---
title: "പേരാമ്പ്രയിലെ ആഴ്ച ചന്ത; ബൈപ്പാസിൽ ഗതാഗതക്കുരുക്ക് "
english_title: "the weekly market at Perambra; Traffic jam on the bypass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124904/the-weekly-market-at-perambra-traffic-jam-on-the-bypass"
published_at: "2023-06-25T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497e425c245c_1_chantha2.jpg"
keywords: []
---

# പേരാമ്പ്രയിലെ ആഴ്ച ചന്ത; ബൈപ്പാസിൽ ഗതാഗതക്കുരുക്ക് 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയിലെ ഞായറാഴ്ച നടക്കുന്ന ആഴ്ച ചന്ത ബൈപ്പാസിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഒരു കാലത്ത് വളരെ പ്രതാപത്തോടെ നടന്നുവന്നിരുന്നതായിരുന്ന പേരാമ്പ്രയിലെ ആഴ്ച ചന്ത. ഞായറാഴ്ചയാണ് പേരാമ്പ്രയിൽ ആഴ്ച ചന്ത നടന്നുവന്നിരുന്നത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയിലെ ഞായറാഴ്ച നടക്കുന്ന ആഴ്ച ചന്ത ബൈപ്പാസിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഒരു കാലത്ത് വളരെ പ്രതാപത്തോടെ നടന്നുവന്നിരുന്നതായിരുന്ന പേരാമ്പ്രയിലെ ആഴ്ച ചന്ത. ഞായറാഴ്ചയാണ് പേരാമ്പ്രയിൽ ആഴ്ച ചന്ത നടന്നുവന്നിരുന്നത്.

മലയോര മേഖലയുടെ സിരാ കേന്ദ്രമായ പേരാമ്പ്ര പട്ടണത്തിലേക്ക് ഞായറാഴ്ച കാലത്ത് മുതൽ മലയോര മേഖലകളിൽ നിന്നുള്ളവരും നാടിന്റെ നാനാഭാഗത്ത് നിന്നുള്ളവരും എത്തിച്ചേരും. പേരാമ്പ്ര എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ, മറ്റ് കൂലിപ്പണിക്ക് പോകുന്നവർ, ജീവനക്കാർ, കർഷകർ, പരമ്പരാഗത കുലതൊഴിലുകളിൽ ഏർപ്പെട്ടവർ എന്നിവരെല്ലാം അവധി ദിവസമായ ഞായറാഴ്ച തങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും തങ്ങളുടെ കൈവശമുള്ള ഉല്പന്നങ്ങൾ വിൽക്കുന്നതിനും ആഴ്ച ചന്തയിലേക്ക് ഒഴുകുമായിരുന്നു.

മറ്റെല്ലാ പട്ടണങ്ങളും ഞായറാഴ്ച അടഞ്ഞു കിടക്കുമ്പോൾ പേരാമ്പ്ര പട്ടണം ഞായറാഴ്ച ജനനിബിഢമായിരുന്നു. ചന്തയുടെ പിറ്റേ ദിവസമായ തിങ്കളാഴ്ചയാണ് പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് അവധി. പശു, മൂരി (കാള ), ആട്, എരുമ, പോത്ത്, കോഴി എന്നിവയെ വിൽക്കാനും വാങ്ങാനും മാറ്റിയെടുക്കാനുമായിരുന്നു ചന്തയിൽ പ്രധാനമായും ആളുകൾ എത്തിയിരുന്നത്.

പായ, മുറം, കൊട്ട, പണിയായുധങ്ങൾ, കാർഷിക ഉല്പന്നങ്ങൾ എന്നിവയും ചന്തയുടെ പ്രധാന ഭാഗമായിരുന്നു. തങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഉല്പന്നങ്ങളും കന്നുകാലികളും വില പേശി വാങ്ങാനും വിൽക്കാനും ചന്തയിൽ അവസരമുണ്ടായിരുന്നു.

കാലപ്രവാഹത്തിൽ നാട്ടിൻപുറങ്ങൾ നഗരങ്ങളായി മാറിയതോടെ എന്തും ഏതും തങ്ങളുടെ ഗ്രാമത്തിൽ ലഭിക്കുമെന്ന അവസ്ഥ ആഴ്ച ചന്തയുടെ പ്രഭാവം കുറച്ചു. ഷോപ്പിംഗ് മാളുകളും ഓൺലൈൻ വ്യാപാരവും ശക്തിപ്രാവിച്ചതോടെ ആഴ്ച ചന്ത പേരിന് മാത്രമായി. എന്നാലും കന്നുകാലി ചന്ത തുടർന്നു പോന്നു , പഴയ കാല പ്രൗഢിയില്ലെങ്കിലും . പേരാമ്പ്ര പൈതോത്ത് റോഡ് കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും കന്നുകാലി ചന്ത നടന്ന് പോന്നത്.

ചന്ത ക്ഷയിച്ചതോടെ ചന്ത പറമ്പുകൾ കെട്ടിടങ്ങൾക്ക് വഴി മാറി. പിന്നീട് അടുത്ത കാലത്തായി ഇറച്ചി വ്യാപാരം വർദ്ധിച്ചതോടെ കന്നുകാലി കച്ചവടവും അല്പമൊന്ന് പുരോഗമിച്ചു. സുരഭി ഓഡിറ്റോറിയത്തിന് സമീപമുളള പറമ്പിലാണ് പിന്നീട് ഞായറാഴ്ചകളിൽ കന്നുകാലി ചന്ത നടന്നു പോന്നത്. ഇതിനോട് ചേർന്ന് ബദൽ റോഡും രൂപപ്പെട്ടു. റോഡ് ഗതാഗതത്തിനായ് തുറന്ന് കൊടുക്കുകയും ചെയ്തു. ഇതോടെ വ്യാപാരത്തിന് കന്നുകാലികളെ എത്തിക്കുന്നതിനും വാങ്ങി പോവുന്നതിനും സൗകര്യമായി.

ഞായറാഴ്ച ചന്ത തിരിച്ചുവരവിന്റെ പാതയിലായി. അടുത്ത ദിവസം ബലി പെരുന്നാൾ ആയതിനാൽ ഇന്ന് ആഴ്ച ചന്തയിൽ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു. ഇഎംഎസ് ജംഗ്ഷൻ മുതൽ സുരഭി വരെ ബദൽ റോഡിന്റെ ഇരുവശവും വാഹനങ്ങളെയും ആളുകളെയും കൊണ്ട് നിറഞ്ഞു. പിന്നീട് റോഡ് മുഴുവൻ ആളുകളും വാഹനങ്ങളുമായത് ഗതാഗത സ്തംഭനത്തിന് ഇടയായി.

സമീപത്തെ ആശുപത്രിയിലേക്കുളള വഴി പോലും തടസ്സപ്പെട്ടു. പൊലീസ് പലതവണ എത്തി ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ആഴ്ച ചന്തക്ക് സൗകര്യപ്രദമായ സ്ഥലം ഗ്രാമപഞ്ചായത്തും മറ്റ് അധികൃതരും ചേർന്ന് ഒരുക്കണമെന്നാണ് വ്യാപാരികളും പൊതു ജനങ്ങളും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124904/the-weekly-market-at-perambra-traffic-jam-on-the-bypass)