---
title: "രക്തദാന ദിനത്തില്‍ രക്തദാന ക്യാമ്പ് നടത്തി സൈനികര്‍ "
english_title: "Soldiers conducted a blood donation camp on Blood Donation Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122421/soldiers-conducted-a-blood-donation-camp-on-blood-donation-day"
published_at: "2023-06-14T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489f6a27ba01_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# രക്തദാന ദിനത്തില്‍ രക്തദാന ക്യാമ്പ് നടത്തി സൈനികര്‍ 

> **Lead Summary:** **കോഴിക്കോട്: **'രക്തദാനം ജീവദാനം' എന്ന മഹത്തായ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ലോക രക്തദാത ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറും ചിറക് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മെഗാ രക്തദാന ക്യാമ്പ് നടത്തി.

## Article Content

**കോഴിക്കോട്: **'രക്തദാനം ജീവദാനം' എന്ന മഹത്തായ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ലോക രക്തദാത ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറും ചിറക് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മെഗാ രക്തദാന ക്യാമ്പ് നടത്തി.

ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ കോഴിക്കോടിന്റെ സഹകരണത്തോടെ ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് കോളജില്‍ നടന്ന ക്യാമ്പില്‍ 75 ഓളം പേര്‍ സന്നദ്ധ രക്തദാനം നടത്തി.

ജില്ലയില്‍ കാലിക്കറ്റ് ഡിഫന്‍സ് നടത്തുന്ന നാലാമത്തെ രക്തദാനക്യാമ്പാണിത്. കഴിഞ്ഞവര്‍ഷം ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍, കോഴിക്കോട് ആര്‍ട്‌സ് കോളേജ്, ലോക വനിതാദിനത്തില്‍ കാലിക്കറ്റ് ഡിഫന്‍സിന്റെ വനിതാ വിങ് ആയ ക്വീന്‍സ് ഓഫ് കാലിക്കറ്റ് ഡിഫന്‍സ് പേരാമ്പ്ര സികെജിഎം കോളേജില്‍ വച്ചും രക്തദാന ക്യാമ്പ് നടത്തുകയുണ്ടായി.

ലീവിന് നാട്ടിലെത്തുന്ന സൈനികരാണ് കൂടുതലായും രക്തദാനത്തില്‍ പങ്കാളികളാവുന്നത്. ഈ വര്‍ഷം മാത്രം 858ഓളം യൂണിറ്റ് രക്തദാനം ചെയ്യാന്‍ ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കാലിക്കറ്റ് ഡിഫന്‍സ് പ്രസിഡന്റ് ടി.കെ അനില്‍ അധ്യക്ഷനായിരുന്നു. 122 ഇന്‍ഫന്ററി ബറ്റാലിയന്‍ (TA) മദ്രാസ് കമാന്‍ണ്ടിങ് ഓഫീസര്‍ കേണല്‍ നവീന്‍ ബന്‍ജിത്ത് ഔപചാരിക ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമ ഹാസ്യ താരം നിര്‍മല്‍ പാലാഴി മുഖ്യാതിഥി ആയിരുന്നു. കോഴിക്കോട് ചര്‍മരോഗ ആശുപത്രിയിലെ ഡോ. ബിജു രക്ത ദാനത്തത്തെപറ്റിയും പ്രഥമ ശുശ്രൂഷയെ പറ്റിയും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

കാലിക്കറ്റ് ഡിഫന്‍സിലെ പ്രമോദ് ചീക്കിലോട് സ്വാഗതവും ചിറക് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സമീര്‍ അലി നന്ദിയും പറഞ്ഞു. 2018 പ്രളയ കാലത്ത് രൂപം കൊണ്ട സംഘടന ജില്ലയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അശരണരായവര്‍ക്ക് തണലായി മാറുകയാണ്.

നാളിതുവരെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്കും, കനിവ് സ്‌നേഹതീരം കാപ്പാട്, കരുണ തണല്‍ കടിയങ്ങാട്, അത്താണി നരിക്കുനി, സാന്‍ഞ്ചോ പ്രതീക്ഷ ഭവന്‍ അഗസ്ത്യമുഴി, ഹോം ഓഫ് ലവ് കോട്ടൂളി തുടങ്ങി നിരവധി അഗതി മന്ദിരങ്ങളില്‍ സഹായമെത്തിക്കാനും ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122421/soldiers-conducted-a-blood-donation-camp-on-blood-donation-day)