe1e7658_sing.jpg"
keywords: []
---

# പേരാമ്പ്രയില്‍ തെരുവില്‍ അലഞ്ഞ ദേവരാജിന്റെ വിജയകഥ, ഒപ്പം മനുഷ്യ നന്മയുടേയും

> **Lead Summary:** ** പേരാമ്പ്ര:** ഒരാളുടെ ജീവിതം മാറിമറയാന്‍ ഒരു നിമിഷം മതി. ചിലപ്പോള്‍ അത് മറ്റൊരാളുടെ ഇടപെടല്‍ ആകാം. ഇതാ പേരാമ്പ്രയില്‍ നിന്നും അത്തരത്തില്‍ ഒരു സംഭവകഥ.

## Article Content

** പേരാമ്പ്ര:** ഒരാളുടെ ജീവിതം മാറിമറയാന്‍ ഒരു നിമിഷം മതി. ചിലപ്പോള്‍ അത് മറ്റൊരാളുടെ ഇടപെടല്‍ ആകാം. ഇതാ പേരാമ്പ്രയില്‍ നിന്നും അത്തരത്തില്‍ ഒരു സംഭവകഥ.

ഒരു മാധ്യമപ്രവര്‍ത്തകനിലൂടെ തെരുവില്‍ കഴിയേണ്ട ബാല്യങ്ങള്‍ ഉന്നതിയിലേക്ക് കുതിക്കുന്ന റിയല്‍ലൈഫ്. തമിഴ്‌നാട്ടില്‍ ജനിച്ച ദേവരാജും നാല് സഹോദരങ്ങളുമാണ് പേരാമ്പ്രയിലെ മാധ്യമം റിപ്പോര്‍ട്ടര്‍ വി.വി ജിനീഷിന്റെ ഇടപെടലിലൂടെ ഇന്ന് ജീവിതത്തില്‍ മുന്നേറുന്നത്.

***കഥ ഇങ്ങനെ.............***

തമിഴ്‌നാട് തഞ്ചാവൂരിലെ തിരുപ്പതി ഭാര്യ സീനത്ത് ആത്മഹത്യ ചെയ്തതിനു ശേഷം മക്കളായ ദേവരാജ്, രാജ്, ദുര്‍ഗ, സുമിത്ര കൂട്ടി കേരളത്തിലേക്ക് വരുകയായിരുന്നു.

ദേവരാജ് അന്ന് നാലാംക്ലാസിലും രാജ് രണ്ടാംക്ലാസിലും, ദുര്‍ഗക്ക് പ്രായം രണ്ട് വയസ്സ്, സുമിത്രക്ക് ഒമ്പതു മാസം പ്രായവും. കുട്ടികളെ ടൗണില്‍ ഉപേക്ഷിച്ച് തിരുപ്പതി രാവിലെ ആക്രിസാധനങ്ങള്‍ പെറുക്കാന്‍ പോകും. മൂത്തവനായ ദേവരാജാണ് മറ്റ് മൂന്ന് പേരേയും നോക്കിയിരുന്നത്.

പേരാമ്പ്രയില്‍ എത്തിയ ഇവര്‍ക്ക് പീടികവരാന്തകളായിരുന്നു അഭയം. അച്ഛന്‍ കുട്ടികളെ തെരുവില്‍ തള്ളി അലഞ്ഞുതിരിഞ്ഞു. ഒമ്പതു മാസം മാത്രമുളള സഹോദരിയെ എടുത്തും മറ്റുള്ളവരെ നടത്തിച്ചുമായിരുന്നു അന്നത്തെ പത്തു വയസ്സുകാരന്‍ ദേവരാജ് ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ പോയിരുന്നത്.

രാത്രി പീടികത്തിണ്ണയില്‍ അന്തിയുറങ്ങും. പഴയ ഇ.എം.എസ് ആശുപത്രിയുടെ കെട്ടിടത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ചോയ്‌സ് ഹോട്ടല്‍ ഉടമ ഷൈമ ഈ മക്കള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നു.

