---
title: "കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് താഴെ പാലം പണി പൂര്‍ത്തിയായി "
english_title: "The bridge under the Parakadavath constructed across the Kallur Cherupuzha has been completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125470/the-bridge-under-the-parakadavath-constructed-across-the-kallur-cherupuzha-has-been-completed"
published_at: "2023-06-27T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ac4d32d363_1_palam.JPG"
keywords: []
---

# കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് താഴെ പാലം പണി പൂര്‍ത്തിയായി 

> **Lead Summary:** **പേരാമ്പ്ര **: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ കല്ലൂര്‍, പുറവുര്‍, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് താഴെ പാലം പൂര്‍ത്തിയായി.

## Article Content

**പേരാമ്പ്ര **: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ കല്ലൂര്‍, പുറവുര്‍, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് താഴെ പാലം പൂര്‍ത്തിയായി.

പാലം ജൂലൈ 3 ന് വൈകീട്ട് 4 മണിക്ക് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.

8.07 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് റെക്കോര്‍ഡ് വേഗതയില്‍ പണി പൂര്‍ത്തീകരിച്ചത്.

കല്ലൂര്‍, മുതുവണ്ണാച്ച, പുറവൂര്‍ നിവാസികളുടെ സ്വപ്ന പദ്ധതിയായിരുന്നു പാറക്കടത്ത് താഴെ പാലം. പേരാമ്പ്രയില്‍ നിന്ന് മൂരികുത്തി കല്ലൂര്‍ വഴി മുതുവണ്ണാച്ച, പുറവൂര്‍, വേളം പ്രദേശങ്ങളിലും അതുവഴി പള്ളിയത്ത്, ആയഞ്ചേരി, തിക്കുനി, തിരുവളളൂര്‍ എന്നിവിടങ്ങളിലും എത്തിച്ചേരാന്‍ കഴിയുന്നതാണ് നിര്‍ദ്ദിഷ്ട പാലം. പാലം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കല്ലൂര്‍ മുതുവണ്ണാച്ച നിവാസികള്‍.

ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കല്ലൂര്‍ പുളിക്കൂല്‍ മദ്രസയില്‍ വെച്ച് നടന്ന യോഗത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരിയുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി കുഞ്ഞിക്കണ്ണന്‍ സംഘാടക സമിതി രൂപരേഖാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യോഗത്തില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.പി കുഞ്ഞമ്മദ് , ആനേരി നസീര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു അനിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനും ഗ്രാമോത്സവമാക്കി മാറ്റുന്നതിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി ചെയര്‍മാനായി സംഘാടക സമിതിക്ക് രൂപം നല്‍കി.

വാര്‍ഡ് അംഗം കെഎം ഇസ്മായില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വാര്‍ഡ് അംഗം സുമതി വാഴയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125470/the-bridge-under-the-parakadavath-constructed-across-the-kallur-cherupuzha-has-been-completed)