---
title: "പേരാമ്പ്രയിലെ തീപിടുത്തം; കോടികളുടെ നഷ്ടം "
english_title: "Perambra fire; Loss of crores"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122394/perambra-fire-loss-of-crores"
published_at: "2023-06-14T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489ddcd354e8_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്രയിലെ തീപിടുത്തം; കോടികളുടെ നഷ്ടം 

> **Lead Summary:** **പേരാമ്പ്ര :** ബാദുഷ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. ബാദുഷ മെറ്റല്‍സ് പൂര്‍ണമായും ട്രേഡേഴ്‌സ് ഭാഗികമായും കത്തി നശിച്ചു.

## Article Content

**പേരാമ്പ്ര :** ബാദുഷ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. ബാദുഷ മെറ്റല്‍സ് പൂര്‍ണമായും ട്രേഡേഴ്‌സ് ഭാഗികമായും കത്തി നശിച്ചു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കടയ്ക്കു പിറകില്‍ മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്ത് നിര്‍മിച്ച എംസിഎഫിലും പുറത്തുമായി കൂട്ടിയിട്ട മാലിന്യത്തില്‍ നിന്നും തീപടര്‍ന്നു കടകളിലേക്ക് എത്തിയതാണെന്നു പറയുന്നു.

രാത്രി മാലിന്യത്തില്‍ നിന്നും തീ കത്തുന്നത് കണ്ട വ്യക്തി സംഭവം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. പതിനൊന്നു മണിയോടെ ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും തീ ആളിക്കത്തി കടകളിലേക്ക് പടരാന്‍ തുടങ്ങിയിരുന്നു.

സംഭവം നിയന്ത്രിക്കാന്‍ പറ്റാതായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അഗ്‌നിശമന സേനയെ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

പേരാമ്പ്ര ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ തീവ്ര ശ്രമം നടത്തുന്നതിനിടയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ യൂണിറ്റുകള്‍ പടര്‍ന്നു പിടിച്ച തീയെ നിയന്ത്രണത്തിലാക്കി 3 മണിയോടെ പൂര്‍ണമായി അണയ്ക്കുകയും ചെയ്തു.

കടയ്ക്ക് ഉള്ളിലുള്ള സാധന സാമഗ്രികള്‍ പൂര്‍ണമായി ഉപയോഗത്തിനു പറ്റാത്ത അവസ്ഥയിലാണ്. അടുത്തുള്ള കടകളില്‍ ഉള്ള സാധനങ്ങള്‍ക്കും കേടു പറ്റിയിട്ടുണ്ട്.

പേരാമ്പ്ര ഡിവൈഎസ്പി പി.കുഞ്ഞിമോയിന്‍ കുട്ടി, പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122394/perambra-fire-loss-of-crores)