താജ് പോളിക്ലിനിക്ക് ഉടമ പുത്തന്‍പുരയില്‍ അബ്ദുറഹ്മാനും ഈ കുഞ്ഞുങ്ങള്‍ക്ക് സഹായം നല്‍കി. എന്നാല്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ തെരുവില്‍ കിടത്തുന്നത് സുരക്ഷിതമല്ലെന്ന തിരിച്ചറിവിലാണ് അബ്ദുറഹ്മാന്‍ പേരാമ്പ്രയിലെ മാധ്യമം ബ്യൂറോയില്‍ വിളിച്ച് കുട്ടികളുടെ കാര്യം പറയുന്നത്.

ഇവിടെ കഥ അടുത്ത ദിവസത്തെ മാധ്യമം പത്രത്തില്‍ വന്നു. ആ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ദാറുന്നു ജൂം ഓര്‍ഫനേജ് ഇവരെ ഏറ്റെടുത്ത് ദേവരാജിനേയും രാജിനേയും പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തു. കുട്ടികളെ ഏറ്റെടുത്തതോടെ ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

അവരുടെ പരാതിയുടെ ഭാഗമായി കുട്ടികളെ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാമ്പ്രയില്‍ നിന്ന് പോകാന്‍ താല്‍പര്യമില്ലെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അത് അംഗീകരിച്ച് കുട്ടികളെ ദാറുന്നുജൂമിലേക്ക് തന്നെ അയച്ചു.

എന്നാല്‍ മദ്യപിച്ചെത്തിയ പിതാവ് ഓര്‍ഫനേജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതോടെ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും ആറു മാസത്തിനു ശേഷം കുട്ടികളെ അവിടെ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു.

ഒരു വര്‍ഷത്തോളമുള്ള കോഴിക്കോട്ടെ ചൈല്‍ഡ് ഹോമിലെ സഹവാസത്തിനു ശേഷം നാലു പേരേയും തൃശ്ശൂര്‍ എസ്. ഒ.എസ് ചില്‍ഡ്രന്‍സ് വില്ലേജിലേക്ക് മാറ്റി.

അവിടുന്ന് പഠിച്ച് പ്ലസ്ടുവിന് 82 ശതമാനം മാര്‍ക്ക് വാങ്ങി ബംഗളൂരു എന്‍ജിനീയറിങ് കോളജില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയായ ദേവരാജ് തങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദാറുന്നുജും ഓര്‍ഫനേജും പ്രിയപ്പെട്ടവരേയും കാണാനായി പേരാമ്പ്രയില്‍ എത്തിയപ്പോഴാണ് പലരും അപൂവ്വ ജീവിതകഥ അറിഞ്ഞത്.

ഒപ്പം അവനേയും പറക്കമുറ്റാത്ത സഹോദരങ്ങളേയും പേരാമ്പ്ര തെരുവില്‍ സംരക്ഷിച്ച അബ്ദുഹറിമാനെയും ഷൈമയേയും അന്വേഷിച്ച് കണ്ടെത്തി. രാജ് ഈ വര്‍ഷം പത്താം തരത്തിലും ദുര്‍ഗ എട്ടിലും സുമിത്ര ഏഴിലും പഠിക്കുന്നു.

എഞ്ചിനിയറിംഗ് പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കണമെന്നാണ് ദേവരാജിന്റെ ആഗ്രഹം. സ്വന്തമായി ഭൂമി വേണം, വീട് വേണം. സഹോദരങ്ങള്‍ക്ക് താങ്ങാവണം.

ജാതിയൊ മതമോ നോക്കാതെ തന്നേയും സഹോദരങ്ങളേയും തെരുവില്‍ നിന്ന് വീണ്ടെടുത്ത പേരാമ്പ്രയില്‍ തന്നെ ജീവിക്കണമെന്നാണ് ദേവരാജിന്റെ ആഗ്രഹം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120772/the-success-story-of-devaraj-who-wandered-the-streets-of-perampra-and-of-human-goodness)