Nov 22, 2021 11:33 PM

പേരാമ്പ്ര: കോളേജ് തുറന്നതോടെ പേരാമ്പ്രയില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിക്കുന്നത് നിത്യസംഭവമാകുന്നു.

പലപ്പോഴും ബസ്സില്‍ കയറുമ്പോള്‍ ഫോണ്‍ ബാഗില്‍ ഇടാറുണ്ടെങ്കിലും ബസ്സ് കയറിക്കഴിഞ്ഞ് നോക്കിയാല്‍ ഫോണ്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ ഇന്ന് രണ്ട് പരാതികളാണ് എത്തിയത്.

ബസ്സില്‍ കയറാനുള്ള തിരക്കിനിടയിലാണ് ഫോണ്‍ നഷ്ടപ്പെടുന്നത്. പഠനം ഓണ്‍ലൈനായതോടെ മിക്ക വിദ്യാര്‍ത്ഥികളുടെ കയ്യിലും സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ വില കൂടിയ ഫോണുകളാണ് ഉള്ളത്.

ഇങ്ങനെ ഫോണ്‍ അടിച്ചു മാറ്റുന്ന വലിയൊരു തട്ടിപ്പു സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. പെണ്‍കുട്ടികളുടെ ഫോണുകളാണ് പലപ്പോഴും നഷ്ടപ്പെടുന്നത്.

ഇത്തരം ഫോണുകള്‍ സോഷ്യല്‍ മീഡിയകളിലടക്കം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

ദിവസവും ഫോണുകൾ നഷ്ട്ടപ്പെടുന്നതായാണ് വിവരം. തിങ്കളാഴ്ച രണ്ട് കോളെജ് വിദ്യാർത്ഥിനികളുടെ സ്മാർട്ട് ഫോണുകൾ നഷ്ടപ്പെട്ടു . 

ഫോൺ മോഷ്ടാക്കൾ വിലസുമ്പോൾ ഇതിനെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഫല പ്രദമായ നടപടികൾ ഉണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്.

കോറോണക്ക് മുന്‍പ് ഇത്തരത്തിലുള്ള പരാതികള്‍ നിരവധി ഉണ്ടായിരുന്നു.

പൊലീസിന്റെ ഇടപെടല്‍ ശക്തമായതോടെ ഇതിന് കുറവു വരികയായിരുന്നു. വൈകുന്നേരങ്ങളില്‍ പൊലീസ് പട്രോളിങ്ങും സിസിടിവി ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു.

കൂടാതെ മഫ്തിയില്‍ ബസ്സിലും ബസ്സ് സ്റ്റാന്‍ഡിലും പൊലീസിന്റെ പരിശോധന നടത്തിയതോടെ പോക്കടിക്ക് അയവു വരികയായിരുന്നു. നീണ്ട കാലത്തെ ഇടവേളക്കു ശേഷം കോളേജ് ഉള്‍പ്പെടെ തുറന്നതോടു കൂടിയാണ് തട്ടിപ്പ് സംഘം വീണ്ടും സജീവമായത്.

പുതിയ ടെക്‌നോളജി ഉള്ളതു കൊണ്ട് ഇത്തരത്തില്‍ തട്ടിയെടുക്കുന്ന ഫോണുകള്‍ വില്‍ക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ പാര്‍ട്‌സുകളായി വില്ക്കുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത് എന്നാണ് സൂചന.

ബസ്സ് സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ പൊലീസിന്റെ പട്രോളിങ്ങ്് ശക്തമാക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

Mobile phone hijacking gang addresses students in Perambalur

Next TV

Top Stories